മറക്കാനാകാത്ത മറ്റൊരു സായാഹ്നം മലയാളി സമൂഹത്തിന് സമ്മാനിച്ചിരിക്കുകയാണ് യുകെയിലെ പ്രമുഖ അസോസിയേഷനായ ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓര്‍ക്കസ്ട്ര ടീം . ഒരുപിടി മികച്ച കലാകാരന്മാര്‍ വേദി കീഴടക്കിയപ്പോള്‍ ‘ രാഗ സന്ധ്യ അവിസ്മരണീയമായി. ഗ്ലോസ്റ്ററിലെ ചര്‍ച്ച് ഡൗണ്‍ കമ്യൂണിറ്റി ഹാളില്‍ ശനിയാഴ്ച വൈകിട്ട് അവതരിപ്പിച്ച രാഗ സന്ധ്യ ഒട്ടനവധി സുന്ദര മുഹൂര്‍ത്തങ്ങളാണ് ഗാന ആസ്വാദകര്‍ക്ക് നല്‍കിയത്.

കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഗാനങ്ങളും നാടന്‍ പാട്ടുകളും ഒക്കെയായി വേദിയെ കീഴടക്കുകയായിരുന്നു കലാകാരന്മാര്‍. രവീന്ദ്രന്‍ മാസ്റ്റര്‍ ഹിറ്റ്‌സ്, ഓള്‍ഡ് ഈസ് ഗോള്‍ഡ്, നാടന്‍ പാട്ടുകള്‍, ഹിന്ദി ആന്‍ഡ് തമിഴ് റൗണ്ട് എന്നീങ്ങനെ നാലു റൗണ്ടുകളായി ഗാനങ്ങള്‍ ആലപിച്ച സംഗീത സായാഹ്നമായിരുന്നു അരങ്ങേറിയത്.
പ്രേക്ഷകര്‍ ആവശ്യപ്പെട്ട ലൈവ് ഗാനങ്ങള്‍ അവതരിപ്പിച്ച് ഏഷ്യാനെറ്റ് ഫെയിം ആന്റണി ജോണ്‍ കൈയ്യടി നേടുകയായിരുന്നു.

കാണികളെ ആവേശത്തിലാഴ്ത്തി അനിലയും രമ്യ മനോജും പരിപാടിയുടെ ആങ്കറിങ്ങ് ഭംഗിയാക്കി.
ആന്റണി ജോണ്‍, ബിന്ദുലേഖ സോമന്‍,ഷെറിന്‍ ജോസഫ്, ഷൈനി മനോജ്, നീതു ചാക്കോ എന്നിവരാണ് ജോണ്‍സണ്‍മാസ്റ്റര്‍ ഹിറ്റുകള്‍ വേദിയില്‍ അവതരിപ്പിച്ചത്. സിറില്‍, രമ്യ, റിന്നി, അനെറ്റ്, നിനു, ദീപ, മേഘ്‌ന ജോണ്‍ എന്നിവര്‍ പഴയ പാട്ടുകള്‍ കൊണ്ട് ഏവരുടേയും ഹൃദയം കീഴടക്കി. സിബി ജോസഫ്, ഫ്‌ളോറന്‍സ് ഫെലിക്‌സ്, സഞ്ജന ,ജീന, മനോജ് എന്നിവര്‍ രവീന്ദ്രന്‍ മാസ്റ്റര്‍ ഹിറ്റ്‌സ് അവതരിപ്പിച്ചു.

റിയ, അജി ഡേവിഡ്,ദേവലാല്‍, ടിജു ആന്‍ഡ് ടിനു, മനോജ് ജേക്കബ്, ബെനിറ്റ ബിനു, രഞ്ജിത്ത് എന്നിവര്‍ തമിഴും ഹിന്ദി ഗാനങ്ങളും കൊണ്ട് ആഘോഷ രാവാക്കി രാഗ സന്ധ്യയെ മാറ്റി. അരുണ്‍, ജെഡ്‌സന്‍, സാലി, സജി, ചിത്ര, ബിനുമോന്‍, പോള്‍സണ്‍ എന്നിവരുടെ നാടന്‍ പാട്ട് കാണികളില്‍ ആവേശം നിറയ്ക്കുകയായിരുന്നു.

ഗ്ലോസ്റ്റര്‍ മലയാളികള്‍ക്ക് മികച്ചൊരു കലാസന്ധ്യയാണ് ഒരുക്കിയത്. ഗ്ലോസ്റ്റര്‍ ഓര്‍ക്കസ്ട്രയുടെ കോര്‍ഡിനേറ്റേഴ്‌സായ ബിനുമോന്‍ കുര്യാക്കോസും സിബി ജോസഫും ആസ്വദിക്കാനെത്തിയ ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞു. മികച്ച ഭക്ഷണവും ഒരുക്കിയിരുന്നു. നാലു മണി മുതല്‍ രാത്രി പത്തു മണിവരെ എല്ലാം മറന്ന് ആഘോഷിക്കുകയായിരുന്നു ഗാന ആസ്വാദകര്‍. ജിഎംഎ പ്രസിഡന്റ് ജോ വില്‍ടണ്‍ കലാകാരന്മാര്‍ക്ക് ആശംസകള്‍ അറിയിച്ചു.