ന്യൂസ് ഡെസ്ക്
M1 മോട്ടോർവേ അപകടത്തിൽ ട്രക്ക് ഡ്രൈവർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. നോട്ടിങ്ങാമിലെ സിറിയക് ജോസഫിന്റെയടക്കം എട്ടു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ വിചാരണ തുടരുകയാണ്. ഡ്രൈവർ റിസാർഡ് മസിയേക്ക്, 31 മദ്യപിച്ച് ട്രക്ക് ഓടിച്ചതാണ് അപകടത്തിന്റെ കാരണമെന്ന് കോടതി നിരീക്ഷിച്ചു. അനുവദനീയമായതിനേക്കാൾ ഇരട്ടി ആൽക്കഹോൾ ഡ്രൈവർ ഉപയോഗിച്ചിരുന്നു. അതിനു ശേഷം മോട്ടോർവേയുടെ സ്ളോ ലെയിനിൽ ട്രക്ക് നിർത്തിയിട്ടു. സിറിയക്ക് ജോസഫ് ഓടിച്ചിരുന്ന മിനി ബസ് നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കാതെ വലത്തേയ്ക്ക് ദിശ മാറ്റി മിഡിൽ ലെയിനിലേയ്ക്ക് കയറാൻ ശ്രമിക്കുമ്പോൾ പുറകിൽ നിന്ന് വന്ന് മറ്റൊരു ട്രക്ക് ഇടിക്കുകയായിരുന്നു. ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവർ വാഗ് സ്റ്റാഫ്, 54 ഹാൻഡ്സ് ഫ്രീ കോളിൽ ആയിരുന്നു. കൂടാതെ ട്രക്ക് ക്രൂസ് കൺട്രോളിൽ ആണ് ഓടിച്ചിരുന്നത്. ഇയാൾ കുറ്റം നിഷേധിച്ചിട്ടുണ്ട്. ഈ ഡ്രൈവറുടെ മേൽ ഇതുവരെയും കുറ്റം ചുമത്തിയിട്ടില്ല.
2017 ആഗസ്റ്റ് 26ന് രാവിലെ 2.57 നാണ് ബ്രിട്ടൺ കണ്ട ഏറ്റവും വലിയ മോട്ടോർ വേ അപകടം നടന്നത്. ന്യൂ പോർട്ട് പാഗ്നലിനടുത്താണ് അപകടം ഉണ്ടായത്. 11 ഇന്ത്യൻ ടൂറിസ്റ്റുകളുമായി നോട്ടിങ്ങാമിൽ നിന്ന് ലണ്ടനിലേയ്ക്ക് പോകുമ്പോഴാണ് മിനി ബസ് അപകടത്തിൽ പെട്ടത്. ഡിസ്നി ലാൻഡ് പാരീസിലേയ്ക്കു പോവാനാണ് സംഘം പുറപ്പെട്ടത്. സിറിയക്ക് ജോസഫടക്കം ആറു പുരുഷന്മാരും രണ്ടു സ്ത്രീകളും അപകടത്തിൽ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ നാലു പേർ ആഴ്ചകളോളം ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇതിൽ നാലു വയസുള്ള ഒരു കുട്ടിയുമുണ്ടായിരുന്നു. അപകടത്തിൽ കുട്ടിയുടെ മാതാപിതാക്കൾ കൊല്ലപ്പെട്ടിരുന്നു.
പോളിഷുകാരനായ മസിയേക്ക് ഹാർഡ് ഷോൾഡറുണ്ടായിട്ടും അവിടെ ട്രക്ക് നിറുത്താതെ സ്ളോ ലെയിനിലാണ് പാർക്ക് ചെയ്തത്. ആൽക്കഹോൾ ഉപയോഗിച്ചിരുന്നതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. തന്റെ ബോധം നശിച്ചിരുന്നെന്നും അപകടമാണ് തന്നെ ഉണർത്തിയതെന്നും ഇയാൾ കോടതിയെ അറിയിച്ചു. റെഡിങ്ങിലെ ക്രൗൺ കോർട്ടിൽ വിചാരണ തുടരുകയാണ്.
Leave a Reply