ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം

വാഷിംഗ്‌ടൺ : രാജ്യാന്തര സ്മാർട്ട് ഫോൺ വിപണിയിൽ വൻ നേട്ടവുമായി ഐഫോൺ കുതിക്കുകയാണ്. ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോൺ 12 പ്രോ മാക്സ് ആണ് ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ വരുമാനം പിടിച്ചെടുത്തത്. എന്നാൽ ഓരോ ഐഫോൺ 12 മോഡലിലും ആപ്പിൾ നിർമ്മിച്ച മാഗ്നറ്റിക് ചാർജിംഗ് സംവിധാനമായ മാഗ് സേഫ് മൂലമുണ്ടാകുന്ന ആരോഗ്യപരമായ അപകടസാധ്യതകളെക്കുറിച്ചുള്ള പുതിയ പഠനത്തിലെ കണ്ടെത്തലുകൾ ഈ ആഴ്ച ജേണൽ ഓഫ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (ജാഹ) പ്രസിദ്ധീകരിച്ചു. ജീവൻ രക്ഷാ തെറാപ്പികളെ തടഞ്ഞുനിർത്താൻ ഐഫോൺ 12 ന് സാധിക്കുമെന്ന നിഗമത്തിലാണ് അവർ എത്തിച്ചേർന്നത്. പേസ്‌മേക്കറുകളും ഡീഫിബ്രില്ലേറ്ററുകളും ഉൾപ്പെടുന്ന കാർഡിയാക് ഇംപ്ലാന്റബിൾ ഇലക്‌ട്രോണിക് ഉപകരണങ്ങളുമായി (സിഐഇഡി) വൈദ്യുതകാന്തിക ഇടപെടലിന് കാരണമാകുന്ന മാഗ്‌സെഫിന്റെ കഴിവിൽ നിന്നാണ് പ്രശ്‌നം ഉടലെടുക്കുന്നത്.10 ഗൗസ് കാന്തിക വലയത്തിൽ സി‌ഇ‌ഡികൾ തടസപ്പെടുമെന്നിരിക്കെ നേരിട്ട് ബന്ധത്തിൽ വരുമ്പോൾ ഐഫോൺ 12 പ്രോ മാക്‌സിന്റെ കാന്തിക വലയ ശക്തി 50 ജിയിൽ കൂടുതലാകാമെന്ന് പഠനത്തിൽ പറയുന്നു.

“ആളുകൾ പലപ്പോഴും സ്മാർട്ട്‌ഫോണുകൾ ബ്രെസ്റ്റ് പോക്കറ്റിലാണ് ഇടുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.” അവർ കൂട്ടിച്ചേർത്തു. ജനുവരിയിൽ ഹാർട്ട് റിഥം ജേണൽ നടത്തിയ ഗവേഷണവുമായി ജാഹയുടെ കണ്ടെത്തലുകൾക്ക് സാമ്യമുണ്ട്. ഐഫോൺ 12 ശ്രേണിയിലെ മാഗ് സേഫ് കാന്തങ്ങൾക്ക് “ഒരു രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സയെ തടയാൻ കഴിയും” എന്ന് റിപ്പോർട്ടിൽ പറയുന്നു. അതിനാൽ തന്നെ ഐഫോണും മാഗ് സേഫും സിഐഇഡി ഉപകരണത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിച്ച് ഉപയോഗിക്കേണ്ടതാണെന്ന് റിപ്പോർട്ടിൽ വിശദമാക്കുന്നു.

എല്ലാ ഐഫോൺ 12 മോഡലുകളിലും മുമ്പത്തെ ഐഫോൺ മോഡലുകളേക്കാൾ കൂടുതൽ കാന്തിക ശക്തി അടങ്ങിയിട്ടുണ്ടെങ്കിലും, വൈദ്യശാസ്ത്രത്തിൽ കാന്തിക ഇടപെടലിന് കൂടുതൽ അപകടസാധ്യതയുണ്ടെന്ന് കരുതുന്നില്ലെന്ന് ആപ്പിൾ പ്രതികരിച്ചു. ഈ റിപ്പോർട്ട് പൊതുജന അവബോധത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതായി ജാഹ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി രോഗികൾ ഒരു ഹാർട്ട് റിഥം സ്പെഷ്യലിസ്റ്റുമായി കൂടിയാലോചിക്കാൻ റിപ്പോർട്ട്‌ നിർദ്ദേശിക്കുന്നുണ്ട്. ഈ പുതിയ വിവരങ്ങളുടെ വെളിച്ചത്തിൽ ആപ്പിൾ തങ്ങളുടെ വെബ്‌സൈറ്റിലെ മാഗ് സേഫ് മുന്നറിയിപ്പ് അപ്‌ഡേറ്റ് ചെയ്യുമോ എന്ന് കണ്ടറിയണം. വരാനിരിക്കുന്ന ഐഫോൺ 13 ശ്രേണിയിൽ മാഗ്‌സേഫ് മാഗ്നറ്റുകൾ കൂടുതൽ ശക്തമാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.