ലണ്ടനിൽ ഒരു ഗുരുവായൂരപ്പക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ മഹാനവമി വിജയദശമി ആഘോഷങ്ങൾ ഐക്യവേദിയുടെ ഫേസ്ബുക്ക് പേജ് വഴി വിപുലമായി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളൂന്നു. വിജയത്തിന്‍റേയും ധര്‍മ്മ സംരക്ഷണത്തിന്‍റേയും സന്ദേശമാണ് നവരാത്രി നല്‍കുന്നത്. നവരാത്രി ദിവസങ്ങളിലെ ആദ്യ മൂന്ന് നാള്‍ ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് നാള്‍ ലക്ഷിമിയായും അവസാന മൂന്ന് നാള്‍ സരസ്വതിയായും സങ്കല്‍പ്പിച്ചാണ് പൂജ നടത്തുന്നത്. കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രി ആഘോഷത്തില്‍ പ്രാധാന്യം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ പ്രതിവർഷം ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള കുരുന്നുകളുടെ വിദ്യാരംഭം ഈ വർഷം നടത്തുവാൻ സാധിക്കുന്നതല്ലെന്നു സംഘടകർ അറിയിച്ചു.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒന്നാം ദിവസം – ഒക്ടോബർ 24 ശനിയാഴ്ച, കേരളത്തിന്റെ തനതു ശാസ്ത്രീയ കലകളിൽ ഒന്നായ നങ്ങ്യാർക്കൂത്ത് ഫേസ്ബുക്ക് ലൈവ് ആയി അവതരിപ്പിക്കുന്നു. കൂടിയാട്ടത്തിന്റെ ഒരു ഭാഗമായും, കൂടിയാട്ടത്തിൽനിന്നു വേറിട്ട് ക്ഷേത്രങ്ങളിൽ ഒരു ഏകാംഗാഭിനയ ശൈലിയായിട്ടും ചെയ്തുവരുന്ന ഒരു കലാരൂപമാണ് നങ്ങ്യാർക്കൂത്ത്.

പ്രശസ്ത നങ്ങ്യാർക്കൂത്ത് കലാകാരി കലാമണ്ഡലം കൃഷ്ണേന്ദു അവതരിപ്പിക്കുന്ന കൂത്തിന് അകമ്പടിയേകുന്നത് പ്രശസ്ത മിഴാവ് കലാകാരൻ കലാമണ്ഡലം ധനരാജനാണ്. കേരള കലാമണ്ഡലം കല്പിതസർവ്വകലാശാലയിൽ നിന്ന് 10 വർഷത്തെ കൂടിയാട്ട പഠനം ബിരുദാനന്തര ബിരുദത്തോടെ പൂർത്തിയാക്കിയ കലാമണ്ഡലം കൃഷ്ണേന്ദുവിന്, സി. അച്ചുതക്കുറുപ്പ് സ്മാരക എൻഡോവ്മെൻ്റ്, കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സ്കോളർഷിപ്പ്, കെ.പി.നാരായണപ്പിഷാരോടി സ്മാരക സുവർണ്ണ മുദ്ര, ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട് . കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയിൽ കൂടിയാട്ടത്തിൽ ഗവേഷണം പൂർത്തിയാക്കി. ഇപ്പോൾ അവിടെ താല്ക്കാലിക അദ്ധ്യാപികയാണ് കലാമണ്ഡലം കൃഷ്ണേന്ദു.

കേരള കലാമണ്ഡലത്തിൽ നിന്ന് പോസ്റ്റുഡിപ്ലോമയോടു കൂടി മിഴാവ് പഠനം പൂർത്തിയാക്കിയ കലാമണ്ഡലം ധനരാജന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സ്കോളർഷിപ്പ്, കേരള സംഗീത നാടക അക്കാദമി യുവപ്രതിഭാ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി വേദികളിൽ ചാക്യാർകൂത്ത്, നങ്ങ്യാർ കൂത്ത്, കൂടിയാട്ടം എന്നിവയ്ക്ക് പശ്ചാത്തല വാദകനായി പ്രവർത്തിച്ചിട്ടുള്ളതിനു പുറമെ മിഴാവ് മേളം, മിഴാവിൽ തായമ്പക എന്നിവയും സമകാലിക നാടകാവതരണങ്ങൾക്ക് പിന്നണിയിലും പ്രവർത്തിച്ചിട്ടുണ്ട്.നരസിംഹാവതാരം കഥയെ ആസ്പദമാക്കിയുള്ള സോദാഹരണ പ്രഭാഷണം ഒക്ടോബർ 24 ശനിയാഴ്ച, യുകെ സമയം വൈകിട്ട് 5 മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 9:30) ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഫേസ്ബുക് പേജ് വഴി തത്സമയമായി സംപ്രേക്ഷണം ചെയ്യും.

  വിറാൽ മലയാളി സമൂഹത്തിന്റെ ചിരകാലാഭിലാഷം പൂർത്തിയായി, പുതിയ മലയാളി അസോസിയേഷനു തുടക്കമായി

രണ്ടാം ദിവസം – ഒക്ടോബർ 25 ന്, യുകെ സമയം വൈകിട്ട് 4 മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 8 :30) താനവട്ടത്തിന്റെ തമ്പുരാൻ എന്നറിയപ്പെടുന്ന പ്രശസ്ത കുത്തിയോട്ട സംഗീത സാമ്രാട്ട് ശ്രീ വി വിജയരാഘവകുറുപ്പ് അവതരിപ്പിക്കുന്ന ലളിതാമൃതം സംഗീത സന്ധ്യ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു.

പേള ശ്രീ ജി ശങ്കരകുറുപ്പില്‍ നിന്നും നാല്‍പ്പതു വര്‍ഷം മുന്‍പ് ശിഷ്യത്വം സ്വീകരിച്ച വിജയരാഘവകുറുപ്പ് ആദ്യകാലത്ത് കുത്തിയോട്ട ചുവടുകലനക്കിയെങ്കിലും പിന്നീട് അദ്ദേഹം കാലത്തിന്‍റെ അനിവാര്യതയെന്നപോലെ കുത്തിയോട്ട കമ്മികൾ രചിച്ചു സംഗീതം നൽകി ഭഗവതികളങ്ങളില്‍ ആലപിച്ചു ഒരു നാടിന്റെ തന്നെ ആത്മാവിലേയ്ക്ക് നിസ്തൂല പ്രകാശം നല്കി വിളങ്ങി കൊണ്ടിരിക്കുന്നു.ഉത്തുംഗമായ രചനാപാടവം, ഉദാത്തമായ സംഗീതസന്നിവേശം, ഉജ്വലവും അനുഗ്രഹീതവുമായ ആലാപനനൈര്‍മല്ല്യത ഇതെല്ലാം ഒത്തൊരുമിച്ച അതുല്യ പ്രതിഭയായ ശ്രീ വി വിജയരാഘവകുറുപ്പ് അനവധി ദേശീയ-വിദേശ പുരസ്കാരങ്ങൾക്കും ഫെല്ലോഷിപ്പുകൾക്കും അർഹനായിട്ടുണ്ട്.

ലോകൈശ്വര്യത്തിനും രോഗമുക്തിക്കും ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നതിനോടൊപ്പം എല്ലാ സഹൃദയരെയും മഹാനവമി-വിജയദശമി ആഘോഷങ്ങളിലേക്ക് ഭഗവത് നാമത്തിൽ സ്വാഗതം ചെയ്യുന്നതായി ലണ്ടൻ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് ശ്രീ തെക്കുമുറി ഹരിദാസും, ശ്രീ തേമ്പലത്ത് രാമചന്ദ്രനും അറിയിച്ചു.