ഇന്ന് പുലര്‍ച്ചെ 03.15ന് നോട്ടിംഗ്ഹാമിനടുത്ത് മോട്ടോര്‍ വേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നിര്യാതനായ സിറിയക് ജോസഫിന് (ബെന്നിച്ചേട്ടന്‍) അശ്രുപൂജ അര്‍പ്പിച്ച് യുകെ മലയാളികള്‍ ആശുപത്രിയിലും വീട്ടിലും എത്തിച്ചേര്‍ന്നു. പുലര്‍ച്ചെ നടന്ന അപകടത്തില്‍ ഉള്‍പ്പെട്ടത് ബെന്നിച്ചേട്ടന്‍ ഓടിച്ചിരുന്ന വാഹനമാണ് എന്നറിഞ്ഞത് അപകട വിവരം അറിയിച്ച് പോലീസ് വീട്ടില്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു. എന്നാല്‍ അപ്പോഴും അപകടത്തിന്‍റെ ഗുരുതരാവസ്ഥ ഇത്രയും ഭയാനകമാകും എന്ന് ആരും കരുതിയിരുന്നില്ല.
അപകടത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ഒന്‍പത് മണിയോടെ മാധ്യമങ്ങളിലൂടെ പുറത്ത് വന്നപ്പോഴും രക്ഷപെട്ട നാല് പേരില്‍ ഒരാള്‍ ബെന്നിച്ചേട്ടന്‍ ആയിരിക്കും എന്ന പ്രതീക്ഷയില്‍ ആയിരുന്നു നോര്‍ത്താംപ്ടന്‍, നോട്ടിംഗ്ഹാം എന്നിവിടങ്ങളില്‍ നിന്നുള്ള മലയാളികള്‍ അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള ആശുപത്രികളിലേക്ക് ഓടിയെത്തിയത്. എന്നാല്‍ ഉച്ചയോടെ മരണമടഞ്ഞ എട്ടു പേരില്‍ ഒരാള്‍ തങ്ങളുടെ പ്രിയപ്പെട്ട ബെന്നിച്ചേട്ടന്‍ ആണെന്ന് അറിഞ്ഞ ഞെട്ടലില്‍ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായി ഇവര്‍.
കോട്ടയം പാല ചേര്‍പ്പുങ്കല്‍ കടൂക്കുന്നേല്‍ കുടുംബാംഗമാണ് അപകടത്തില്‍ മരണമടഞ്ഞ സിറിയക് ജോസഫ്. ഭാര്യയും രണ്ട് മക്കളുമായി നോട്ടിംഗ്ഹാമില്‍ ആണ് താമസം. അപകടത്തില്‍ പെട്ട മിനി ബസിന്‍റെ ഉടമ കൂടി ആയിരുന്നു അപകട സമയത്ത് ബസ് ഓടിച്ചിരുന്ന ബെന്നി. എബിസി ട്രാവല്‍സ് എന്ന പേരില്‍ ട്രാവല്‍ സര്‍വീസ് നടത്തി വരികയായിരുന്നു ഇദ്ദേഹം. പുലര്‍ച്ചെ നോട്ടിംഗ്ഹാമില്‍ നിന്നും വെംബ്ലിയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്നു അപകടത്തില്‍ പെട്ട ബസ്.
പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ രണ്ട് ട്രക്കുകളും ബെന്നി ഓടിച്ചിരുന്ന മിനി ബസും ആണ് ഉള്‍പ്പെട്ടത്. അപകട കാരണം ഉണ്ടാക്കുന്ന രീതിയില്‍ അലക്ഷ്യമായി ഡ്രൈവ് ചെയ്തതിനു രണ്ടു ട്രക്കുകളിലെയും ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ മദ്യലഹരിയില്‍ ആയിരുന്നു വാഹനമോടിച്ചിരുന്നത് എന്നും പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Leave a Reply