തന്റെ മകന്‍ അനന്തകൃഷ്ണനെതിരെ മെയ്ക്കപ്പ് ആര്‍ടിസ്റ്റായ സീമ വിനീത് ഉയർത്തിയ ആരോപണത്തിൽ നിലപാടു വ്യകതമാക്കി നടി മാല പാര്‍വതി. മകന്‍ ചെയ്തതിനെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും നിയമപരമായി നേരിടുമെന്നും മാല പാര്‍വതി പ്രതികരിച്ചു. അനന്തകൃഷ്ണന്‍ ഒരു സ്വതന്ത്ര വ്യക്തിയാണെന്നും ചെയ്തതിന്റെ ഉത്തരവാദിത്തം അയാള്‍ സ്വയം ഏറ്റെടുക്കുമെന്നും  മാല പാര്‍വതി പറഞ്ഞു.

സംഭവത്തെക്കുറിച്ച് മാല പാര്‍വതിയുടെ പ്രതികരണം ഇങ്ങനെ: “സംഭവം അറിഞ്ഞപ്പോള്‍ ആ കുട്ടിയെ വിളിച്ച് എന്താണ് സംഭവം എന്ന് ചോദിച്ചു. അമ്മ എന്ന നിലയ്ക്കും സ്ത്രീ എന്ന നിലയ്ക്കും മാപ്പ് പറഞ്ഞു. നിയമപരമായി നീങ്ങാനും പറഞ്ഞു. എന്നിട്ടപ്പോള്‍ തന്നെ പൊലീസില്‍ അറിയിച്ചു. നേരില്‍ കണ്ടാലേ, ഈ വിഷയം തീരൂ എന്ന് അവരുടെ ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു. പിന്നീട് ഒരു വോയ്സ് നോട്ട് കിട്ടി. അതില്‍ നഷ്ടപരിഹാരം കിട്ടിയാലേ ഈ വിഷയം തീരാന്‍ സാധ്യതയുള്ളൂ എന്നും അറിയിച്ചു. നഷ്ടപരിഹാരം എന്ന് പറഞ്ഞതിനു ശേഷം ഞാന്‍ പ്രതികരിച്ചില്ല.”

സീമ വിനീതിന് നേരിടേണ്ടി വന്നത് തികച്ചും ദുഃഖകരമായ അനുഭവമാണെന്ന് പറയുമ്പോഴും സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് മാല പാര്‍വതി മനോരമ ഓണ്‍ലൈനോടു പറഞ്ഞു. “മെയ്ക്കപ്പ് ആര്‍ടിസ്റ്റുമായി അത്തരമൊരു സംഭാഷണം നടത്തിയതായി എന്റെ മകന്‍ സമ്മതിച്ചിരുന്നു. എന്നാല്‍, അത് പരസ്പര സമ്മതത്തോടെ ആയിരുന്നെന്നാണ് അവന്‍ പറയുന്നത്. സത്യമെന്തായാലും പുറത്തു വരണം. ഞാന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഞാന്‍ ഇക്കാര്യത്തില്‍ സീമയ്ക്ക് ഒപ്പമാണ്. മകനെ ഒരിക്കലും പിന്തുണയ്ക്കില്ല. എന്നാല്‍ മകന്‍ പറയുന്നത് അവര്‍ തമ്മില്‍ പരിചയം ഉണ്ടായിരുന്നെന്നും ചാറ്റ് നടത്തിയത് ഉഭയസമ്മതത്തോടെ ആണെന്നുമാണ്.” ‌

എന്നാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാല പാര്‍വതിയെ സമീപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സീമ വിനീത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി. അതിനെക്കുറിച്ച് പാർവതി പറയുന്നതിങ്ങനെ: “സീമ എന്നോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. അത്തരമൊരു ചര്‍ച്ച ഞാന്‍ കേട്ടു എന്നാണ് പറഞ്ഞത്. അവര്‍ അങ്ങനെയൊരു വിഷയം ചര്‍ച്ച ചെയ്യുന്നതായുള്ള ഓഡിയോ ക്ലിപ് എനിക്ക് കിട്ടി. മറ്റൊരു മെയ്ക്കപ്പ് ആര്‍ടിസ്റ്റ് ആണ് അതു അയച്ചു തന്നത്. അവര്‍ പറയുന്നതില്‍ വൈരുദ്ധ്യമുണ്ട്. എന്തായാലും ഇത് ഒതുക്കിതീര്‍ക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍, ഇത് ഉപയോഗിച്ച് ബ്ലാക്ക് മെയിലിങ്ങിനു ശ്രമിച്ചാല്‍ അതു നടക്കില്ല. നിയമപരമായി മുന്നോട്ടു പോകാം. എന്റെ മകന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍, അത് തെളിയിക്കപ്പെടുകയാണെങ്കില്‍ അതിന്റെ ശിക്ഷ അയാള്‍ അനുഭവിക്കട്ടെ,” മാല പാര്‍വതി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏകപക്ഷീയമായ സെക്സ് ചാറ്റാണ് നടന്നതെന്ന സീമ വിനീതിന്റെ ആരോപണത്തില്‍ സംശയമുണ്ടെന്നും പരസ്പര സമ്മതത്തോടെ നടന്ന സംഭാഷണമായിരുന്നെന്ന് സംശയിക്കുന്നതായും മാല പാര്‍വതി വ്യക്തമാക്കി. ഇക്കാര്യം മകന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ബോധ്യപ്പെട്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. ഉഭയസമ്മതപ്രകാരം നടന്നതാണെങ്കിലും മകന്റെ പ്രവര്‍ത്തിയെ ന്യായീകരിക്കില്ലെന്ന് പാര്‍വതി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കണമെന്ന് താരം ആവശ്യപ്പെട്ടു. കൂടാതെ, സെക്സ് ചാറ്റിനു വേണ്ടി ഫെയ്സ്ബുക്ക് പോലെയുള്ള സമൂഹമാധ്യമങ്ങളില്‍ പല സീക്രട്ട് ഗ്രൂപ്പുകള്‍ ഉണ്ടെന്നും അവയ്ക്കെതിരെയും നടപടി വേണമെന്നും മാല പാര്‍വതി പറഞ്ഞു.

അതേസമയം, അനന്തകൃഷ്ണനെതിരെ ഉന്നയിച്ച ആരോപണത്തിന്റെ മറവില്‍ മാല പാര്‍വതിക്കെതിരെ സമൂഹമാധ്യമത്തില്‍ നടക്കുന്ന വ്യക്തിഹത്യയെ അപലപിച്ച് സീമ വിനീത് രംഗത്തു വന്നു. “ഒരു വ്യക്തിക്ക് നേരെ തെളിവുകളോടെ ഞാൻ ഉന്നയിച്ച സത്യങ്ങൾ രാഷ്ട്രീയപരമായി പലരും വളച്ചൊടിക്കുന്നത് കണ്ടു. അതിലെനിക്ക് യാതൊരു പങ്കുമില്ല. ഒരുപക്ഷേ അനന്തന്റെ അമ്മയുടെ മുൻനിലപാടുകൾ ആയിരിക്കാം പലരും ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കാരണം. ഒരു സ്ത്രീയെ അപമാനിച്ച വിഷയത്തെ പിന്തുണയ്ക്കാൻ മറ്റൊരു സ്ത്രീയെ അപമാനിക്കുന്നത് അങ്ങേയറ്റം മോശമാണെന്ന അഭിപ്രായക്കാരിയാണ് ഞാൻ. അതുകൊണ്ട് ഈ വിഷയത്തിലെ രാഷ്ട്രീയമായ പകപോക്കലുകളിൽ എനിക്കൊരു പങ്കുമില്ല,” സീമ വിനീത് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

നഷ്ടപരിഹാരം വാങ്ങാന്‍ നടക്കുന്ന വ്യക്തിയായി തന്നെ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനെതിരെ രൂക്ഷമായ ഭാഷയില്‍ സീമ പ്രതികരിച്ചു. “കൃത്യമായ തെളിവുകളുമായി സത്യം വെളിപ്പെടുത്തിയ എന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് മാത്രമാണ് എനിക്കവരുടെ പേര് വെളിപ്പെടുത്തേണ്ടി വന്നത്. എന്നെ, എന്റെ അഭിമാനം വിറ്റ് പണം വാങ്ങാൻ നടക്കുന്ന ആളായി ചിത്രീകരിക്കുന്ന വ്യക്തിയെ പൂവിട്ടു പൂജിക്കേണ്ട ആവശ്യം ഇല്ല,” സീമ പറഞ്ഞു.

മാല പാര്‍വതിയുടെ മകനും സംവിധായകനുമായ അനന്തകൃഷ്ണനെതിരെ ഗുരുതരമായ ലൈംഗിക ആരോപണം ഉന്നയിച്ച് സീമ വിനീത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടതോടെയാണ് വിഷയം ചര്‍ച്ചയായത്. തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് അന്തകൃഷ്ണന്റെ പേരു വെളിപ്പെടുത്താതെയായിരുന്നു ആദ്യം സീമ ആരോപണം ഉന്നയിച്ചതെങ്കിലും പിന്നീട് മാല പാര്‍തിയുടെ മകനില്‍ നിന്നാണ് മോശം അനുഭവം നേരിട്ടതെന്ന് അവർ തുറന്നു പറഞ്ഞു.