ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലെ എല്ലാ വീടുകളിലും റീസൈക്കിൾ ചെയ്യുന്നതിനും ഭക്ഷണ മാലിന്യ ശേഖരണത്തിനും 2026 മുതൽ വലിയ മാറ്റങ്ങൾ വരുന്നു. റീസൈക്ലിങ് മാനദണ്ഡമാക്കുന്ന പുതിയ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചു. എല്ലാ വീടുകളും സ്കൂളുകളും ഒരേ മെറ്റീരിയലുകൾ പുനരുപയോഗം ചെയ്യും. മാലിന്യനിക്ഷേപം കുറയ്ക്കുന്നതിനായി ആഴ്ചയിലൊരിക്കൽ ഭക്ഷ്യാവശിഷ്ടങ്ങൾ ശേഖരിക്കണമെന്ന നിബന്ധനയും ഉണ്ടാകും. പരിസ്ഥിതി സെക്രട്ടറി തെരേസ് കോഫി നിലവിലെ സംവിധാനം മാറ്റണമെന്ന് അഭിപ്രായപ്പെട്ടു.

ഈ മാറ്റങ്ങൾ കൗൺസിലുകൾക്ക് ഉയർന്ന ചിലവുകൾക്ക് കാരണമാകുമെന്ന് പ്രാദേശിക അധികാരികളെ പ്രതിനിധീകരിക്കുന്ന ഡിസ്ട്രിക്റ്റ് കൗൺസിലുകളുടെ നെറ്റ്‌വർക്ക് മുന്നറിയിപ്പ് നൽകി. ഇംഗ്ലണ്ടിലുടനീളമുള്ള ആളുകൾക്ക് റീസൈക്ലിങ് ലളിതമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. സ്കോ ട്ട്ലൻഡ്, നോർത്തേൺ അയർലൻഡ്, വെയിൽസ് എന്നിവയ്ക്ക് അവരുടേതായ നിയമങ്ങളുണ്ട്.

പള്ളികൾ, ജയിലുകൾ, ചാരിറ്റി ഷോപ്പുകൾ, ഹോസ്റ്റലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഈ നിയമങ്ങൾ പ്രയോഗിക്കുന്നതും പരിഗണിക്കുന്നുണ്ട്. അപകടകരമല്ലാത്ത വ്യാവസായിക മാലിന്യങ്ങൾ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ശേഖരിക്കാം. ഇംഗ്ലണ്ടിലെ നിലവിലുള്ള റീസൈക്ലിംഗ് നിരക്ക് 44% മാത്രമാണ്. ഇത് മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ നയത്തിന്റെ ഭാഗമാണ് ബിൻസ് പ്ലാൻ.