ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- മാതാപിതാക്കൾക്ക് കൂടി സ്കൂളുകളിലെ ലെസ്സൺ പ്ലാനുകൾ അറിയുവാനുള്ള അവകാശം വേണമെന്ന് ആവശ്യപ്പെട്ട് പോരാട്ടം നടത്തുകയാണ് ലണ്ടനിലെ ഒരു സ്കൂളിലെ കുട്ടിയുടെ മാതാവ്. തന്റെ മകൾ വെളുത്ത വർഗക്കാരുടെ പ്രത്യേക ആനുകൂല്യങ്ങളെക്കുറിച്ചും, ലിംഗ അസംബന്ധങ്ങളെകുറിച്ചുമെല്ലാം സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഇവർ ഇത്തരത്തിൽ പരാതിയുമായി രംഗത്തുവന്നത്. ലണ്ടനിലെ ഹേബെർഡാഷേഴ്സ് ഹാച്ചം കോളേജിലെ കുട്ടിയുടെ മാതാവ് ക്ലയർ പേജ് ആണ് ക്ലാസ്സ് മെറ്റീരിയലുകൾ കാണിക്കാനുള്ള തന്റെ ആവശ്യം നിരാകരിച്ചതിനെ തുടർന്ന് സ്കൂളിൽ നിന്നും തന്നെ കുട്ടിയെ മാറ്റുവാൻ തീരുമാനിച്ചിരിക്കുന്നത്. വെളുത്ത വർഗക്കാർ ആയതുകൊണ്ട് തങ്ങൾക്ക് കൂടുതൽ ഉയർന്ന പദവിയും അവകാശങ്ങളുമാണെന്ന രീതിയിലാണ് തന്റെ മകളെ സ്കൂളിൽ നിന്നും പഠിപ്പിച്ചതെന്ന് ക്ലയർ പറഞ്ഞു.

കഴിഞ്ഞ മൂന്നു വർഷങ്ങളായി സ്കൂളിലെ അക്കാഡമിക് നിലവാരത്തെ സംബന്ധിച്ച് തനിക്കും തന്റെ ഭർത്താവിനും ആശങ്കയുണ്ടെന്ന് ക്ലയർ പറഞ്ഞു. സ്കൂളിലെ 1400 കുട്ടികളിൽ ഭൂരിഭാഗവും കറുത്തവർഗക്കാരാണ്. 17 ശതമാനം പേർ മാത്രമാണ് വെളുത്ത വർഗക്കാരായി സ്കൂളിൽ ഉള്ളത്. ലെസ്സൺ പ്ലാനുകൾ കാണണമെന്ന മാതാപിതാക്കളുടെ ആവശ്യം സ്കൂൾ അധികൃതർ അംഗീകരിച്ചില്ല. ഇതേതുടർന്നാണ് കുട്ടികളിൽ ഒരാളുടെ മാതാവായ ക്ലയർ ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസിൽ പരാതി നൽകിയത്. സ്കൂളിൽ തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നത് എന്താണെന്ന് അറിയാനുള്ള അവകാശം മാതാപിതാക്കൾക്ക് ഉണ്ടന്ന് അവർ പറഞ്ഞു. സ്കൂളിലെ ഇത്തരത്തിലുള്ള നടപടിയെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.