ദിനേശ് വെള്ളാപ്പള്ളി

സമൂഹത്തിന്റെ നന്മയ്ക്കായി ഏത് അര്‍ദ്ധരാത്രിയിലും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സംഘടനകള്‍ ലോകത്ത് തന്നെ വിരളമാണ്. എന്നാല്‍ ഏറ്റെടുത്ത ദൗത്യം വിജകരമായി പൂര്‍ത്തിയാക്കും വരെ വിശ്രമിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മലയാളികളുടെ അഭിമാനപ്രസ്ഥാനമായി വളരുന്ന സേവനം യുകെ മഹാശിവരാത്രി ദിനത്തില്‍ മഹത്വപൂര്‍ണ്ണമായ ഒരു കടമ കൂടി നിര്‍വ്വഹിച്ചു. മഹാശിവരാത്രി ദിനത്തില്‍ പിതൃമോക്ഷത്തിനായി എത്തുന്ന ഭക്തജനലക്ഷങ്ങളുടെ ആരോഗ്യപരിപാലനത്തിനായി സേവനം യുകെ ഒരുക്കിയ ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടീം മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ കര്‍മ്മനിരതരായി.

ഓരോ മഹാശിവരാത്രി ദിനത്തിലും ലക്ഷക്കണക്കിന് പേരാണ് ആലുവ അദ്വൈതാശ്രമത്തിലും, മണല്‍പ്പുറത്തും ബലിദര്‍പ്പണത്തിനായി എത്തുന്നത്. വൃദ്ധര്‍ മുതല്‍ വിവിധ രോഗാവസ്ഥകള്‍ ഉള്ളവര്‍ വരെ വിശ്വാസപ്രമാണങ്ങള്‍ അനുസരിച്ച് ഇവിടെ എത്തുന്നു. ഇവരുടെ ആരോഗ്യപരമായ കാര്യങ്ങള്‍ കാര്യക്ഷമമായി പരിപാലിക്കാനാണ് സേവനം യുകെ രംഗത്തിറങ്ങിയത്.

സേവനം യുകെ ഒരുക്കിയ സൗജന്യ ആംബുലന്‍സ് സര്‍വീസും, സുസജ്ജമായ മെഡിക്കല്‍ ടീമിന്റെ സഹായവും നൂറുകണക്കിന് ആളുകള്‍ക്ക് ഉപകാരപ്രദമായി. ആലുവ അദ്വൈതാശ്രമത്തിന്റെ തെക്ക് വശത്ത് ഒരുക്കിയിരുന്ന സ്റ്റാളില്‍ വിദഗ്ദ്ധ ഡോക്ടറും, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നിഷ്യന്‍സും, നഴ്സുമാരും അടങ്ങുന്ന വിദഗ്ദ്ധരായ മെഡിക്കല്‍ സംഘം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏത് അടിയന്തര ഘട്ടത്തിലും ജനസഹസ്രങ്ങള്‍ക്ക് ഇടയിലൂടെ സേവനം ലഭ്യമാക്കുന്നത് ശ്രമകരമായ ദൗത്യം തന്നെയായിരുന്നു. എന്നാല്‍ വൈദഗ്ധ്യമുള്ള ഒരു സംഘത്തെ നിയോഗിച്ച് കൊണ്ട് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആംബുലന്‍സും ഉപയോഗപ്പെടുത്തി സേവനം യുകെ ഈ ദൗത്യം ഭംഗിയായി പൂര്‍ത്തീകരിച്ചു.

സ്റ്റാളില്‍ അത്യാഹിത വിഭാഗത്തില്‍ ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളും, മരുന്നുകളും ലഭ്യമാക്കിയിരുന്നു. വ്രതമെടുത്ത് ഉറക്കമൊഴിക്കുന്നത് മൂലം ശാരീരിക ക്ഷീണം അനുഭവപ്പെട്ടവര്‍ക്ക് ഷുഗറും, ബ്ലഡ് പ്രെഷറും പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ ബാധിച്ച നിരവധി വൃദ്ധരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സേവനം യുകെയുടെ സഹായഹസ്തം ആശ്വാസകരമായി.

ആലുവ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വര്‍ഗീസ് അലക്സാണ്ടറുടെ അധ്യക്ഷതയില്‍ ആലുവ അദ്വൈതാശ്രമ മഠാതിപതി ബ്രഹ്മശ്രീ ശിവസ്വരൂപാനന്ദ സ്വാമികളാണ് ഈ വര്‍ഷത്തെ സേവനം യുകെ മെഡിക്കല്‍ സര്‍വ്വീസ് ഉദ്ഘാടനം ചെയ്തത്. ബഹുമാനപ്പെട്ട മന്ത്രി മാത്യു ടി തോമസ് സ്റ്റാള്‍ സന്ദര്‍ശിച്ചു സേവനം യുകെയ്ക്ക് ആശംസകള്‍ അറിയിച്ചു.

സര്‍വ്വമത സമ്മേളനത്തിനു ശേഷം മലയാറ്റൂര്‍ ദുര്‍ഗ്ഗദാസ് അവതരിപ്പിച്ച ഗുരുഗീത് ഭജന്‍സ് ഭക്തജനങ്ങള്‍ക്ക് വേറിട്ട അനുഭവമായി മാറി. മഹാശിവരാത്രി ദിനത്തില്‍ സേവനം യുകെയുടെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ലഭ്യമാക്കാന്‍ ഡയറക്ടര്‍ ബോര്‍ഡും, ഇതിലെ ഓരോ അംഗങ്ങളുടെയും ഒത്തൊരുമയിലൂടെയാണ് സാധ്യമായത്.