വനിതാ ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ ചരിത്ര സ്വർണവുമായി ഇന്ത്യൻ താരം മേരി കോം. 48 കിലോഗ്രാം ഫൈനലിൽ യുക്രെയ്ന്റെ ഹന്ന ഒഖോട്ടയെ തോൽപ്പിച്ച മേരി കോം, ലോക ചാംപ്യൻഷിപ്പിലെ ആറാം സ്വർണമാണ് സ്വന്തമാക്കിയത്. ഇതോടെ, ലോകചാംപ്യന്‍ഷിപ്പിൽ ഏറ്റവും കൂടുതൽ സ്വർണം നേടുന്ന താരമായി മുപ്പത്തഞ്ചുകാരിയായ മേരി കോം മാറി. ലോക ചാംപ്യൻഷിപ്പിലെ ഏഴാം മെഡൽ ഇടിച്ചിട്ട മേരി കോം മെഡലെണ്ണത്തിലും റെക്കോർഡിട്ടു.
വ്യാഴാഴ്ച നടന്ന സെമി പോരാട്ടത്തിൽ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ തോൽപ്പിച്ചാണ് മേരി കോം ഫൈനലിൽ കടന്നത്. മേരി കോമിന്റെ സ്വർണ നേട്ടത്തോടെ ഈ വർഷത്തെ ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം മൂന്നായി. മേരി കോമിന്റെ സ്വർണത്തിനു പുറമെ സെമിഫൈനലുകളിൽ പരാജയപ്പെട്ട ഇന്ത്യൻ താരങ്ങൾ സിമ്രൻജിത് കൗറും ലോവ്‌ലിന ബോർഗോഹെയ്നും വെങ്കലം നേടിയിരുന്നു.
57 കിലോഗ്രാം വിഭാഗത്തിൽ സോണിയ ചാഹലും ഫൈനലിൽ ഇറങ്ങുന്നതിനാൽ മെഡൽനേട്ടം നാലാക്കി വർധിപ്പിക്കാനും ഇന്ത്യയ്ക്ക് അവസരമുണ്ട്. ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ കെ.ഡി ജാദവ് അരീനയിൽ നടക്കുന്ന മൽസരത്തിൽ ജർമനിയുടെ വാണർ ഓർനെല്ലയാണ് സോണിയയുടെ എതിരാളി
ഇതിനു മുൻപ് 2008ലാണ് ഇന്ത്യ ലോക ചാംപ്യൻഷിപ്പിൽ നാലു മെഡലുകൾ നേടിയത്. അന്ന് ഒരു സ്വർണം, ഒരു വെളളി, 2 വെങ്കലം എന്നിങ്ങനെയായിരുന്നു നേട്ടം. ഇത്തവണ സോണിയ കൂടി ഫൈനൽ ജയിച്ചാൽ ആ നേട്ടം മെച്ചപ്പെടുത്താം. എന്നാൽ ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം 2008ലായിരുന്നു. അന്ന് നാലു സ്വർണമടക്കം എട്ടു മെഡലുകളാണ് ഇന്ത്യ നേടിയത്
Leave a Reply