കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ കാറ്റിൽ പറത്തി വിമാനത്തിനുളളിൽ വിവാഹം കഴിച്ച് മധുര സ്വദേശികളായ ദമ്പതികൾ. മധുരയിൽ നിന്ന് തൂത്തുക്കുടിയിലേക്കുള്ള സ്പൈറ്റ് ജെറ്റ് വിമാനത്തിൽ വച്ചാണ് മധുര സ്വദേശികളായ രാകേഷും ദീക്ഷണയും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം കഴിച്ചത്.
മേയ് 31 വരെ ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടുന്നതായി കഴിഞ്ഞ ശനിയാഴ്ച തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സമ്പൂർണ ലോക്ക്ഡൗണിന് മുന്നോടിയായി തമിഴ്നാട് സർക്കാർ ഒരു ദിവസം ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്നാണ് കഴിഞ്ഞ ആഴ്ച സ്വകാര്യമായി സംഘടിപ്പിച്ച വിവാഹച്ചടങ്ങ് മേയ് 23ന് ചാർട്ടേഡ് വിമാനത്തിൽ വച്ച് വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചത്.
വിവാഹത്തിന്റെ വീഡിയോ ഒരാൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് ആകാശ കല്യാണം വൈറലായി മാറിയത്. യാത്രാമധ്യേ വിമാനത്തിൽ വെച്ച് രാകേഷ് ദക്ഷിണയുടെ കഴുത്തിൽ താലി ചാർത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വരനും വധുവിനും ചുറ്റുമായി ബന്ധുക്കളായ സ്ത്രീകളും ക്യാമറാമാൻമാരും നിൽക്കുന്നത് കാണാം. ഇവരാരും മാസ്കും ധരിച്ചിരുന്നില്ലെന്ന് വ്യക്തമാണ്.
കോവിഡ് പശ്ചാത്തലത്തിൽ വിവാഹത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി തമിഴ്നാട് സർക്കാർ നിജപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് വിവാഹം നടന്നിരിക്കുന്നത്. സംഭവം വിവാദമായതോടെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചവർക്കെതിരെ കേസെടുക്കുമെന്നും ഡിജിസിഎ അറിയിച്ചു.
സംഭവത്തിൽ വിശദീകരണവുമായി സ്പൈസ് ജെറ്റും രംഗത്തെത്തിയിരുന്നു. മധുരയിലുള്ള ട്രാവൽ ഏജന്റ് ആണ് ചാർട്ടേഡ് വിമാനം ബുക്ക് ചെയ്തത്. ഇവരോട് കോവിഡ് മാനദണ്ഡങ്ങളെ കുറിച്ചു വ്യക്തമാക്കിയിരുന്നെന്നും ഒരു ആഘോഷത്തിനും അനുമതി നൽകിയിരുന്നില്ലെന്നും കമ്പനി പറഞ്ഞു.
വിമാനത്തിലുണ്ടായിരുന്ന 130 യാത്രക്കാരും ആർടിപിസിആർ പരിശോധന നടത്തുകയും കോവിഡ് നെഗറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നതായാണ് ദമ്പതികൾ അവകാശപ്പെടുന്നത്.
Leave a Reply