ന്യൂസ് ഡെസ്ക്.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ട പ്രചാരണങ്ങൾക്ക് എതിരെ എം. സ്വരാജ് ശക്തമായി പ്രതികരിച്ചു. മാധ്യമ പ്രവർത്തകയായ ഷാനി പ്രഭാകരനും തനിക്കുമെതിരായി പുറത്തു വന്ന അപവാദ പ്രചരണങ്ങൾ വിലപ്പോവില്ല. ഞങ്ങൾ സുഹൃത്തുക്കളാണ്, ആ സൗഹൃദം തുടരുക തന്നെ ചെയ്യും. പ്രതികരിക്കേണ്ട എന്നു കരുതിയെങ്കിലും സ്ത്രീത്വത്തിൻറെ മേലുള്ള കടന്നുകയറ്റത്തിൻറെ രീതിയിലേയ്ക്ക് പോസ്റ്റുകൾ വന്നതിനാൽ തൻറെ നിലപാട് വ്യക്തമാക്കുകയാണെന്ന് എം.സ്വരാജ് പറഞ്ഞു. ഫേസ്ബുക്കിലാണ് സ്വരാജ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഷാനി പ്രഭാകരനൊപ്പമുള്ള ഫോട്ടോയും എം. സ്വരാജ് പോസ്റ്റ് ചെയ്തു. 22 K ലൈക്കാണ് ഈ പോസ്റ്റിന് മൂന്നു മണിക്കൂറിൽ ലഭിച്ചത്. പിന്തുണയുമായി രണ്ടായിരത്തിലേറെ കമൻറുകളും ലഭിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയിൽ നിന്നുള്ള എം.എൽ.എ ആണ് എം. സ്വരാജ്.
എം. സ്വരാജിൻറെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.
“ഷാനി പ്രഭാകരൻ എന്നെ സന്ദർശിച്ചതിൻറെ പേരിൽ എന്തൊക്കെ ചർച്ചകളാണ് നടക്കുന്നത്. ഞാനും ഭാര്യയും താമസിക്കുന്ന ഫ്ലാറ്റിലാണ് ഞങ്ങളിരുവരുടെയും നിരവധി സുഹൃത്തുക്കൾ പലപ്പോഴും വരാറുള്ളത്. സൗഹൃദ സന്ദർശനങ്ങൾക്ക് രാഷ്ട്രീയ മാനമോ മറ്റ് അർത്ഥങ്ങളോ കൽപിക്കുന്നതെന്തിന് ? ഷാനി പല സന്ദർശകരിൽ ഒരാളല്ല. എൻറെ അടുത്ത സുഹൃത്താണ്. ഏറെക്കാലമായുള്ള സൗഹൃദമാണ് ഞങ്ങളുടേത്. രാഷ്ട്രീയക്കാരനും മാധ്യമ പ്രവർത്തകയുമാവുന്നതിന് മുമ്പേ ഞങ്ങൾ സുഹൃത്തുക്കളാണ്. രാഷ്ട്രീയത്തിലും മാധ്യമ പ്രവർത്തനത്തിലുമുള്ള ശക്തമായ വിയോജിപ്പുകൾക്കും തർക്കങ്ങൾക്കുമിടയിലും ഉലയാത്ത സൗഹൃദം. പരസ്പരം തിരുത്തിയും ഇണങ്ങിയും പിണങ്ങിയും ഒരുമിച്ചു നടക്കുന്നവരാണ് ഞങ്ങൾ. ജീർണതയുടെ അപവാദ പ്രചരണം തുടരട്ടെ. സ്പർശിക്കാനോ പോറലേൽപിക്കാനോ ആവില്ല ഈ സൗഹൃദത്തെ. എക്കാലവും ഞങ്ങൾ സുഹൃത്തുക്കളായിരിക്കും. ഈ വിഷയത്തിൽ പ്രതികരണം വേണ്ടെന്നു കരുതിയതാണ്. സ്ത്രീവിരുദ്ധതയുടെ അക്രമണോത്സുകത എത്രമാത്രമാണെന്ന് കണ്ടപ്പോൾ സൂചിപ്പിക്കുന്നുവെന്നു മാത്രം”.
Leave a Reply