ലോക കേരളസഭയിലെ ഓപ്പൺ ഫോറത്തിൽ ഡോ. എംഎ യൂസഫലിയെ കാണാൻ എബിൻ വന്നത് തന്റെ മരണപ്പെട്ട പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുമോ എന്ന അപേക്ഷയുമായാണ്. എബിന്റെ അച്ഛൻ ബാബുവിന്റെ (46) മൃതദേഹം സൗദിയിലെ ഖമീഷ് മുഷൈക്കിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ ആരും മൃതദേഹം ഏറ്റുവാങ്ങാൻ ഇല്ലാത്തതിനാലാണ് എബിന് അപേക്ഷയുമായി എത്തേണ്ടി വന്നത്.

അപകടത്തിൽ മരിച്ച അച്ഛന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങാൻ ബന്ധുക്കളാരുമില്ല. മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണം. പൊതുവേദിയിൽ എബിൻ, യൂസഫലിക്ക് മുന്നിൽ വച്ച ആവശ്യം. നിമിഷങ്ങൾക്കുള്ളിൽ ലുലു ഗ്രൂപ്പിന്റെ സൗദി ടീമിലേക്ക് ആ വേദിയിൽ നിന്നു തന്നെ യൂസഫലിയുടെ ഫോൺ കോൾ എത്തി.

അദ്ദേഹം ഉടനെ ആശുപത്രി അധികൃതരുമായും ബന്ധപ്പെട്ടു. മൂന്നു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കാമെന്നാണ് അദ്ദേഹം സൗദിയിലെ ഓഫീസിനോട് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ എബിൻ ഒമ്പതാം തീയതി അച്ഛനുമായി സംസാരിച്ചതാണ്. അടുത്ത ദിവസമാണ് അച്ഛന്റെ വിയോഗം എബിൻ അറിഞ്ഞത്.

ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ നോർക്ക റൂട്ട്‌സിൽ ബന്ധപ്പെടുകയും അപേക്ഷ നൽകുകയും ചെയ്തിരുന്നു. ശേഷം മൃതദേഹം ഏറ്റുവാങ്ങാൻ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ട് സൗദിയിലെ ഇന്ത്യൻ എംബസിയിൽ നിന്നും ഫോൺ കോൾ വന്നു. അങ്ങനെ ആരുമില്ലാത്തതാണ് കുടുംബത്തെ കുഴപ്പിച്ചത്. ബാബു 11 വർഷമായി സൗദിയിലായിരുന്നു. മൂന്നര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു മടങ്ങിയത്.