ഷൂട്ടിങ് സെറ്റിലെ അസൗകര്യങ്ങളെക്കുറിച്ച തുറന്ന് പറഞ്ഞ് നടി മാലാ പാര്‍വതി. കാളിദാസ് ജയറാം നായകനാകുന്ന ഹാപ്പി സര്‍ദാര്‍ എന്ന സിനിമയുടെ സെറ്റിലുണ്ടായ പ്രശ്‌നമായിരുന്നു പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിലേക്കും പിന്നീട് വലിയ ചര്‍ച്ചയിലേക്കും എത്തിയത്. പിന്നീട് ആ പ്രശ്‌നം പരിഹരിച്ചുവെന്നും കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും അവര്‍ അറിയിച്ചിരുന്നു.
എന്നാല്‍ ഇതിനു പിന്നാലെ ‘നായകനും നായികയ്ക്കും ഇല്ലാത്ത കാരവന്‍, നായികയുടെ അമ്മ വേഷം ചെയ്യുന്നയാള്‍ക്ക്’ വേണമെന്നും നിര്‍മാതാവിനുണ്ടാകുന്ന ബുദ്ധിമുട്ട് മനസിലാകാത്ത നടിമാരാണ് മലയാള സിനിമയുടെ ശാപമെന്നും നിര്‍മാതാവിന്‍റെ ക്യാഷറായ സഞ്ജയ് പാല്‍ ആരോപണമുന്നയിച്ചിരുന്നു. ഇതോടെയാണ് സെറ്റില്‍ നടന്ന സംഭവത്തിന്റെ അനുഭവം വിവരിച്ചുകൊണ്ട് മാലാ പാര്‍വതി രംഗത്തെത്തിയത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം;
Happy sardar.. എന്ന സിനിമയിൽ അമ്മ നടി കാരവൻ ചോദിച്ചു എന്നൊരാരോപണം Sanjay Pal ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസർടെ കാഷ്യർ ആണ് ആള്. . ചായ, ഭക്ഷണം, ടോയ്ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവൻ ചോദിക്കാൻ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്. ഉച്ചയ്ക്ക് 3 മുതൽ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ തന്നിരുന്നിടത്ത് ബ്ലോക്ക് ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാൻ കാരവൻ എടുത്തു. എന്റെ സ്വന്തം കാശിന്. എല്ലാ പെൺകുട്ടികൾക്കും വേണ്ടി. അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങൾ? Sanjay Pal എന്ന ആൾക്കുള്ള മറുപടിയാണിത്.
ബില്ല് ചുവടെ ചേർക്കുന്നു.
ഈ സെറ്റിലെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. തല്ക്കാലം നിർത്തുന്നു.
Leave a Reply