ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലും വെയിൽസിലുമായി പുറത്തിറങ്ങിയ എൻ എച്ച് എസ് കോവിഡ് 19 ആപ് ളിക്കേഷനിൽ ഉപയോക്താക്കൾക്ക് നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് ഉൾക്കൊള്ളിക്കാൻ കഴിയാത്തത് ആശങ്ക സൃഷ്ടിക്കുന്നു. ആപ്പിലൂടെ അല്ലാതെ പരിശോധന ബുക്ക് ചെയ്തവർക്ക് ഫലം നെഗറ്റീവ് ആയാൽ ആ വിവരം ആപ് ളിക്കേഷനിലേക്ക് നൽകാൻ സാധിക്കുന്നില്ല. പരിശോധന ഫലം രജിസ്റ്റർ ചെയ്യുന്നതിന് ആപ്ളിക്കേഷൻ ഒരു കോഡ് ആവശ്യപ്പെടുന്നു. പക്ഷേ റിസൾട്ട് പോസിറ്റീവ് ആണെങ്കിൽ മാത്രമേ കോഡ് ലഭിക്കുകയുള്ളൂ. റിസൾട്ട് നൽകാൻ സാധിക്കാത്തവരുടെ സെൽഫ് ഐസൊലേഷൻ കൗണ്ട്ഡൗൺ ആരംഭിക്കുകയും ചെയ്യുന്നു. ആപ് ളിക്കേഷനിലെ തകരാർ പരിഹരിച്ചു അപ്‌ഡേറ്റ് ചെയ്യുമെന്ന് ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച പ്രവർത്തനം ആരംഭിച്ചതുമുതൽ ഈ പ്രശ്നം നേരിടുന്നുണ്ട്. ആപ്പിലൂടെ അല്ലാതെ ടെസ്റ്റ് ബുക്ക് ചെയ്താൽ നെഗറ്റീവ് റിസൾട്ട് വന്നാലും അത് നൽകാൻ കഴിയില്ലെന്ന് ആപ്പ് പറയുന്നുമില്ല. ഇത് എത്ര പരിശോധനാ ഫലങ്ങളെ ബാധിക്കുമെന്ന് വ്യക്തമല്ല. ആപ്ളിക്കേഷൻ വഴി ബുക്ക് ചെയ്ത ടെസ്റ്റുകൾക്ക് ഫലങ്ങൾ സ്വപ്രേരിതമായി പങ്കിടാൻ കഴിയും. കോവിഡ് പോസിറ്റീവ് ആയ ഒരാളുമായി അടുത്ത ബന്ധം പുലർത്തുന്നവരോട് 14 ദിവസത്തേക്ക് സ്വയം ഒറ്റപ്പെടാൻ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം രാജ്യത്തെ കോവിഡ് വ്യാപനം ആറു മാസം പിന്നിട്ടത്തോടെ ഇപ്പോൾ രണ്ടാം ഘട്ട വ്യാപനമാണ് സംഭവിക്കുന്നത്. ഇംഗ്ലണ്ടിലെ എല്ലാ പ്രദേശങ്ങളും ആദ്യ തരംഗത്തിൽ ആരോഗ്യ പ്രതിസന്ധി നേരിട്ടു. രാജ്യവ്യാപകമായി കേസുകൾ കുറഞ്ഞെങ്കിലും പിന്നീട് ഉണ്ടായ വർദ്ധനവിനെത്തുടർന്ന് ജൂൺ 29ഓടെ ലെസ്റ്റർ സിറ്റിയിൽ പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതായി അധികാരികൾ അറിയിച്ചു. അതിനുശേഷം, കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് നിരവധി പ്രദേശങ്ങൾ പ്രാദേശിക ലോക്ക്ഡൗണിൽ അകപ്പെട്ടു. ഗ്രേറ്റർ മാഞ്ചസ്റ്റർ, ബർമിംഗ്ഹാം, ബ്രാഡ്‌ഫോർഡ്, ബ്ലാക്ക്ബേൺ, പ്രസ്റ്റൺ തുടങ്ങിയ പ്രദേശങ്ങളിൽ ഇപ്പോഴും നിയന്ത്രണം നിലനിൽക്കുകയാണ്. ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പിന്റെ കണക്കനുസരിച്ച്, രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 423,236 കടന്നു. മൊത്തം മരണങ്ങളുടെ എണ്ണം 41,936 ൽ കൂടുതലാണ്.
മാർച്ച് 23ന് ലോക്ക്ഡൗൺ നടപ്പിലാക്കിയ ശേഷം ജൂലൈ 4 ശനിയാഴ്ച മുതൽ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും വീടിനകത്ത് കൂടിച്ചേരാനും അവധിക്കാലം ആഘോഷിക്കാനും പ്രധാനമന്ത്രി അനുവാദം നൽകിയിരുന്നു. സൂപ്പർ സാറ്റർഡേ എന്നറിയപ്പെടുന്ന ഈ ദിവസമാണ് പബ്ബുകളും റെസ്റ്റോറന്റുകളും ഹെയർഡ്രെസ്സറുകളും വീണ്ടും തുറന്ന് പ്രവർത്തിച്ചത്. കൊറോണ വൈറസ് വാക് സിൻ ഇനിയും വൈകുമെന്നുള്ളതിനാൽ സാമൂഹിക അകലം പാലിക്കൽ നടപടികൾ “അടുത്ത വർഷം ഈ സമയം വരെ” നിലനിൽക്കുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി മുന്നറിയിപ്പ് നൽകി. ഏറ്റവും ഒടുവിലായി സെപ്റ്റംബർ 22നാണ് പ്രധാനമന്ത്രി ഇംഗ്ലണ്ടിൽ പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിച്ചത്. രാജ്യം രണ്ടാം ഘട്ട വ്യാപനത്തിന്റെ പാതയിൽ ആയതിനാൽ ഒരു ദേശീയ ലോക്ക്ഡൗൺ ഒഴിവാക്കി, രോഗത്തെ തടയാനാണ് സർക്കാർ ശ്രമിക്കുന്നത്. രോഗവ്യാപനം ഇനിയും ഉയർന്നാൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുവാൻ സാധ്യത ഏറെയാണ്.
Leave a Reply