ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ ബോറിസ് ജോൺസൺ തൻെറ മന്ത്രിസഭയിൽ നിന്നും പാർട്ടിയിലെ എംപിമാരിൽ നിന്നും കടുത്ത എതിർപ്പാണ് നേരിടുന്നത് . ലോക്ക്ഡൗൺ നിയന്ത്രണങ്ങളോടുള്ള വിയോജിപ്പ് മൂലം ലോർഡ് ഫ്രോസ്റ്റ് ബ്രെക്‌സിറ്റ് മന്ത്രി സ്‌ഥാനം രാജിവച്ചതാണ് ഏറ്റവും പുതിയ സംഭവ വികാസം. യൂറോപ്യൻ യൂണിയൻ പിൻവലിക്കൽ കരാറിനും വടക്കൻ അയർലൻഡ് യുകെ ചർച്ചകൾക്കും അദ്ദേഹം നേതൃത്വം നൽകിയിരുന്നു. ബ്രെക്‌സിറ്റ് ഇപ്പോൾ സുരക്ഷിതമാണെന്നും എന്നാൽ ഭാവിയെ കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ലോർഡ് ഫ്രോസ്റ്റ് പറയുന്നു. വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്ത മെയിൽ ഓൺ സൺഡേ കോവിഡ് നിയന്ത്രണങ്ങളോടുള്ള വിയോജിപ്പുമൂലമാണ് അദ്ദേഹം രാജി നൽകിയത് എന്നാണ് റിപ്പോർട്ട് ചെയ്‌തത്‌. തൻറെ രാജി ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നും ലോർഡ് ഫ്രോസ്റ്റിൻെറ കത്തിൽ പറയുന്നു. രാജ്യത്തെ ജനതയ്ക്ക് ഉടൻതന്നെ പഴയ ജീവിത ശൈലിയിലേയ്ക്ക് മടങ്ങാൻ കഴിയട്ടെ എന്നും മറ്റ് രാജ്യങ്ങളിൽ കാണുന്ന രീതിയിലുള്ള നിർബന്ധിത നടപടികൾ യുകെയിൽ നടപ്പാക്കുന്നില്ല എന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിനും രാജ്യത്തിനും വേണ്ടിയുള്ള ലോർഡ് ഫ്രോസ്റ്റിൻെറ ചരിത്രപരമായ സേവനത്തിൽ താൻ വളരെയധികം അഭിമാനിക്കുന്നു എന്ന് ബോറിസ് ജോൺസൺ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ടു നൂറ്റാണ്ടോളം പാർട്ടി കൈവശം വെച്ച നോർത്ത് ഷ്രോപ്‌ഷെയർ കൈവിട്ടതിന് പിന്നാലെ ലോർഡ് ഫ്രോസ്റ്റിൻെറ രാജി പ്രധാനമന്ത്രിയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത് . ഇംഗ്ലണ്ടിൽ പ്ലാൻ ബി നിയന്ത്രണങ്ങളുടെ വരവോടുകൂടി സ്വന്തം പാർട്ടിയിലെ എംപിമാർ പോലും ഗവൺമെന്റിനെതിരെ വോട്ട് ചെയ്തിരുന്നു. ആകെ 99 കൺസർവേറ്റീവുകളാണ് സർക്കാരിനെതിരെ വോട്ട് ചെയ്തത്. ബ്രെക്‌സിറ്റിനു ശേഷമുള്ള ക്രമീകരണങ്ങൾ സംബന്ധിച്ച് ലോർഡ് ഫ്രോസ്റ്റിൻെറ നേതൃത്വത്തിൽ ആണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി ചർച്ചകൾ നടത്തിയിരുന്നത്. 2019-ൽ യുകെയും യൂറോപ്യൻ യൂണിയനും അംഗീകരിച്ച നോർത്ത് അയർലൻഡ് പ്രോട്ടോകോളിൻെറഘടകങ്ങൾ ഇതിൽ ഉൾപ്പെടുന്നു, ഇത് പരിശോധനകൾ ഇല്ലാതെ നോർത്ത് അയർലൻഡിനും റിപ്പബ്ലിക് ഓഫ് അയർലൻഡിനും ഇടയിൽ അതിർത്തി കടക്കാൻ ചരക്കുനീക്കത്തെ അനുവദിച്ചിരുന്നു.