ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- 2014 ൽ തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചതായി പോലീസിനെ തെറ്റിദ്ധരിപ്പിച്ച കുറ്റത്തിൽ താൻ കുറ്റക്കാരിയാണെന്ന് അന്ന് ഏറ്റു പറഞ്ഞിരുന്നതായി വ്യക്തമാക്കിയിരിക്കുകയാണ് ട്രാൻസ്പോർട്ട് സെക്രട്ടറി ലൂയിസ് ഹെയ്‌ഗ്. 2013ൽ ഒരു രാത്രിയിൽ നടന്ന ഒരു മോഷണത്തിൽ തന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായാണ് ഹെയ്‌ഗ് പോലീസിനോട് ആദ്യം വ്യക്തമാക്കിയത്. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിൽ മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഇത് അബദ്ധവശാൽ സംഭവിച്ച ഒരു പിഴവാണെന്നും, എന്നാൽ പിന്നീട് നടന്ന പോലീസ് ചോദ്യം ചെയ്യലിൽ ഇത് സംബന്ധിച്ച് പരാമർശിക്കേണ്ട എന്ന് തന്റെ അഭിഭാഷകൻ തന്നെ ഉപദേശിച്ചതായും അവർ വ്യക്തമാക്കി. പോലീസ് പിന്നീട് ഈ കേസ് ക്രൗൺ പ്രോസിക്യൂഷൻ സർവീസിന് കൈമാറുകയായിരുന്നു. 2015 ലെ എംപി തിരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ, പോലീസിൽ തെറ്റായ റിപ്പോർട്ട് നൽകിയതായി താൻ കുറ്റസമ്മതം നടത്തിയതായും, തനിക്ക് ഇതിൽ ഡിസ്ചാർജ് ലഭിച്ചതായും ആണ് ഗതാഗത സെക്രട്ടറി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു കുറ്റകൃത്യത്തിൽ കുറ്റക്കാരനാണെങ്കിലും കാര്യമായ ശിക്ഷ നൽകേണ്ടതില്ലെന്ന് കോടതി തീരുമാനിക്കുന്ന ഒരാൾക്ക് നൽകുന്ന ഒരു തരം ശിക്ഷയാണ് ഡിസ്ചാർജ്. ലേബർ പാർട്ടി പ്രതിപക്ഷത്ത് ആയിരിക്കുമ്പോൾ തന്നെ ഷാഡോ ക്യാബിനറ്റിലെ തന്റെ നിയമന സമയത്ത്, ട്രാൻസ്‌പോർട് സെക്രട്ടറി തന്റെ ഡിസ്ചാർജ് പ്രഖ്യാപിച്ചിരുന്നതായി വൈറ്റ് ഹോൾ വൃത്തങ്ങൾ അറിയിച്ചു.

എന്നാൽ പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ ആശങ്കപരമാണ് എന്ന പ്രതികരണമാണ് കൺസർവേറ്റീവ് പാർട്ടി ചെയർ നൈജൽ ഹഡിൽസ്റ്റൺ നടത്തിയത്. പോലീസിനെ തെറ്റിദ്ധരിപ്പിച്ച ഒരാളെ തന്റെ ക്യാബിനറ്റിൽ അപ്പോയിന്റ് ചെയ്യുമ്പോൾ പ്രധാനമന്ത്രി ഉത്തരം പറയേണ്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ്, ട്രാൻസ്പോർട്ട് സെക്രട്ടറി മെട്രോപൊളിറ്റൻ പോലീസിൽ പ്രത്യേക കോൺസ്റ്റബിളായിരുന്നു. 2009 നും 2011 നും ഇടയിൽ സൗത്ത് ലണ്ടൻ ബറോ ഓഫ് ലാംബെത്തിൽ അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.