ആലപ്പുഴ പള്ളിപ്പാട് നിന്ന് രണ്ടാഴ്ച മുന്‍പ് കാണാതായ വിമുക്തഭടനെ കൊന്നു കുഴിച്ചുമൂടിയതായി കണ്ടെത്തി. പണമിടപാട് സംബന്ധിച്ച വിഷയങ്ങളാണ് അരുംകൊലയ്ക്ക് കാരണം. പള്ളിപ്പാട് സ്വദേശികളായ ശ്രീകാന്ത്, രജേഷ്, വിഷ്ണു എന്നിവരെ ഹരിപ്പാട് പൊലീസ് പിടികൂടി. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് മൃതദേഹം പുറത്തെടുത്തു. റീ പോസ്റ്റുമോര്‍ട്ടവും ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധനയും നടത്തും

കഴിഞ്ഞ പത്താംതീയതിയാണ് പള്ളിപ്പാട് സ്വദേശി എഴുപത്തിഞ്ചുകാരനായ രാജനെ കാണാതാവുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഒരു ഫോണ്‍ വന്നശേഷം വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ രാജനെ പിന്നീട് കണ്ടില്ല. ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. തടിക്കച്ചവടം നടത്തുന്ന രാജന്‍ പലര്‍ക്കും വലിയ തുക ഉള്‍പ്പടെ പലിശയ്ക്ക് കടം കൊടുത്തിരുന്നു. ഇത്തരക്കാരില്‍ ആരെങ്കിലും ആവാം വിളിച്ചിറക്കി കൊണ്ടുപോയതെന്ന ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം നടന്നത്.

ഒടുവില്‍ പള്ളിപ്പാട് സ്വദേശിയായ ശ്രീകാന്ത് പിടിയിലായി. ശ്രീകാന്തിനൊപ്പം രാജേഷ്, വിഷ്ണു എന്നി സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തു. ഇവരിലൊരാളാണ് രാജനെ അവസാനമായി ഫോണില്‍ വിളിച്ചത്. മൂവരും ചേര്‍ന്ന് കൊല്ലപ്പെട്ടയാളെ കാറില്‍ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍പതിഞ്ഞതും കേസിന് തുമ്പായി. ശ്രീകാന്തും രാജേഷും ചേര്‍ന്ന് രാജനില്‍നിന്ന് പത്തു ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. എന്നാല്‍ പലതവണ ആവശ്യപ്പെട്ടിട്ടും തുക തിരികെ നല്‍കിയില്ല.

രാജന്‍ നിരന്തരം ആവശ്യപ്പെട്ടതോടെ പ്രതികള്‍ക്ക് ഇതൊരു ഒരു ശല്യമായി മാറി. തുടര്‍ന്നാണ് കൊല്ലാന്‍ തീരുമാനിക്കുന്നത്. അന്നേദിവസം പ്രതികള്‍ മൂവരും പള്ളിപ്പാട് വില്ലേജ് ഓഫിസ് പരിസരത്തുനിന്ന് രാജനെ കാറില്‍ കയറ്റി. പണം എടുത്ത് തരാമെന്ന് അറിയിച്ചാണ് രാജനെ വിളിച്ചുവരുത്തിയത്. കാറില്‍ വച്ച് ക്ലോറോഫോം മണപ്പിച്ചു. കുതറിയ രാജന്റെ കഴുത്തില്‍ പുറകില്‍നിന്ന് കയറിട്ട് കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പകല്‍സമയമായതിനാല്‍ മൃതദേഹം കാറില്‍തന്നെ കിടത്തി. രാത്രിയായതോെട പള്ളിപ്പാട് തന്നെയുള്ള ആളൊഴിഞ്ഞ വീടിന്റെ പറമ്പില്‍ കുഴിയെടുത്ത് മൂടുകയായിരുന്നു. ഈ സ്ഥലത്ത് പ്രതിയെ എത്തിച്ചാണ് പൊലീസ്് മൃതദേഹം പുറത്തെടുത്തത്.