കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ശരീരത്തില്‍ അണുനാശിനി കുത്തിവെച്ച് പരീക്ഷിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ നിരവധി തെറ്റായ നിര്‍ദേശങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെയും മറ്റും പ്രചരിച്ചിരുന്നു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അണുനശീകരണ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികള്‍.

തെറ്റായ നിര്‍ദേശങ്ങള്‍ കേട്ട് തങ്ങളുടെ ഉത്പന്നങ്ങള്‍ കഴിക്കരുതെന്ന് ലൈസോള്‍, ഡെറ്റോള്‍ തുടങ്ങിയ അണുനശീകരണ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വീര്യമേറിയ പ്രകാശരശ്മികള്‍ ഉപയോഗിച്ച് രോഗിയുടെ ശരീരത്തിലെ വൈറസിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലേ എന്ന കാര്യം പരീക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടിരുന്നു.

ശ്വാസകോശത്തിലാണ് കൊറോണ വൈറസ് പ്രവേശിക്കുന്നതും പെരുകുന്നതും എന്നത് കൊണ്ട് തന്നെ കുത്തിവെപ്പ് പോലുള്ള എന്തെങ്കിലും മാര്‍ഗം ഉപയോഗിച്ച് വൈറസിനെ ഇല്ലാതാക്കി, ശരീരം പൂര്‍ണമായും ശുദ്ധീകരിക്കാന്‍ കഴിയുമോ എന്നാണു പരീക്ഷിക്കേണ്ടതെന്നും ട്രംപ് പറഞ്ഞിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ട്രംപിന്റെ പ്രസ്താവനയ്ക്കു ശേഷം നിരവധി വ്യാജ സന്ദേശങ്ങളാണ് അമേരിക്കയില്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് തങ്ങളുടെ ഉത്പന്നങ്ങള്‍ കഴിക്കരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ അണുനശീകരണ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ നിര്‍ബന്ധിതരായത്.

ഒരു കാരണവശാലും അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവെക്കുകയോ കഴിക്കുകയോ ചെയ്യരുതെന്ന് ട്രംപ് ഭരണത്തിനു തന്നെ കീഴിലുള്ള ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മേധാവി സ്റ്റീഫന്‍ ഹാന്‍ മുന്നറിയിപ്പു നല്കുന്നു.
റെക്കിറ്റ് ബെന്ക്കിസര്‍ എന്ന ബ്രിട്ടീഷ് കമ്പനിയും അണുനാശിനികള്‍ കുടിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പ് പരസ്യമായി നല്കിയിട്ടുണ്ട്.

‘ആരോഗ്യവുമായും ശുചീകരണവുമായും ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ ആഗോള നായകരെന്ന നിലയ്ക്ക് തങ്ങള്‍ പറയുകയാണ്, ഒരു സാഹചര്യത്തിലും തങ്ങളുടെ അണുനശീകരണ ഉത്പന്നങ്ങള്‍ മനുഷ്യശരീരത്തിലേക്ക് ഇന്‍ജക്ഷന്‍ വഴിയോ വായിലൂടെയോ ശരീരത്തില്‍ പ്രയോഗിക്കരുത് ‘, എന്ന് കമ്പനി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.’പ്രമുഖ പൊതുജനാരോഗ്യ വിദഗ്ധരുടെ ഉപദേശപ്രകാരം ഉപയോക്താക്കള്‍ക്ക് കൃത്യവും കാലികവുമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്’, എന്ന് പറഞ്ഞാണ് കമ്പനി പ്രസ്താവനയിറക്കിയത്.