ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: പീറ്റർ മാൻഡൽസൺ (72) പദവി ദുരുപയോഗം ചെയ്തെന്ന സംശയത്തിൽ ദുഷ്പ്രവർത്തന സംശയത്തിൽ അറസ്റ്റിലായതിന് മണിക്കൂറുകൾക്കകം ജാമ്യത്തിൽ വിട്ടയച്ചതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. തിങ്കളാഴ്ച കാംഡനിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്ത് വാൻഡ്സ്വർത്ത് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തശേഷമാണ് ജാമ്യം അനുവദിച്ചത്. സർക്കാർ മന്ത്രിയായിരുന്ന കാലത്ത് വിപണിയെ ബാധിക്കുന്ന അത്യന്തം രഹസ്യ വിവരങ്ങൾ മരിച്ച കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന് കൈമാറിയെന്നാരോപിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വിൽറ്റ്ഷയർ, കാംഡൻ എന്നിവിടങ്ങളിൽ പരിശോധന നടത്തിയതായി പോലീസ് വ്യക്തമാക്കി.

അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട ഇലക്ട്രോണിക് സന്ദേശ രേഖകളിൽ, മുൻ പ്രധാനമന്ത്രി ഗോർഡൻ ബ്രൗണിന്റെ ഉപദേഷ്ടാവിന്റെ നയപരമായ വിലയിരുത്തലുകളും 2010ലെ യൂറോ സാമ്പത്തിക രക്ഷാപദ്ധതി പ്രഖ്യാപനത്തിനുമുമ്പുള്ള വിവരങ്ങളും എപ്സ്റ്റീനുമായി പങ്കുവെച്ചതായി സൂചനയുണ്ട്. ഫെബ്രുവരി 2025ൽ അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായി നിയമിതനായിരുന്ന മാൻഡൽസൺ, എപ്സ്റ്റീനുമായുള്ള അടുപ്പം സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തു വന്നതിനെ തുടർന്ന് സെപ്റ്റംബറിൽ പദവിയിൽ നിന്ന് നീക്കപ്പെട്ടിരുന്നു. അന്വേഷണം തുടരുന്നതിനാൽ രേഖകൾ പുറത്തു വിടുന്നതിൽ ജാഗ്രത വേണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിജിറ്റ് ഫിലിപ്സൺ പറഞ്ഞു. എന്നാൽ പ്രധാനമന്ത്രി കിയർ സ്റ്റാർമർ സുതാര്യതയ്ക്കുള്ള തന്റെ പ്രതിബദ്ധത ആവർത്തിച്ചു.

ഇതിനിടെ, കൺസർവേറ്റീവ് നേതാവ് കെമി ബാഡനോക്ക് മാൻഡൽസന്റെ അറസ്റ്റ് “സ്റ്റാർമറുടെ ഭരണകാലത്തെ നിർണായക നിമിഷം” എന്നാണ് വിശേഷിപ്പിച്ചത്. എപ്സ്റ്റീൻ കേസിൽ ആരോപണം ഉന്നയിച്ചിരുന്ന വർജീനിയ ഗിഫ്രെയുടെ കുടുംബം ബ്രിട്ടീഷ് അധികൃതരുടെ നടപടിയെ സ്വാഗതം ചെയ്തു. അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ്– പ്രോസിക്യൂഷൻ ചർച്ചകൾ തുടരുന്നതിനിടെ, സർക്കാർ രേഖകൾ ഘട്ടംഘട്ടമായി പുറത്തുവിടാനുള്ള നടപടികളും പരിഗണനയിലാണ്.











Leave a Reply