ശനിയാഴ്ച ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന എല്‍എസ്എല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ കിരീട നേട്ടം കെവിസി ബര്‍മിംഗ്ഹാമിന്. ഫൈനലില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ സ്പൈക്കേഴ്സ് കേംബ്രിഡ്‌ജിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് കെവിസി ബര്‍മിംഗ്ഹാം വിജയ കിരീടത്തില്‍ മുത്തമിട്ടത്. പത്ത് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ കെവിസിയോട് മാത്രം പരാജയപ്പെട്ട സ്പൈക്കേഴ്സ് കേംബ്രിഡ്ജ് റണ്ണേഴ്സ് അപ്പ് ആയി.
രാവിലെ പതിനൊന്ന് മണിയോടെ ആരംഭിച്ച ടൂര്‍ണ്ണമെന്റിന്റെ പ്രാഥമിക റൗണ്ടുകള്‍ ലീഗ് അടിസ്ഥാനത്തിലായിരുന്നു നടന്നത്. അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് പൂളുകള്‍ ആയി തിരിച്ചായിരുന്നു പ്രാഥമിക റൗണ്ടുകള്‍ നടന്നത്. ലിവര്‍പൂള്‍ വോളിബോള്‍ ക്ലബ്, വോക്കിംഗ് വോളി ടീം, ഈഗിള്‍സ് പ്ലിമൌത്ത്, ലണ്ടന്‍ സ്ട്രൈക്കേഴ്സ്, മാര്‍ട്ട്യന്‍സ് ലണ്ടന്‍ എന്നിവരടങ്ങുന്ന പൂള്‍ എയില്‍ നിന്നും വിജയികളായി സെമിയില്‍ പ്രവേശിച്ചത് ലിവര്‍പൂളും പ്ലിമൌത്തും ആയിരുന്നു.
കെവിസി ബര്‍മിംഗ്ഹാം, സ്പൈക്കേഴ്സ് കേംബ്രിഡ്ജ്, ഷെഫീല്‍ഡ് വോളി ടീം, എഎംഎ ആഷ്ഫോര്‍ഡ്, ഇഎംസിസി ലണ്ടന്‍ എന്നീ ടീമുകള്‍ അണി നിരന്ന പൂള്‍ ബിയില്‍ നിന്നും കെവിസി ബര്‍മിംഗ്ഹാം, സ്പൈക്കേഴ്സ് കേംബ്രിഡ്ജ് എന്നീ ടീമുകള്‍ സെമിയിലെത്തി. ആവേശകരമായ മത്സരം അരങ്ങേറിയ സെമി ഫൈനല്‍ മത്സരങ്ങളില്‍ എല്ലാ ടീമുകളും ഏറ്റവും മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. മിന്നുന്ന സ്മാഷുകളും നീണ്ടു നിന്ന വോളികളുമായി കാണികളില്‍ ആവേശം ഉയര്‍ത്തിയ മത്സരങ്ങള്‍ക്കൊടുവില്‍ ലിവര്‍പൂളിനെ പരാജയപ്പെടുത്തി കേംബ്രിഡ്ജും, പ്ലിമൌത്തിനെ പരാജയപ്പെടുത്തി ബര്‍മിംഗ്ഹാമും ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലണ്ടനില്‍ മലയാളികള്‍ക്ക് മാത്രമായി ഒരു വോളിബോള്‍ ടൂര്‍ണ്ണമെന്‍റ് അരങ്ങേറിയത്. വിവിധ കായിക മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ലണ്ടനില്‍ പിറവിയെടുത്ത ലണ്ടന്‍ സ്പോര്‍ട്സ് ലീഗ് ആണ് ഇതിന് അവസരമൊരുക്കിയത്. ബിജു പിള്ള, സനേഷ് ബേബി, നിഷാര്‍ വിശ്വനാഥന്‍, സഞ്ജു കാര്‍ത്തികേയന്‍, റിയാസ് തുടങ്ങിയവര്‍ ആണ് എല്‍എസ്എല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റിന് ചുക്കാന്‍ പിടിച്ചത്.
കേരളീയ കായിക പ്രേമികളുടെ ഏറ്റവും ഇഷ്ടവിനോദമായ വോളിബോള്‍ മത്സരത്തെ ആവേശപൂര്‍വ്വമായിരുന്നു യുകെ മലയാളികള്‍ വരവേറ്റത് എന്നതിന് തെളിവായിരുന്നു യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നായി ലണ്ടനില്‍ എത്തിച്ചേര്‍ന്ന ടീമുകളും കാണികളും. കൂടുതല്‍ വോളിബോള്‍ മത്സരങ്ങള്‍ യുകെയില്‍ നടത്തുന്നതിന് വിവിധ സ്ഥലങ്ങളിലെ സംഘാടകര്‍ക്ക് പ്രചോദനമായിരിക്കുകയാണ് ലണ്ടന്‍ എല്‍എസ്എല്‍ വോളിയുടെ വിജയം.
ലിവര്‍പൂളില്‍ ഒക്ടോബര്‍ 28നും ഷെഫീല്‍ഡില്‍ നവംബര്‍ നാലിനും വോളിബോള്‍ മത്സരങ്ങള്‍ ഇപ്പോള്‍ തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ഷെഫീല്‍ഡില്‍ നടക്കുന്നത് ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണ്ണമെന്‍റ് ആണ്.
Leave a Reply