ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രാജ്യത്തിന്റെ സാമൂഹിക പരിപാലന സംവിധാനത്തിന്റെ വലിയ അഴിച്ചുപണിക്കും എൻഎച്ച്എസിന്റെ വളർച്ചയ്ക്കുമായി പുതിയ പദ്ധതികൾ വെളിപ്പെടുത്തി ബോറിസ് ജോൺസൻ. ദേശീയ ഇൻഷുറൻസ് 2022 ഏപ്രിൽ മുതൽ 1.25 ശതമാനം വർദ്ധിക്കും. ലാഭവിഹിതത്തിന്മേലുള്ള നികുതി 1.25 ശതമാനം വർദ്ധിക്കുന്നതിലൂടെ ട്രഷറിക്ക് പ്രതിവർഷം 12 ബില്യൺ അധിക വരുമാനം ഉണ്ടാകും. 2022 ഏപ്രിൽ മുതൽ സർക്കാർ പുതിയ ആരോഗ്യ, സാമൂഹിക പരിപാലന നികുതി ഏർപ്പെടുത്തുകയാണ്. പെൻഷൻ പ്രായം കഴിഞ്ഞവർ ഉൾപ്പെടെ എല്ലാ ജോലി ചെയ്യുന്ന മുതിർന്നവരും ഇത് നൽകേണ്ടതുണ്ട്. 24,100 പൗണ്ട് സമ്പാദിക്കുന്ന ഒരു സാധാരണ വ്യക്തി പ്രതിവർഷം 180 പൗണ്ട് അധികമായി നൽകേണ്ടി വരും. ആഴ്ചയിൽ ഏകദേശം 3.46 പൗണ്ടിന്റെ അധിക ചെലവാണ് വരുന്നത്. 67,100 പൗണ്ട് സമ്പാദിക്കുന്ന നികുതിദായകൻ ഒരു വർഷം അധികമായി 715 പൗണ്ട് കൊടുക്കേണ്ടതായും വരും. കൊറോണ വൈറസ് പ്രതിസന്ധി മൂലമുണ്ടായ ചികിത്സാ താമസം ആരോഗ്യ രംഗം കൈകാര്യം ചെയ്തുവരുന്നതിനാൽ ഈ അധിക പണം ആദ്യത്തെ മൂന്ന് വർഷങ്ങളിൽ എൻ‌എച്ച്‌എസിന് മാത്രം ഉപയോഗിക്കും; ഏകദേശം 36 ബില്യൺ പൗണ്ട്.

നിലവിൽ, 23,250 പൗണ്ടിൽ കൂടുതൽ ആസ്തിയുള്ള ഏതൊരാളും അവരുടെ പരിപാലനച്ചെലവ് മുഴുവനായി അടയ്ക്കണം. ഇതിലൂടെ ഏഴ് ആളുകളിൽ ഒരാൾ 100,000 പൗണ്ടിൽ കൂടുതൽ ചെലവഴിക്കുന്നു. എന്നാൽ 2023 ഒക്ടോബർ മുതൽ ഇത് മാറും. 20,000 രൂപയിൽ താഴെ ആസ്തിയുള്ളവരുടെ പരിപാലനച്ചെലവ് പൂർണ്ണമായും സംസ്ഥാനം വഹിക്കും. 20,000 മുതൽ 100,000 പൗണ്ട് വരെ ആസ്തിയുള്ള ആളുകൾ അവരുടെ പരിചരണച്ചെലവിന് സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം അവർക്ക് സംസ്ഥാന പിന്തുണയും ലഭിക്കും. ദേശീയ ഇൻഷുറൻസ് തുക വർധിപ്പിക്കുകയില്ലെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ചുകൊണ്ട് ബോറിസ് ജോൺസൻ കൊണ്ടുവന്ന ഈ വർദ്ധനവ് രൂക്ഷവിമർശങ്ങൾക്ക് കാരണമായിട്ടുണ്ട്. എന്നാലും പുതിയ പദ്ധതിയിൽ ഉറച്ചുനിൽക്കാനാണ് ജോൺസന്റെ തീരുമാനം.

നികുതി 1.25 ശതമാനം വര്‍ദ്ധിക്കുന്നതോടൊപ്പം സാമൂഹിക പരിചരണ മേഖലയില്‍ വ്യക്തിക്ക് 80,000 പൗണ്ട് എന്ന പുതിയ പരിധിയും നിലവില്‍ വരും. “ആദായനികുതി, നാഷണൽ ഇൻഷുറൻസ് അല്ലെങ്കിൽ വാറ്റ് എന്നിവയുടെ നിരക്കുകൾ വർദ്ധിപ്പിക്കില്ലെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.” ബോറിസ് ജോൺസന്റെ പ്രകടന പത്രികയിലെ ഈ വാചകത്തിന് വിരുദ്ധമായ പ്രവൃത്തിയാണ് ഇപ്പോൾ വലിയ വിമർശനത്തിന് കാരണമായിരിക്കുന്നത്. ജോൺസൺ സാമൂഹ്യ പരിപാലന വ്യവസ്ഥയുടെ പുനർനിർമ്മാണത്തിനും തുടർന്നുള്ള നികുതി വർദ്ധനവിനും പാർലമെന്റിന്റെ പിന്തുണ നേടേണ്ടതുണ്ട്. പാക്കേജിനെ പിന്തുണയ്ക്കാൻ എംപിമാരോട് ആവശ്യപ്പെടുമ്പോൾ സർക്കാർ ഹൗസ് ഓഫ് കോമൺസിൽ വോട്ട് ചെയ്യും. ഈ നീക്കത്തിനെതിരെ ഒരു പ്രചാരണം ഏകോപിപ്പിക്കുന്ന ടോറി വിമതരെ തടയുന്നതിനായി ജോൺസൺ ഈ ആഴ്ചയിൽ തന്നെ വിഷയത്തിൽ പെട്ടെന്ന് വോട്ട് തേടിയേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.