പെട്രോള്‍ വില വര്‍ദ്ധവിനെതിരെ ബോളിവുഡ് താരം അനുപം ഖേര്‍ എഴുതിയ ട്വീറ്റ് കുത്തിപ്പൊക്കി മഹാരാഷ്ട്ര മന്ത്രി യഷോമതി താക്കൂര്‍. പെട്രോള്‍ വില സര്‍ക്കാരിനെ ബാധിക്കുന്നില്ല, പക്ഷെ തന്നെ ബാധിക്കുന്നുണ്ട് എന്ന് 2010ല്‍ പങ്കുവച്ച ട്വീറ്റാണ് യഷോമതി താക്കൂര്‍ റീട്വീറ്റ് ചെയ്തിരിക്കുന്നത്.

”എന്റെ ഡ്രൈവര്‍ ഇനി ജോലിക്ക് വരില്ലെന്നാണ് എന്നോട് പറയുന്നത്. കാരണം ചോദിച്ചപ്പോള്‍, പെട്രോള്‍ വില വര്‍ദ്ധനവ് സര്‍ക്കാരിനെ ബാധിക്കുന്നില്ല. പക്ഷെ എന്നെ ബാധിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്” എന്നായിരുന്നു അനുപം ഖേര്‍ ട്വീറ്റ് ചെയ്തത്.

നിലവില്‍ പെട്രോള്‍ വില 100 കടന്നിനാല്‍ താന്‍ പോലും അനുപം ഖേറിന്റെ ഡ്രൈവറെ ഓര്‍ത്ത് വിഷമത്തിലാണ് എന്ന് കളിയാക്കിയാണ് മന്ത്രി ട്വീറ്റ് പങ്കുവെച്ച് കുറിച്ചത്. പെട്രോള്‍ വില വര്‍ദ്ധിക്കുന്നതിനെതിരെ പ്രതികരിക്കാത്തതിനാല്‍ അമിതാഭ് ബച്ചന്‍ അടക്കമുള്ള താരങ്ങളെ മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് നാനാ പട്ടോലെ വിമര്‍ശിച്ചിരുന്നു.

അതേസമയം, മുംബൈയില്‍ പെട്രോള്‍ വില 100 കടന്നു. വിവിധ നഗരങ്ങളിലായി പെട്രോളിന് 29 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഈ മാസം എട്ട് തവണയാണ് ഇന്ധന വില കൂട്ടുന്നത്. 8 തവണയായി പെട്രോളിന് 2 രൂപ 21 പൈസയും ഡീസലിന് 2 രൂപ 36 പൈസയുമാണ് ഉയര്‍ന്നത്.