പ്രണയം എപ്പോഴും കാത്തിരിപ്പിന്റെ സുഖം തരുന്ന നോവാണ്. ഈ പ്രണയദിനം സാക്ഷ്യം വഹിക്കുന്നത് ഒരു നീണ്ടകാലത്തെ പ്രണയത്തിന്റെ സംഗമത്തിനാണ്. ലോകം മുഴുവന്‍ ആ കൂടിച്ചേരലിനുവേണ്ടി കാത്തിരിക്കുകയുമാണ്. നീണ്ട പ്രണയകാലം എന്നു പറഞ്ഞാല്‍ 71 വര്‍ഷത്തെ കാത്തിരിപ്പാണ് യാഥാര്‍ത്ഥ്യമാകുന്നത്.
രണ്ടാം ലോകമഹായുദ്ധം അകറ്റിയ കാമുകനും കാമുകിയും വീണ്ടും കണ്ടുമുട്ടുകയാണ് ഈ പ്രണയദിനത്തില്‍. 93കാരന്‍ നോര്‍വുഡ് തോമസ് വീണ്ടും പഴയ കാമുകിയായ ജോയ്‌സ് മോറിസിനെ കണ്ടുമുട്ടുമ്പോള്‍ ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് 72 വര്‍ഷത്തെ കാത്തിരിപ്പിന്റെ സുഖമുണ്ട്. തന്റെ പ്രിയ കാമുകിയെ കാണാനായി 93ാം വയസില്‍ ലോകത്തിന്റെ ഒരറ്റത്തുനിന്നും മറ്റൊരൊറ്റത്തേക്ക് തോമസ് പറക്കുകയാണ് അമേരിക്കയില്‍ നിന്ന് ആസ്‌ട്രേലിയയിലേക്ക്…

unnamed (1)

രണ്ടാം ലോകമഹായുദ്ധത്തില്‍ വ്യോമസേനയുടെ പാരാട്രൂപ്പറായിരുന്ന തോമസ്, ലണ്ടനിലെ വാരാന്ത്യങ്ങള്‍ മോറിസിനൊപ്പമായിരുന്നു ചെലവഴിച്ചിരുന്നത്. ഓരോ തവണ കാണുമ്പോഴും വീണ്ടും കാണാമെന്ന് പറഞ്ഞ് പിരിയുകയാണ് പതിവ്, എന്നാല്‍ അവസാനത്തെ കണ്ടുമുട്ടലില്‍ അടുത്തയാഴ്ച കാണാമെന്ന് പറഞ്ഞ് ആ ആഴ്ചയിലും പിരിഞ്ഞു, പിന്നീട് കണ്ടില്ല.

ഇതിനിടയില്‍ അടിയന്തിരമായി തോമസിന് ഫ്രാന്‍സിലേക്ക് പോകേണ്ടിവന്നു. അവിടെ നിന്നും യുദ്ധത്തിന് ശേഷം അമേരിക്കയില്‍ മടങ്ങിയെത്തിയ തോമസ് ഓര്‍മ്മയിലെ വിലാസം വെച്ച് വിവാഹാഭ്യര്‍ത്ഥനയുമായി മോറിസിന് കത്തയച്ചു. പക്ഷെ, അന്ന് അവര്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചു. ശേഷം തോമസ് മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം കഴിച്ചു. തോമസ് മൂന്നുകുട്ടികളുമായി വിര്‍ജീനിയയില്‍ സന്തുഷ്ടജീവിതം നയിക്കുകയായിരുന്നു. അതിനിടയില്‍ ഈ അടുത്ത് തോമസിന്റെ ഭാര്യ മരിച്ചു.

എന്നാല്‍, മോറിസ് വിവാഹിതയായി ആസ്‌ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു. 2 ആണ്‍മക്കളുണ്ടായശേഷം അവര്‍ പിന്നീട് വിവാഹമോചിതയായി. എങ്കിലും അന്ന് തോമസിന്റെ വിവാഹഅഭ്യര്‍ത്ഥന നിഷേധിച്ചതില്‍ അവര്‍ എല്ലാക്കാലത്തും ദു:ഖിച്ചിരുന്നു. ഒടുവില്‍ ഈയടുത്ത ദിവസം, മകനോട് ഇന്റര്‍നെറ്റിലൂടെ ഒരാളെ കണ്ടുപിടിക്കാനാവുമോ എന്ന് മോറിസ് ചോദിക്കുകയും മകന്‍ തിരച്ചിലാരംഭിക്കുകയും ചെയ്തു.

101ാമത് വ്യോമസേനാ വിഭാഗത്തിലെ നോര്‍വുഡ് തോമസെന്ന് സെര്‍ച്ചുചെയ്ത മോറിസിന്റെ മകന്, 88ാം പിറന്നാള്‍ ദിനത്തില്‍ സ്‌കൈഡൈവ് നടത്തി ശ്രദ്ധനേടിയ തോമസിനെക്കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ലഭിച്ചത്. ലേഖകനെ കണ്ടെത്തി, തോമസിന്റെ നമ്പര്‍ സംഘടിപ്പിച്ച് അമ്മയ്ക്ക് മകന്‍ നല്‍കി. ആദ്യം ഫോണിലും പിന്നെ സ്‌കൈപ്പിലും അവര്‍ സംസാരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

unnamed (1)
തോമസ് വിവാഹം കഴിച്ചതായും, തന്നെ സ്വന്തമാക്കാനായി നിലവിലെ ഭാര്യയെ ഒഴിവാക്കുകയാണെന്നുമാണ് അന്ന് കത്തുകള്‍ വായിച്ചപ്പോള്‍ തോന്നിയെന്നും അതിനാലാണ് അന്ന് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതെന്നും 72 വര്‍ഷത്തിന് ശേഷം മോറിസിന്റെ കുറ്റസമ്മതം. താന്‍ കത്തെഴുതുമ്പോള്‍ വിവാഹിതനായിരുന്നില്ലെന്ന് തോമസ്. പിന്നീട് ഇരുവരും നഷ്ടപ്പെട്ട വര്‍ഷങ്ങളെയോര്‍ത്ത് വിതുമ്പി. പിന്നെ വീണ്ടും നഷ്ടപ്പെട്ട പ്രണയകാലത്തിലേക്ക് തിരിച്ചുപോയി. ഒടുവിലവര്‍ തെറ്റിദ്ധാരണമൂലം നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ തിരിച്ചുപിടിക്കാന്‍ തന്നെ തീരുമാനിച്ചു.

അവരോടൊപ്പം ലോകവും കാത്തിരിക്കുകയാണ് ആ അവിസ്മരണീയ കൂടിച്ചേരലിനായി. രണ്ടാം ലോകമഹായുദ്ധം വേര്‍പിരിച്ച ഈ പ്രണയിനികളെ വീണ്ടും യോജിപ്പിക്കാനായി ലോകം മുഴുവന്‍ തോമസിന്റെ യാത്രയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എയര്‍ ന്യൂസിലണ്ട് യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗോഫണ്ട്മി എന്ന  ഗ്രൂപ്പ് ഫണ്ടിംഗ് വെബ്‌സൈറ്റ് വഴി ഇതിനകം യാത്രയ്ക്കായി 7500 ഡോളര്‍ സ്വരൂപിച്ചിട്ടുണ്ട്.

unnamed

തമ്മില്‍ കാണാനും, ഒന്ന് കെട്ടിപ്പുണര്‍ന്ന് ആശംസനേരാനുമുള്ള ആഗ്രഹമാണ് ഇരുവര്‍ക്കുമുള്ളത്, ആ കാത്തിരിപ്പിലാണ് ഇരുവരും. അങ്ങനെ 93ാം വയസില്‍ വിര്‍ജീനിയയില്‍ നിന്ന് 10000 മൈല്‍ അകലെ അഡ്‌ലൈഡിലെത്തി തോമസ് തന്റെ പ്രണയിനിയെ ഈ വാലന്റൈന്‍സ് ഡേയില്‍ വീണ്ടും കാണും, 72വര്‍ഷത്തിന് ശേഷം. ഈ നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പ് നമ്മോട് പറയുന്നു, കാലത്തിനോ കാതങ്ങള്‍ക്കോ മായ്ക്കാനോ മറക്കാനോ കഴിയുന്നതല്ല പ്രണയമെന്ന്.

മാര്‍ക്വേസിന്റെ കോളറാക്കാലത്തെ പ്രണയത്തില്‍ അന്‍പത്തിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഫ്‌ലോറന്റീനോ അരീസയെയും ഫെര്‍മിന ഡാസെയും ഒന്നിച്ചതുപോലെ ഈ പ്രണയവും ചരിത്രത്തില്‍ സ്ഥാനം പിടിക്കുകയാണ്.