കിഴക്കൻ കോംഗോയിൽ വാഹനത്തിനു നേരേയുണ്ടായ വെടിവയ്പിൽ ഇറ്റാലിയൻ അംബസഡർ കൊല്ലപ്പെട്ടു. കോംഗോയുടെ കിഴക്കൻ മേഖലാ തലസ്ഥാനമായ ഗോമയിൽ യുഎൻ സംഘത്തിനുനേരേ വിമതർ നടത്തിയ ആക്രമണത്തിലാണ് അംബാസഡർ ലൂക്ക അത്തനാസിയോയും ഇറ്റാലിയൻ പോലീസ് ഉദ്യോഗസ്ഥനും ഡ്രൈവറും കൊല്ലപ്പെട്ടത്.
ഗോമയിൽ ലോക ഭക്ഷ്യപദ്ധതി (ഡബ്ല്യുഎഫ്പി) സംഘത്തിനു നേരേയാണ് ആക്രമണമുണ്ടായതെന്നു കോംഗോ വിദേശകാര്യമന്ത്രാലയവും പ്രദേശവാസികളും പറഞ്ഞു. റുത്ഷുരുവിലെ സ്കൂളിൽ ഭക്ഷ്യവിതരണ പരിപാടി നിരീക്ഷിക്കുന്നതിനായി പോവുകയായിരുന്നു സംഘമെന്ന് ഡബ്ല്യുഎഫ്പി പറഞ്ഞു.
2017 മുതൽ കോംഗോയിലെ അംബാസഡറാണു ലൂക്ക അത്തനാസിയോ. അഞ്ചു പേരാണു വാഹനത്തിലുണ്ടായിരുന്നത്. വെടിവയ്പിൽ ഡ്രൈവർ സംഭവസ്ഥലത്തുവച്ചു മരിക്കുകയും മറ്റുള്ളവർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി തദ്ദേശീയ ഭരണകൂടത്തിന്റെ പ്രസിഡന്റ് മാംബോ കവായി പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ യുഎൻ ആശുപത്രിയിൽ എത്തിച്ചു. ത്രി ആന്റിന എന്നറിയപ്പെടുന്ന പ്രദേശത്തുനിന്ന് 2018ൽ രണ്ട് ബ്രിട്ടീഷുകാരെ ആയുധധാരിയായ അജ്ഞാതൻ തട്ടിക്കൊണ്ടുപോയിട്ടുണ്ട്.
ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ യോഗത്തിനിടെ വിദേശനയ മേധാവി ജോസഫ് ബോറെൽ സഹമന്ത്രിമാരോട് അംബാസഡറിന്റെ മരണവാർത്ത അറിയിക്കുകയും അനുശോചനം രേഖപ്പടുത്തുകയും ചെയ്തു. കൊലപാതകം ആശങ്ക ഉളവാക്കുന്നതായും സ്ഥിതിഗതികൾ യൂറോപ്യൻ യൂണിയൻ നിരീക്ഷിക്കുന്നതായും ഇയു വക്താവ് നബീല മസറാലി പറഞ്ഞു. കിഴക്കൻ കോംഗോ നിരവധി വിമതസംഘങ്ങളുടെ താവളമാണ്. കഴിഞ്ഞ വർഷമുണ്ടായ സായുധകലാപത്തിൽ 2,000 സാധാരണക്കാരാണ് ഇവിടെ കൊല്ലപ്പെട്ടത്.
Leave a Reply