മെയ്ഡ്സ്റ്റോൺ: കെന്റിലെ മുൻനിര മലയാളി കൂട്ടായ്മ ആയ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷന്റെ വനിതാ വിഭാഗമായ എംഎംഎ മൈത്രി മാതൃദിനത്തോടനുബന്ധിച്ച് ആഘോഷാരവങ്ങളോടെ മാതൃദിന സംഗമം നടത്തി.
മെയ്ഡ്സ്റ്റോൺ സെന്റ് ആൻഡ്രൂസ് ഹാളിൽ ചേർന്ന മാതൃദിന സംഗമത്തിൽ സൂസൻ അലക്സ് സ്വാഗതം ആശംസിക്കുകയും നിലവിൽ ഉള്ള ഭാരവാഹികളായ ജിമിത ബെന്നി, ജിബി ലാലിച്ചൻ, സൂസൻ അലക്സ് എന്നിവർക്കൊപ്പം മുൻഭാരവാഹികളും സംയുക്തമായി ദീപം തെളിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.
അനു ജോമോൻ ആലപിച്ച ഹൃദയസ്പർശിയായ ഗാനവും സോമിനി മനോജ് നൽകിയ മാതൃദിന സന്ദേശവും ഹർഷാരവത്തോടെ അംഗങ്ങൾ വരവേറ്റു. എംഎംഎ മൈത്രി കുടുംബത്തിലെ ഏറ്റവും പരിചയ സമ്പന്ന ആയ ‘അമ്മ എന്ന നിലയിൽ ഷേർലി ബാബുവിനെ ആദരിച്ചത് ഹൃദ്യമായ അനുഭവമായി. ഷൈനി ജെഫിൻ, ഷേർലി ബാബുവിന് പൂച്ചെണ്ട് നൽകുകയും ഷേർലി ബാബു തന്റെ ‘അമ്മ നില യിലുള്ള അനുഭവങ്ങൾ പങ്കു വക്കുകയും ചെയ്തു.
ദിലിറാണിയുടെ നൃത്ത അവതരണത്തിന് ശേഷം തന്റെ ഔദോഗിക ജീവതത്തിൽ ഉന്നത നേട്ടം കൈവരിച്ച ജിൻസി ബിനുവിന് ജിസ്ന എബി പൂച്ചെണ്ടുകൾ നൽകുകയും അംഗങ്ങൾ എല്ലാവരും അഭിനന്ദിക്കുകയും ചെയ്തു. നാടിന്റെ പൈതൃകം വിളിച്ചോതിക്കൊണ്ട് സൂസി സിസനും സംഘവും അവതരിപ്പിച്ച നാടൻ പാട്ടിനുശേഷം കുഞ്ഞുപൈതലുകളുടെ മുട്ടിൻ മേൽ ഇഴച്ചിൽ മത്സരം ഒരേ സമയം ആവേശവും വൈകാരികവുമായ മാറി.
കുട്ടികൾ പാകം ചെയ്ത കേക്ക് പ്രദർശന മത്സരവും നിമ്മി ബൈജുവിന്റെയും ടാനിയ രഞ്ജുവിന്റേയും നേതൃത്വത്തിൽ നടന്ന കലാപരിപാടികളും വേദിയിൽ ആവേശമായി മാറുകയും ഒപ്പം മനസിക ഉല്ലാസമേകുകയും ചെയ്തു. നാട്ടിൽനിന്നും എത്തിയ മുത്തശിമാർ സമ്മാനദാനം നിർവഹിച്ചു. ദിലി റാണിയുടേയും സൗമ്യ രഞ്ജിഷിന്റെയും നേതൃത്വത്തിൽ മഹിളകൾ ഒന്നടങ്കം പങ്കെടുത്ത തത്സമയ നൃത്തച്ചുവടുകൾ വേദിയെ ഒന്നടക്കം ആവേശത്തിലാഴ്ത്തി. ഈ മാതൃദിനത്തിന്റെ തിലകക്കുറി എന്നോണം എംഎംഎ മൈത്രി അവതരിപ്പിച്ച ‘മൊമ മൊണാലിസ’ മത്സരത്തിലെ വിജയി ആയി ജിസ്ന എബിയെ പ്രഖ്യാപിച്ചവേളയിൽ വേദിയും സദസ്സും അക്ഷരാർത്ഥത്തിൽ ഇളകി മറിഞ്ഞു.
സ്വയം ഉൾകാഴ്ചയും ബലവുമേകാൻ ദിലി റാണിയുടെ മേൽനോട്ടത്തിൽ വനിതകൾക്കുള്ള യോഗ ക്ലാസുകൾ പുരോഗമിക്കുന്നു . മറ്റു മലയാളികൾക്കും മാതൃക ആകാവുന്ന പ്രവർത്തനങ്ങൾ ആണ് എംഎംഎ മൈത്രിയുടെ മുഖമുദ്ര.
Leave a Reply