വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എംഎൽഎ എം വിൻസന്റിനെ പൊലീസ് ചോദ്യം ചെയ്യുന്നു. പരാതിയിൽ കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ എംഎൽഎ ഹോസ്റ്റലിൽ വച്ചാണ് ചോദ്യം ചെയ്യുന്നത്. മാസങ്ങളായി ഇവർ ഫോണിൽ സംസാരിച്ചിരുന്നവെന്നതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചു. എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ട്. പാറശാല എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുന്നത്.
പീഡനക്കേസിൽ എം.വിന്‍സന്റ് എംഎല്‍എയെ ചോദ്യം ചെയ്യാമെന്ന് സ്പീക്കറുടെ ഓഫിസ് പൊലീസിനെ അറിയിച്ചിരുന്നു. സ്പീക്കറുടെ പ്രത്യേക അനുമതി ഇതിന് ആവശ്യമില്ല. കേസിന് ആവശ്യമായ ഏതു നടപടിയും പൊലീസിനു സ്വീകരിക്കാമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. എന്നാൽ, ജനപ്രതിനിധി ആയതിനാൽ സ്പീക്കറുടെ അനുമതിയോടെ മാത്രമേ അറസ്റ്റ് ചെയ്യാനാകൂ.
കടയില്‍ വച്ച് എംഎല്‍എ തന്നെ കയറിപ്പിടിച്ചുവെന്ന് വീട്ടമ്മ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണസംഘത്തിന് പോകേണ്ടി വരുമെന്നാണ് സൂചന. ഇതിനിടെ എംഎല്‍എയുടെ രാജി ആവശ്യം ശക്തമായതോടെ കോണ്‍ഗ്രസും കടുത്ത പ്രതിരോധത്തിലായിട്ടുണ്ട്.
ബാലരാമപുരത്തെ കടയിൽ കടന്ന് കയറി വിൻസെന്റ് ഭീഷണിപ്പെടുത്തിയെന്ന ആരോപണം ചികിത്സയിൽ കഴിയുന്ന വീട്ടമ്മ മജിസ്ട്രേട്ടിനും പൊലീസിനും നൽകിയ മൊഴിയിലുണ്ട്. ഇവരുടെ മൊഴി കഴിഞ്ഞ ദിവസം അജിതാബീഗം രേഖപ്പെടുത്തിയിരുന്നു. ഫോണിലൂടെ നിരന്തരമായി ശല്യം ചെയ്തെന്നും, ശാരീരികമായി പീഡിപ്പിച്ചെന്നും വീട്ടമ്മ ആരോപിച്ചിട്ടുണ്ട്.
ഇതിനിടെ, കേസ് ഒത്തുതീർക്കാൻ വീട്ടമ്മയുടെ സഹോദരനെ വിൻസെന്റ് ഫോണിൽ വിളിച്ചതിന്റെ ശബ്ദരേഖയും പുറത്തായി. സംഭവം പുറത്തറിഞ്ഞാൽ ജീവനൊടുക്കുമെന്ന് വിൻസെന്റ് പറയുന്നതായാണ് ശബ്ദരേഖയിലുള്ളത്. ഇതോടെയാണ് എംഎൽഎയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
പീഡനശ്രമവും ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എംഎല്‍എയ്‌ക്കെതിരെ ബാലരാമപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ തനിക്കെതിരായ ആരോപണം വസ്തുതയല്ലെന്ന നിലപാട് തന്നെയാണ് എംഎല്‍എ സ്വീകരിക്കുന്നത്. അടുത്ത മാസം ഏഴിന് നിയമസഭാസമ്മേളനം തുടങ്ങാനിരിക്കെ എം വിന്‍സന്‍റിനെതിരായ ആരോപണം കോണ്‍ഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നേതാക്കളാരും എംഎല്‍എയെ പിന്തുണച്ച് പരസ്യമായി രംഗത്ത് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
Leave a Reply