വലിയ പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടാനൊരുങ്ങിയ യുവതിയെ സമയോചിത ഇടപെടലിലൂടെ പൊലീസ് രക്ഷപ്പെടുത്തി. ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിയായ ചങ്ങനാശേരി സ്വദേശിനി (23) കാരി ആറ്റിൽ‌ചാടാൻ ശ്രമിച്ചത്. ഇന്നലെ രണ്ടരയോടെയാണ് സംഭവം.

റാന്നി സ്വദേശിയായ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കുന്നതിൽ നിന്ന് യുവാവ് പിന്മാറിയതോടെയാണ് യുവതി റാന്നിയിലെത്തിയത്. ആറ്റിലേക്കു ചാടുമെന്ന് കാട്ടി ഒരു പമ്പ് ഹൗസിനു സമീപം നിൽക്കുന്ന ചിത്രമെടുത്ത് യുവതി മൊബൈലിൽ യുവാവിന് അയച്ചുകൊടുക്കുകയായിരുന്നു. ഇത് യുവാവ് പൊലീസിന് കൈമാറി.

ഉടൻ യുവതിയെ തിരഞ്ഞ് പൊലീസ് രംഗത്തിറങ്ങി. റാന്നി ടൗണിന് അടുത്തുള്ള പമ്പ് ഹൗസിന്റെ പരിസരങ്ങളിൽ പരിശോധന നടത്തിയിട്ടും കണ്ടെത്താനായില്ല. യുവതിയുടെ ഫോണിലേക്ക് പൊലീസ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കോൾ എടുത്തില്ല. മൂന്നേകാലോടെ യുവതി ഫോൺ എടുത്തു. തുടർന്ന് പൊലീസ് അനുനയശ്രമം ആരംഭിച്ചു. താൻ റാന്നി പാലത്തിലാണ് നിൽക്കുന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. യുവതിയോട് സംസാരിക്കുന്നതിനിടെ തന്നെ പൊലീസ് റാന്നി പാലത്തിലെത്തി.

പൊലീസിനെ കണ്ട് ആറ്റിലേക്ക് ചാടാൻ തുടങ്ങിയ യുവതിയെ എസ്‌സിടിഒ എൽ.ടി.ലിജു ചാടിയിറങ്ങി പിടികൂടുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിച്ച യുവതിയെ അനുനയിപ്പിച്ച് പിന്നീട് ബന്ധുക്കൾക്കൊപ്പം വിട്ടു.