സൈക്കിളില്‍ ഭക്ഷണവിതരണം നടത്തിയ സൊമാറ്റോ ഡെലിവറി ബോയിക്ക് ബൈക്ക് സമ്മാനിച്ച് പോലീസ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഇന്‍ഡോറിലെ വിജയ്നഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് സൊമാറ്റോയുടെ ഭക്ഷണവിതരണ ഏജന്റിന് ബൈക്ക് സമ്മാനിച്ചത്.

പട്രോളിങ്ങിനിടെയാണ് യുവാവിനെ പോലീസുകാര്‍ കാണുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ കാരണമാണ് യുവാവിന് ബൈക്ക് വാങ്ങാന്‍ സാധിക്കാത്തതെന്ന് മനസ്സിലാക്കിയ പോലീസുകാര്‍ ചേര്‍ന്ന് പണമിട്ട് ബൈക്ക് വാങ്ങി നല്‍കുകയായിരുന്നു.

എസ്എച്ച്ഒ തെഹ്സീബ് ക്വാസി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു. ഡൗണ്‍ പേയ്മെന്റായി ഏകദേശം 32,000 രൂപയും ആദ്യ ഇന്‍സ്റ്റാള്‍മെന്റും കൊടുത്തുവെന്നും ബാക്കിയുള്ള അടവ് സ്വന്തം നിലയ്ക്ക് അടച്ചുകൊള്ളാമെന്ന് യുവാവ് സമ്മതിച്ചതായും ക്വാസി കൂട്ടിച്ചേര്‍ത്തു. യുവാവിന് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ സഹായിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോലീസുകാരോട് നന്ദിയുണ്ടെന്ന് യുവാവ് പ്രതികരിച്ചു. മുന്‍പ്, സൈക്കിളില്‍ ആറു മുതല്‍ എട്ടു പാഴ്സല്‍ വരെ ആയിരുന്നു വിതരണം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ രാത്രികാലങ്ങളില്‍ 15-20 ഫുഡ് പാഴ്സലുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുന്നുണ്ട്-ദ ലോജിക്കല്‍ ഇന്ത്യനോട് യുവാവ് പ്രതികരിച്ചു. പോലീസുകാരുടെ നല്ല മനസ്സിനെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയിട്ടുള്ളത്.