വെസ്റ്റന്‍ഡീസ്, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരേ നടക്കുന്ന ട്വന്റി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സീനിയര്‍ താരം മഹേന്ദ്ര സിങ് ധോണിയെ പുറത്താക്കിയ സെലക്ടര്‍മാരുടെ നടപടിയില്‍ ആരാധകര്‍ കട്ടക്കലിപ്പില്‍. 14 വര്‍ഷം മുമ്പ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയതിനു ശേഷം ആദ്യമായാണ് ധോണി മോശം ഫോമിന്റെ പേരില്‍ ടീമില്‍ നിന്ന് പുറത്താകുന്നത്. വെസ്റ്റിന്‍സിനെതിരായ മൂന്നു മത്സര പരമ്പരയ്ക്കും ഓസ്‌ട്രേലിയക്കെതിരായ മൂന്നു മത്സര പരമ്പരക്കുമുള്ള 16 അംഗ ട്വന്റി20 ടീമുകളെ പ്രഖ്യാപിച്ചത്.
ഇതിഹാസ താരത്തിന്റെ കരിയറിന്റെ അവസാനത്തില്‍ നില്‍ക്കുമ്പോഴാണ് താരത്തിന് ടീമില്‍ അവസരം നഷ്ടമായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ധോണി വിരമിച്ചേക്കുമെന്നുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് നേരത്തെ വിരമിച്ച ധോണി അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് മത്സരത്തോടെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍, മോശം ബാറ്റിങ് ഫോമിലുള്ള ധോണിക്ക് ഇനിയൊരവസരം ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമാണെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഋഷഭ് പന്ത്, സഞ്ജു വി സാംസണ്‍ തുടങ്ങിയ യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കാതെയാണ് ധോണിയെ ടീമില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ലോകകപ്പ് മുന്നില്‍ നില്‍ക്കെ ബിസിസിഐ ഇനിയൊരു പരീക്ഷണത്തിന് മുതിരുമോ എന്ന കാര്യത്തില്‍ സംശമാണെന്നും ചില വിലയിരുത്തലുകളുണ്ട്.
വിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയില്‍ വിശ്രമം നല്‍കിയ വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശര്‍മ ടീമിനെ നയിക്കും. ശ്രേയസ് അയ്യര്‍, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയവരും ട്വന്റി20 ടീമുകളിലുണ്ട്. ഓസ്‌ട്രേലിയക്കെതിരായ നാലു ടെസ്റ്റ് പരമ്പരക്കുള്ള 18 അംഗ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. രോഹിത് ശര്‍മ, മുരളി വിജയ്, പാര്‍ഥിവ് പട്ടേല്‍ എന്നിവര്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍, ശിഖര്‍ ധവാന്‍, കരുണ്‍ നായര്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്ക് ഇടമില്ല.
ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), മുരളി വിജയ്, ലോകേഷ് രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, രോഹിത് ശര്‍മ, ഋഷഭ് പന്ത്, പാര്‍ഥിവ് പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജദേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍.
വിന്‍ഡീസിനെതിരായ ട്വന്റി20 ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഖലീല്‍ അഹ്മദ്, ഷഹ്ബാസ് നദീം. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയില്‍ കോഹ്‌ലി തിരിച്ചെത്തുന്നതോടെ ഷഹ്ബാസ് നദീം ടീമില്‍ നിന്ന് പുറത്താവും.
Leave a Reply