ശനിയാഴ്ച പുലര്‍ച്ചെ എം1 ല്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ എട്ടു പേരുടെ മരണത്തിനിടായാക്കിയ വാഹനാപകടത്തിനു കാരണക്കാരായ ലോറി ഡ്രൈവര്‍മാര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എട്ടു പേരുടെ മരണത്തിനും നാലു പേര്‍ ഗുരുതരമായി പരിക്കേറ്റതിനും ഇടയാക്കിയ അപകടത്തിന് കാരണം ലോറി ഡ്രൈവര്‍മാരുടെ അശ്രദ്ധമായ ഡ്രൈവിംഗ് ആണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. റിസാർഡ് മസിയേറാ, (31) ഡേവിഡ് വാഗ്സ്റ്റാഫ് (51) എന്നിവരാണ് അറസ്റ്റിലായ ട്രക്ക് ഡ്രൈവർമാർ. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇതില്‍ ഒരാള്‍ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും കേസുണ്ട്. ഇരുവര്‍ക്കും എതിരെ മരണകാരണമായ അപകടം ഉണ്ടാക്കിയതിന് എട്ടു കൌണ്ടും ഗുരുതരമായ പരിക്കിനു കാരണമായതിന് നാലു കൌണ്ടും വീതം ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
രണ്ടു മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ ബ്രിട്ടനിലെ മോട്ടർവേ ദുരന്തം കഴിഞ്ഞ 25 വർഷത്തിനിടെ ബ്രിട്ടനിൽ ഉണ്ടായ റോഡപകടങ്ങളിൽ ഏറ്റവും വലുതാണ്. മലയാളിയായ പാലാ ചേർപ്പുങ്കൽ കടുക്കുന്നേൽ സിറിയക് ജോസഫും (ബെന്നി-50) കോട്ടയം ചിങ്ങവനം ചാന്ദാനിക്കാട് ഇരുമ്പപ്പുഴ സ്വദേശി ഋഷി രാജീവ് കുമാറും (28) ഉൾപ്പെടെ എട്ടുപേരാണ് കഴിഞ്ഞദിവസം എം-1 മോട്ടോർവേയിൽ മിൽട്ടൺ കെയിൻസിനു സമീപം മിനിവാൻ കൂറ്റൻ ട്രക്കുകളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്.
വിപ്രോ ഐടി കമ്പനിയിലെ നാല് എൻജിനീയർമാരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽപെട്ടത്. ഗുരുതരമായി പരുക്കേറ്റ നാലുപേർ ഇപ്പോഴും ബ്രിട്ടണിലെ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. ഇവരിൽ അഞ്ചുവയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയുമുണ്ട്. ഈ കുട്ടിയുടെ മാതാപിതാക്കൾ രണ്ടുപേരും അപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന വല്യമ്മ രക്ഷപ്പെട്ടെങ്കിലും ഇനിയും അപകടനില തരണം ചെയ്തിട്ടില്ല.
ബ്രിട്ടീഷ് ട്രാൻസ്പോർട്ട് ചരിത്രത്തിൽ ഇതിനുമുമ്പ് ഇത്രയും വലിയ അപകടം ഉണ്ടായത് 1993ലായിരുന്നു. അന്ന് 12 സ്കൂൾ വിദ്യാർഥികളും അവരുടെ ടീച്ചറുമായിരുന്നു ഒരു മിനിബസ് അപകടത്തിൽ എം-40 മോട്ടോർവേയിൽവച്ച് കൊല്ലപ്പെട്ടത്. ഇതിനുശേഷം ഇത്രയേറെയാളുകൾ ഒരുമിച്ച് മരണപ്പെടുന്ന റോഡപകടം ബ്രിട്ടണിൽ ആദ്യമാണ്. അതുകൊണ്ടുതന്നെ മലയാളികൾ ഉൾപ്പെട്ട ഈ ദുരന്തം രണ്ടുദിവസമായി ബി.ബി.സി. ഉൾപ്പെടെയുള്ള മാധ്യമങ്ങളിലെ മുഖ്യവാർത്തയുമാണ്.
വാൻ ഉടമയും ഡ്രൈവറുമായിരുന്ന സിറിയക് ജോസഫിന്റെ മരണം രാവിലെതന്നെ മലയാളികൾ സ്ഥീരീകരിച്ചെങ്കിലും രാത്രി ഏറെ വൈകിയാണ് ഋഷി രാജീവും ദുരന്തത്തിൽ മരിച്ചകാര്യം ബ്രിട്ടണിലെ മലയാളികൾപോലും അറിയുന്നത്. ഇവർ ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം പരിശോധനകളും മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കി നാട്ടിലെത്തിക്കാൻ ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും സമയമെടുക്കുമെന്നാണ് കണക്കുകൂട്ടൽ.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥർ വിപ്രോ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇന്ന് ബ്രിട്ടണിൽ ‘’ബാങ്ക് ഹോളിഡേ’’ അവധിദിനമായതിനാൽ നാളെമുതലേ ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കൂ. നോട്ടിംങ്ങാം മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സിറിയക് ജോസഫിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഇവരെ രണ്ടുപേരെയും ഇന്ന് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും. ഫെഡെക്സ് കൊറിയർ സർവീസിന്റെയും എ.ഐ.എം. ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിന്റെയും ലോറികളാണ് സിറിയക് ജോസഫ് ഓടിച്ചിരുന്ന മിനി വാനുമായി കൂട്ടിയിടിച്ച് വൻ ദുരന്തമുണ്ടായത്. യഥാർഥത്തിൽ അപകടം നടന്നത് എങ്ങനെയെന്ന് പൊലീസിന് ഇനിയും വ്യക്തമായിട്ടില്ല. വിശദമായ അന്വേഷണം പൂർത്തിയാക്കി സെപ്റ്റംബർ 11ന് മിൽട്ടൺ കെയിൻസ് മജിസ്ട്രേറ്റ് മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കും.
അപകടത്തിൽ മരിച്ച നോട്ടിങ്ങാം സ്വദേശികളായ സിറിയക് ജോസഫിനും ഋഷി രാജീവിനും വേണ്ടി നോട്ടിംങ്ങാം സെന്റ് പോൾസ് പള്ളിയിൽ ഇന്നലെ രാവിലെ പ്രത്യേക പ്രാർഥനകളും വിശുദ്ധകുർബാനയും നടന്നു. നോട്ടിങ്ങാമിലെ സീറോ മലബാർ മാസ് സെന്ററിലെ പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ബിജു കുന്നക്കാട്ടിന്റെ കാർമികത്വത്തിലായിരുന്നു പ്രാർഥനാ ശുശ്രൂഷകൾ. സിറിയക് ജോസഫിന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു. നോട്ടിംങ്ങാം സീറോ മലബാർ പാരീഷ് കമ്മിറ്റിയുടെ ആദ്യകാല അംഗമായിരുന്ന സിറിയക് ജോസഫ് മാസ് സെന്ററിന്റെ പ്രവർത്തനങ്ങൾക്കും ആത്മീയ കാര്യങ്ങളുടെ ഏകോപനത്തിനും എറെ പ്രയത്നിച്ചവരിൽ ഒരാളായിരുന്നു.
രാഷ്ട്രീയത്തിലും കലാ സാംസ്കാരക രംഗങ്ങളിലുമെല്ലാം സജീവസാന്നിധ്യമായിരുന്ന ബെന്നിച്ചേട്ടൻ എന്ന സിറിയക് ജോസഫിന്റെ വിയോഗം ഉൾക്കൊള്ളാൻ ഇനിയും നോട്ടിംങ്ങാമിലെ മലയാളി സമൂഹത്തിന് ആയിട്ടില്ല. മലയാളി കൂട്ടായ്മകൾക്ക് ഏറെ സുപരിചിതനല്ലെങ്കിലും ഋഷി രാജീവിന്റെ വിയോഗവും നോട്ടിംങ്ങാമിന് താങ്ങാനാവാത്ത ദു:ഖമായി.
പതിവിനു വിരുദ്ധമായി സമൂഹമാധ്യമങ്ങളെല്ലാം ഇന്നലെ ബ്രിട്ടണിലെ ദുരന്തവാർത്തകൾകൊണ്ടു നിറഞ്ഞു. അച്ചനെയും അമ്മയെയും നഷ്ടപ്പെട്ട പിഞ്ചുബാലികയുടെ വാർത്തയും ചിരിയും സ്നേഹവും മാത്രം കൈമുതലായുള്ള ബെന്നിയുടെ വിയോഗവും അന്യനാട്ടിൽ വച്ചുള്ള ഋഷിയുടെ അകാലമൃത്യുമെല്ലാം ഫേസ് ബുക്കിലും വാട്സാപ്പിലും പങ്കുവച്ച് സ്നേഹിതർ ദു:ഖത്തിന്റെ ഭാരമിറക്കിവച്ചു.
കാർത്തികേയൻ രാമസബ്രഹ്മണ്യം, വിവേക് ഭാസ്കരൻ, എന്നിവരാണ് ഋഷിയ്ക്കൊപ്പം മരണപ്പെട്ട വിപ്രോയിലെ മറ്റ് എൻജിനീയർമാർ. മനോരഞ്ജൻ പനീർശെൽവം എന്ന മറ്റൊരു എൻജിനീയർ അതീവ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. ചെന്നൈ സ്വദേശികളായ ഇവരുടെ കുടുംബാംഗങ്ങളാണ് അപകടത്തിൽ മരിച്ച മറ്റുള്ളവർ. പരുക്കേറ്റ മറ്റ് നാലുപേരുടെയും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
Leave a Reply