തിങ്കളാഴ്ച രാത്രി കൊല്ലം നഗരം അക്ഷരാര്‍ഥത്തില്‍ നടുങ്ങി. നഗരത്തിനടുത്ത് ഉളിയക്കോവിലില്‍ കോളേജ് വിദ്യാര്‍ഥിയെ വീടുകയറി കുത്തിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ബിരുദവിദ്യാര്‍ഥിയായ ഫെബിനാണ് മരിച്ചത്. അച്ഛന്‍ കുത്തേറ്റ് ആശുപത്രിയിലായെന്നും കേട്ടു. ഇതിനു പിന്നാലെയാണ് നഗരത്തിനടുത്ത് ചെമ്മാന്‍മുക്കില്‍ തീവണ്ടിക്കു മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയെത്തുന്നത്. അല്പനേരം കഴിഞ്ഞപ്പോള്‍ വിദ്യാര്‍ഥിയുടെ കൊലയാളിയെന്നു കരുതുന്നയാളാണ് മരിച്ചതെന്ന് പോലീസ് മനസ്സിലാക്കി. പരിസരത്ത് നിര്‍ത്തിയിട്ട കാറില്‍ കണ്ട ചോര സൂചനയായി.
തുടരന്വേഷണത്തിലാണ് പകയുടെ കഥ ചുരുളഴിഞ്ഞത്. കൊലപാതകത്തിന് തിരഞ്ഞെടുത്ത രീതിയും നടുക്കുന്നതായിരുന്നു. പര്‍ദ്ദപോലെ തോന്നുന്ന കറുത്ത വേഷം ധരിച്ച് മുഖം മറച്ചാണ് പ്രതി വീട്ടിലേക്ക് കയറിവന്നത്. കൈയില്‍ പെട്രോളും കരുതിയിരുന്നു. വീട്ടുകാരുടെ ബഹളംകേട്ട് ഇറങ്ങി നോക്കിയപ്പോള്‍ ഫെബിന്റെ വീട്ടില്‍നിന്ന് ഒരാള്‍ ഓടിപ്പോകുന്നതാണ് കണ്ടതെന്ന് അയല്‍വാസിയായ ബി.ആര്‍. നായര്‍ പറഞ്ഞു. കുത്തുകൊണ്ട് ഫെബിന്‍ റോഡിലേക്ക് ഓടിവന്നു വീണപ്പോഴാണ് നാട്ടുകാര്‍ സംഭവമറിയുന്നത്. ഒരുമണിക്കൂറിനുള്ളില്‍ തീവണ്ടിക്കു മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയും വന്നു. പിന്നീട് ഈ രണ്ടു സംഭവങ്ങളുമായി ബന്ധമുണ്ടെന്നു വന്നതോടെ പരിസരവാസികളും നഗരവും ഞെട്ടി.
എല്ലാവര്‍ക്കും ഫെബിനെ കുറിച്ച് നല്ലതേ പറയാനേയുള്ളൂ. ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാര്‍ഥിയായ ഫെബിന്‍ പഠനം കഴിഞ്ഞശേഷം ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിക്കായി പോകും. സന്തോഷത്തോടെ കഴിയുന്ന കുടുംബമാണ്. ഫെബിനൊപ്പം അച്ഛന്‍ ജോര്‍ജ് ഗോമസ്, അമ്മ ഡെയ്സി എന്നിവരാണ് ഫ്‌ളോറി ഡെയില്‍ എന്ന വീട്ടില്‍ താമസം. സഹോദരി കോഴിക്കോട്ട് ബാങ്ക് ജീവനക്കാരിയാണ്. ബെന്‍സിഗര്‍ ആശുപത്രിയിലെ ഡ്രൈവറാണ് ഫെബിന്റെ പിതാവ് ജോര്‍ജ്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജോര്‍ജിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
തേജസിന്റെയും ഫെബിന്റെയും കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട അടുപ്പമുണ്ടെന്നു പോലീസ് പറയുന്നു. ഫെബിന്റെ സഹോദരിയും തേജസും എന്‍ജിനിയറിങ് കോളേജില്‍ സഹപാഠികളായിരുന്നു. തുടര്‍ന്ന് ബാങ്ക് പരീക്ഷാ പരിശീലനത്തിനും ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. രണ്ടുപേരും പരീക്ഷയെഴുതിയെങ്കിലും യുവതിക്കു മാത്രമേ ബാങ്കില്‍ ജോലി കിട്ടിയുള്ളൂ. തേജസ് സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷ ജയിച്ചെങ്കിലും ഫിസിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ടു. അതിനുശേഷം ഇരുവരും അകല്‍ച്ചയിലായി. പലപ്രാവശ്യം ഇതേച്ചൊല്ലി തേജസ് ഫെബിന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നെന്ന് പോലീസ് പറയുന്നു. തേജസിനെ കൗണ്‍സലിങ്ങിനു കൊണ്ടു പോകുകയും ചെയ്തിരുന്നു.
ഫെബിന്റെ വീട്ടിലേക്ക് തേജസ് എത്തിയത് രണ്ട് പെട്രോള്‍ ടിന്നുകളുമായി. ഒരു ടിന്‍ തുറന്ന് സംഭവസ്ഥലത്ത് പെട്രോള്‍ ഒഴിച്ചിരുന്നു. പെട്രോള്‍ കൈവശംവെച്ചത് ഫെബിന്റെ സഹോദരിയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് സംശയിക്കുന്നു. എന്നാല്‍ യുവതി വീട്ടിലുണ്ടായിരുന്നില്ല. മറ്റൊരു പെട്രോള്‍ ടിന്‍ ഇയാളുടെ കാറില്‍നിന്ന് പിന്നീട് പോലീസ് കണ്ടെടുത്തു. ഇത് മുന്‍സീറ്റിനു താഴെ ചരിഞ്ഞു വീണ നിലയിലായിരുന്നു. തേജസ് വരുന്ന സമയത്ത് വീട്ടുകാര്‍ പേരയ്ക്ക കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരുടെ കൈവശമുണ്ടായിരുന്ന കത്തിയാണ് തേജസ് കുത്താന്‍ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്നു.
Leave a Reply