ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- പൂർണ്ണ ഗർഭകാലം കഴിയുന്നതിനു മുൻപ് പ്രസവം നടന്നശേഷം നിയോനേറ്റൽ കെയറിൽ കഴിഞ്ഞിരുന്ന ഏഴോളം നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കുറ്റത്തിന് വിചാരണ നേരിടുകയാണ് കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിലെ മുപ്പത്തിരണ്ടുകാരിയായ നേഴ്സ് ലൂസി ലെറ്റ്‌ബി. ഏഴ് പേരെ കൂടാതെ, മറ്റു പത്തോളം കുഞ്ഞുങ്ങളെ ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചതായും തെളിവുകൾ വ്യക്തമാക്കുന്നു. ഇൻസുലിനും, പാലും, ചിലപ്പോൾ വായുവും മറ്റും അമിതതോതിൽ കുത്തി വെച്ചാണ് ഇവർ കുട്ടികളെ കൊലപ്പെടുത്തിയിരുന്നത്. ഏകദേശം 12 മാസങ്ങളിലായി ഇവർ 5 ആൺകുട്ടികളെയും രണ്ട് പെൺകുട്ടികളെയും ഉൾപ്പെടെ ഏഴോളം കുട്ടികളെ കൊലപ്പെടുത്തി എന്നാണ് കേസ്. നിയോനേറ്റൽ വാർഡിൽ മാതാപിതാക്കൾ സന്ദർശിക്കാൻ സാധ്യതയില്ലെന്ന് അറിയാമായിരുന്നതിനാൽ രാത്രി ഷിഫ്റ്റുകൾ ഉപയോഗിച്ചാണ് ഇവർ ഇത്തരം പ്രവർത്തികൾ നടത്തിയതെന്നാണ് ആരോപണം. നിരവധി കുഞ്ഞുങ്ങൾക്ക് ഇൻസുലിൻ അമിതതോതിൽ നൽകിയാണ് അപകടപ്പെടുത്തിയത്. ബേബി ഇ എന്നറിയപ്പെട്ട മറ്റൊരു കുട്ടിക്ക് ഇവർ വായു കുത്തിവെച്ചാണ് കൊലപ്പെടുത്തിയതെന്ന് മാഞ്ചസ്റ്റർ ക്രൗൺ കോടതി കേട്ടു.  ഈ അവസ്ഥയ്ക്ക് ഡോക്ടർമാർ എയർ എംബോളസ് എന്നാണ് പറയുന്നത്, ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചാണ് കുട്ടി മരണപ്പെടുന്നത്. ഫീഡിംഗ് ട്യൂബുകളിലൂടെയും സിരകളിലൂടെയും കുട്ടികളിലേക്ക് അപകടകരമായ അളവിൽ ഇവർ പാൽ പമ്പ് ചെയ്തിരുന്നതായും ആരോപണമുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തനിക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന ഒരു കുറ്റങ്ങളും ലെറ്റ്ബി അംഗീകരിച്ചിട്ടില്ല. ഒരു കുട്ടിയെ ഏകദേശം മൂന്നോളം തവണ ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുള്ളതായും കോടതി വാദം കേട്ടു. അപകടത്തിൽ പെട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കളും വിചാരണ സമയത്ത് കോടതിയിൽ സന്നിഹിതരായിരുന്നു. 2015 ന് മുൻപ് ഈ ആശുപത്രിയിലെ നിയോനേറ്റൽ വാർഡിലെ മരണനിരക്ക് മറ്റ് ഏതൊരു ആശുപത്രിയിലെയും പോലെ തന്നെ ആയിരുന്നു. എന്നാൽ പിന്നീടാണ് ഈ മരണ നിരക്കിൽ ക്രമാതീതമായ വർദ്ധന ഉണ്ടായതെന്ന് കോടതി വിലയിരുത്തി. ഏകദേശം ആറുമാസത്തോളം വിചാരണ നീളുമെന്നാണ് കോടതി വ്യക്തമാക്കിയത്.