ലണ്ടന്‍: പ്രമേഹ പ്രതിരോധ രംഗത്ത് ഒരു ചുവട് കൂടി നേട്ടമുണ്ടാക്കാനായെന്ന് ശാസ്ത്രജ്ഞര്‍. ടൈപ്പ് 1 പ്രമേഹത്തെ തടയാനുളള മാര്‍ഗമാണ് ഇപ്പോള്‍ വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടുളളത്. കഴിഞ്ഞ ആറ് മാസമായി എലികളില്‍ നടത്തിയ പരീക്ഷണം വിജയമായതായി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. മനുഷ്യ വിത്തുകോശങ്ങളില്‍ നിന്ന് വികസിപ്പിച്ചെടുത്ത ഇന്‍സുലിന്‍ ഉദ്പാദക കോശങ്ങളുപയോഗിച്ചാണ് പരീക്ഷണം നടന്നത്. ഈ കോശങ്ങളെ വളരെ ഫലപ്രദമായി എലികളിലേക്ക് മാറ്റി വയ്ക്കാന്‍ അമേരിക്കയിലെയും ഹാര്‍വാര്‍ഡ് സര്‍വകലാശാല അടക്കമുളള കേന്ദ്രങ്ങളിലെയും വിദഗ്ദ്ധര്‍ക്ക് കഴിഞ്ഞു. എലികളിലേക്ക് മാറ്റി വയ്ക്കപ്പെട്ട ഈ കോശങ്ങള്‍ ഉടന്‍ തന്നെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങി.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ടൈപ്പ്1 പ്രമേഹ രോഗികളെ ഈ പ്രക്രിയയിലൂടെ ഭേദപ്പെടുത്താനാകുമെന്ന ഉറപ്പാണ് ഗവേഷക സംഘം നല്‍കുന്നത്. ഇതേ സാഹചര്യം മനുഷ്യരില്‍ സൃഷ്ടിക്കാനുളള ശ്രമം ഇവര്‍ തുടങ്ങിക്കഴിഞ്ഞു. ഇന്‍സുലിന്‍ ഉദ്പാദക കോശങ്ങള്‍ വന്‍ തോതില്‍ സൃഷ്ടിക്കാനുളള ഗവേഷകരുടെ ശ്രമം ഫലം കണ്ടതായി 2014ല്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഹാര്‍വാര്‍ഡിലെ പ്രൊഫസറായ ഡൗഗ് മെല്‍ട്ടണ്‍ ആണ് പുതിയ കണ്ടെത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തിലെ പ്രധാനി. ഇദ്ദേഹത്തിന്റെ മകന്‍ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ടൈപ്പ് 1 പ്രമേഹ രോഗിയാണെന്ന് കണ്ടെത്തിയതോടെയാണ് ഇത്തരത്തിലുളള ഗവേഷണങ്ങളിലേക്ക് ഇദ്ദേഹം തിരിഞ്ഞത്. മനുഷ്യ ഇന്‍സുലിന്‍ ഉദ്പാദക കോശം വികസിപ്പിച്ചെടുത്തത് ഇദ്ദേഹം തന്നെയാണ്.

ഈ മനുഷ്യ കോശം എലികളില്‍ വച്ചുപിടിപ്പിച്ചതോടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനനുസരിച്ച് ഈ കോശങ്ങള്‍ ഇന്‍സുലിന്‍ ഉത്പാദനം ആരംഭിച്ചു. പഠനം നടന്ന 174 ദിവസ കാലയളവില്‍ ഇവയുടെ അളവ് ആരോഗ്യപരമായി തന്നെ നിലനിര്‍ത്താനും കഴിഞ്ഞു. നേച്ചര്‍ മെഡിസിന്‍, നേച്ചര്‍ ബയോടെക്‌നോളജി തുടങ്ങിയ മാസികകളില്‍ പഠനത്തിന്റെ പൂര്‍ണരൂപം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജുവനൈല്‍ ഡയബറ്റിസ് റിസര്‍ച്ച് ഫൗണ്ടേഷനാണ് പഠനത്തിന് വേണ്ട സാമ്പത്തിക സഹായങ്ങള്‍ നല്‍കിയത്. പുതിയ കണ്ടെത്തലുകള്‍ ടൈപ്പ് 1 പ്രമേഹരോഗികള്‍ക്ക് ഏറെ ഫലപ്രദമാകുമെന്നാണ് നിരീക്ഷണം.