സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടനിൽ തിങ്കളാഴ്ച മുതൽ ആറു പേർക്ക് വരെ ഒത്തുചേരാം. വിവിധ വീടുകളിൽ നിന്നുള്ളവർക്ക് പരസ്പരം സൗഹൃദം പങ്കിടാനുള്ള അവസരമാണിത്. കൂടുതൽ ഔട്ട്ഡോർ ഇളവുകൾ നിലവിൽ വരുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയാണ് ഇത് അറിയിച്ചത്. പൂന്തോട്ടങ്ങളിലും പാർക്കുകളിലും വച്ച് കൂടിക്കാഴ്ച്ച നടത്താവുന്നതാണ്. “ഈ മാറ്റങ്ങൾ അർത്ഥമാക്കുന്നത് സുഹൃത്തുക്കളും കുടുംബവും അവരുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടാൻ തുടങ്ങുമെന്നാണ്. അതവർ ഏറെക്കാലമായി കാത്തിരുന്നതും സന്തോഷകരവുമായ നിമിഷം ആയിരിക്കും. ” ജോൺസൻ പറഞ്ഞു. സർക്കാരിന്റെ അഞ്ച് ടെസ്റ്റുകൾ നേരിടുന്നതിനാൽ ഇത് സാധ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തിങ്കളാഴ്ച മുതൽ ബാർബിക്യൂവും അനുവദിക്കും. കൈകഴുകുക, വ്യക്തിശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നടപടികൾ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് ജോൺസൻ കൂട്ടിച്ചേർത്തു. ആളുകൾ മറ്റ് വീടുകളിൽ രാത്രി താമസിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷിതമായാൽ ചില ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ക്രമേണ ലഘൂകരിക്കുന്നതിന് പാർട്ടി പിന്തുണയ്ക്കുന്നുവെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. സ്‌കോട്ട്‌ലൻഡിൽ രണ്ട് വ്യത്യസ്ത വീടുകളിൽ നിന്നുള്ള ആളുകൾക്ക് വെള്ളിയാഴ്ച മുതൽ ഔട്ട്‌ഡോർ സന്ദർശനം നടത്താം. എന്നാൽ അതിഥികളെ സ്വീകരിക്കാൻ പാടില്ലെന്ന് ഫസ്റ്റ് മിനിസ്റ്റർ നിക്കോളാസ് സ്റ്റർജിയൻ അറിയിച്ചു. വെയിൽസിൽ ഈയൊരിളവ് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. വടക്കൻ അയർലണ്ടിൽ, ജൂൺ 8 മുതൽ 10 പേരുമായി മാത്രം വിവാഹചടങ്ങുകൾ നടത്താം. ആളുകൾ സാമൂഹ്യ അകലം പാലിക്കുകയും കൈകഴുകുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് യുകെ സർക്കാരിന്റെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു. “നിങ്ങൾ ഒരു ബാർബിക്യൂ പോലുള്ള എന്തെങ്കിലും ചെയ്യുകയാണെങ്കിൽ, ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് അത് കൈമാറുമ്പോൾ കൈ കഴുകുന്നില്ലെങ്കിൽ വൈറസ് പടരാനുള്ള സാധ്യത ഏറെയാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ പ്രാദേശിക രോഗവ്യാപനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. എന്നാൽ പ്രാദേശിക ലോക്ക്ഡൗണുകളുടെ ഫലമായി വരുമാനം നഷ്ടപ്പെടുന്ന ആളുകളെ സഹായിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

ബ്രിട്ടനിൽ ഇന്നലെ കോവിഡ് ബാധിച്ച് 377 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 37,837 ആയി ഉയർന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ പുതിയ പഠനപ്രകാരം ഇംഗ്ലണ്ടിലെ 15 പേരിൽ ഒരാൾക്ക് (ഏകദേശം 7%) ഇതിനകം വൈറസ് ബാധിച്ചുകഴിഞ്ഞു. ഇനി കാര്യങ്ങൾ ജാഗ്രതയോടെ ചെയ്യേണ്ടതുണ്ട്. ആളുകളെ ഘട്ടം ഘട്ടമായി നിരീക്ഷിക്കണം. അത് കൈകാര്യം ചെയ്യുന്നതിന് ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റം ഫലപ്രദമായിരിക്കേണ്ടതുണ്ട്.” സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ് അറിയിച്ചു. ഈസ്റ്ററിനുശേഷം, ലോക്ക്ഡൗൺ നടപടികൾ സുരക്ഷിതമായി ലഘൂകരിക്കുന്നതിനായാണ് സർക്കാർ അഞ്ച് വ്യവസ്ഥകൾ ഏർപ്പെടുത്തിയത്. ഉചിതമായ സുരക്ഷാ നടപടികൾ സ്വീകരിച്ചാൽ തിങ്കളാഴ്ച മുതൽ ദന്തചികിത്സ വീണ്ടും തുടങ്ങും. അടുത്ത ആഴ്ച മുതൽ സ്കൂളുകളും ഔട്ട്‌ഡോർ മാർക്കറ്റുകളും കാർ ഷോറൂമുകളും തുറന്ന് പ്രവർത്തിക്കും. ജൂൺ 15 മുതൽ അവശ്യേതര കടകൾക്കും തുറന്ന് പ്രവർത്തിക്കാം. രോഗവ്യാപനം തടയുന്നതിൽ നാം പുരോഗതി കൈവരിച്ചതിനാൽ രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കൽ നടപടി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജോൺസൺ എം‌പിമാരോട് പറഞ്ഞു.