ബിനോയി ജോസഫ്
അനശ്വരതയുടെ പൂന്തോപ്പിൽ ആ കൊച്ചു മാന്ത്രികൻ വിരാജിക്കുന്നു. റോണി ജോൺ വിടവാങ്ങിയിട്ട് ഇന്നു മൂന്നു വർഷം പൂർത്തിയാവുന്നു. യുവത്വത്തിൻറെ പ്രസരിപ്പിൽ ഹണ്ടിംഗ്ടണിൻറെ ആവേശമായിരുന്ന റോണിയെ സ്കൂൾ അവധിക്കാലത്താണ് ദുരന്തം തേടിയെത്തിയത്. യുകെയിലെ മലയാളി സമൂഹത്തെയാകെ ദു:ഖത്തിലാഴ്ത്തി റോണി 2014 ജൂലൈ 24 ന് ഹണ്ടിംഗ്ടണിലെ ഗ്രേറ്റ് ഔസ് നദിയിൽ കാണാതാവുകയായിരുന്നു. മലയാളി സമൂഹത്തിന്റെ ഉള്ളുരുകിയുള്ള പ്രാർത്ഥന വിഫലമായി. എമർജൻസി സർവീസുകൾ മണിക്കൂറുകൾ നീണ്ട തിരച്ചിലിനു ശേഷം റോണിയെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രശസ്ത മജീഷ്യനായ റോയി കുട്ടനാടിൻറെയും ലിസി ജോണിൻറെയും മകനായ റോണി ജോണിൻറെ വേർപാട് ഞെട്ടലോടെയാണ് യുകെയിലെ മലയാളി സമൂഹം ശ്രവിച്ചത്. സെന്റ് പീറ്റേർസ് സ്കൂളിലെ ഇയർ 9 സ്റ്റുഡൻറായിരുന്നു ജോൺ. തൻറെ കൂട്ടുകാരോടൊപ്പം നദിയിൽ സ്കൂൾ അവധിക്കാലം ആഘോഷിക്കാൻ ഇറങ്ങിയ റോണിയെ വിധി തട്ടിയെടുത്തു.
റോണി ജോണിൻറെ മൂന്നാം ചരമദിനത്തിൽ മലയാളം യുകെ കുടുംബത്തിൻറെ സ്നേഹപുഷ്പങ്ങൾ സമർപ്പിക്കുന്നു.
പീറ്റർബറോയിലാണ് റോയിയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. റോണിയുടെ ഓർമ്മയിൽ പ്രാർത്ഥനാ പുഷ്പങ്ങളുമായി ബന്ധുക്കളും സുഹൃത്തുക്കളും റോയിയുടെ വസതിയിൽ ഇന്ന് ജൂലൈ 24 ന് ഒത്തു ചേർന്നു. ഫാ. ജേക്കബ് എബ്രാഹാമിൻറെ നേതൃത്വത്തിൽ അനുസ്മരണ പ്രാർത്ഥന നടന്നു. ബാബു പുല്ലാട് അനുസ്മരണാ പ്രഭാഷണം നടത്തി. റോണി ജോണിൻറെ സ്മരണയിൽ ഒന്നാം ചരമവാർഷികത്തിൽ ഹണ്ടിംഗ് ടൺ അലയൻസ് ഫോർ ഇന്ത്യൻസ്, ലോക്കൽ കൗൺസിലിൻറെ സഹകരണത്തോടെ ഹണ്ടിംഗ്ടണിലെ പാർക്കിൽ റോണി ജോൺ മെമ്മോറിയൽ ബെഞ്ച് സ്ഥാപിച്ചിരുന്നു.
നിരവധി സ്റ്റേജുകളിൽ മാന്ത്രിക വിദ്യയുടെ രസച്ചരടുകൾ സദസിനു മുന്നിൽ അവതരിപ്പിക്കുന്നതിൽ തൻറെ പിതാവ് റോയി കുട്ടനാടിൻറെ വലംകൈയായിരുന്നു റോണി. കലാകായിക പഠനരംഗത്തും മിടുക്കനായിരുന്ന റോണിയുടെ അകാല വേർപാട് പിതാവ് റോയിക്ക് അമ്മ ലിസിയും അനുജൻ റോഷനും താങ്ങാനാവുന്നതിൽ ഏറെയായിരുന്നു. ഹണ്ടിംഗ്ടണിലെ മലയാളി കൂട്ടായ്മയിലെ സജീവസാന്നിധ്യമായിരുന്നു റോണി ജോൺ. റോണിയുടെ മരണത്തെ തുടർന്ന് റോയി കുട്ടനാട് തൻറെ സ്റ്റേജ് ഷോകൾക്ക് ഇടവേള നല്കി. ഒരു വർഷത്തിനുശേഷം റോണിയുടെ അനുജൻ റോഷൻ തൻറെ പിതാവിനൊപ്പം മാജിക് ഷോ പുനരാരംഭിച്ചു.
2011 ലാണ് റോയി കുട്ടനാടും കുടുംബവും യുകെയിലെത്തുന്നത്. ദുബായിയിൽ 18 വർഷത്തോളം ജോലി ചെയ്തതിനു ശേഷമാണ് റോയി മണലാരണ്യത്തോട് വിട പറഞ്ഞത്. മാജിക്കിനെ ജീവനോളം സ്നേഹിക്കുന്ന റോയി എടത്വ പള്ളിപറമ്പിൽ കുടുംബാംഗമാണ്. യുഎഇയിൽ 800 ഓളം സ്റ്റേജുകളിൽ റോയി ഇന്ദ്രജാല പ്രകടനം നടത്തിയിട്ടുണ്ട്. യുകെയിലും നിരവധി സ്റ്റേജുകളിൽ റോയി മാന്ത്രിക ചാരുത പുറത്തെടുത്തു കഴിഞ്ഞു. മാജിക് വിദ്യകൾ യുകെയിലെമ്പാടും എത്തിച്ച് കൂടുതൽ ജനകീയവൽക്കരിക്കാനുള്ള പരിശ്രമത്തിലാണ് റോയി കുട്ടനാട്. (Mobile :07988444567
Leave a Reply