ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒൻപത് വയസു മുതൽ മൂന്ന് വയസു വരെയുള്ള കുട്ടികൾക്ക് ആഴ്ചയിൽ 30 മണിക്കൂർ സൗജന്യ ശിശു പരിപാലനം എന്ന വാഗ്ദാനം നടപ്പിലാക്കാൻ ലേബർ സർക്കാരിന് സാധിക്കുമോ എന്ന കാര്യത്തിൽ കടുത്ത ആശങ്ക പല കോണുകളിൽ നിന്നും ഉയർന്നു വന്നതായുള്ള വാർത്തകൾ പുറത്തുവന്നു. നിരവധി നേഴ്സറി സ്കൂളിനുള്ള സ്ഥലങ്ങൾ ആണ് ഈ വാഗ്ദാനം നടപ്പിലാക്കാൻ ഗവൺമെൻറ് കണ്ടെത്തേണ്ടത്. സ്ഥല സൗകര്യം ലഭ്യമാണെങ്കിലും ഇത്രയും നേഴ്സറി സ്കൂളുകളിലേയ്ക്ക് ആവശ്യമായ ജീവനക്കാരുടെ എണ്ണവും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തുടക്കത്തിൽ ഇപ്പോൾ കുട്ടികളുടെ എണ്ണം കുറവുള്ള പ്രൈമറി സ്കൂൾ കെട്ടിടങ്ങളിൽ പുതിയ പദ്ധതിക്കായി ഉപയോഗിക്കാം എന്നാണ് കരുതിയിരുന്നത്. ഇത്തരം പ്രൈമറി സ്കൂളുകളിൽ അടുത്ത സെപ്റ്റംബറിൽ ഇംഗ്ലണ്ടിൽ 300 പുതിയ സംസ്ഥാന നേഴ്സറികൾ തുറക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രാരംഭഘട്ടത്തിനായി അനുവദിച്ചിരിക്കുന്ന 15 മില്യൺ പൗണ്ട് മൂലധന സഹായം പദ്ധതിയുടെ ചിലവുകൾ വഹിക്കാൻ പര്യാപ്തമല്ലെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇപ്പോൾ തന്നെ നിലവിലുള്ള നേഴ്സറികളിൽ മോശം വേതനം ലഭിക്കുന്ന ജീവനക്കാരെ പിടിച്ചുനിർത്താൻ ബുദ്ധിമുട്ടുകയാണ്. പ്രൈമറി സ്കൂളിലെ കുട്ടികളെ അപേക്ഷിച്ച് തീരെ കുഞ്ഞു കുട്ടികൾക്ക് മതിയായ സ്ഥലവും സൗകര്യവും വേണമെന്ന മുന്നറിയിപ്പാണ് ഈ രംഗത്തെ വിദഗ്ധർ പങ്കു വയ്ക്കുന്നത്.
9 മുതൽ 3 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ആഴ്ചയിൽ 30 മണിക്കൂർ സൗജന്യ ശിശു പരിപാലനം നടപ്പിലാക്കാനുള്ള ഗവൺമെൻറ് പദ്ധതി നടപ്പിലാക്കുമ്പോൾ മലയാളി കുടുംബങ്ങൾക്കും അനുഗ്രഹപ്രദമാകും. നിലവിൽ കുഞ്ഞു കുട്ടികളുള്ള മലയാളി കുടുംബങ്ങളിൽ ഒരേസമയം ഭാര്യയ്ക്കോ ഭർത്താവിനോ മാത്രമേ ജോലിക്ക് പോകാൻ സാധിക്കുകയുള്ളൂ. അല്ലെങ്കിൽ കുട്ടികളുടെ പരിപാലനത്തിനായി മാതാപിതാക്കളെ കേരളത്തിൽനിന്ന് കൊണ്ടുവരണം. ശിശുപരിപാലനം നേഴ്സറി സ്കൂളുകൾ ഏറ്റെടുക്കുന്നതിലൂടെ ലഭിക്കുന്ന അധിക സമയം ജോലിക്കായി വിനിയോഗിക്കാമെന്നതാണ് ഈ പദ്ധതിയുടെ നേട്ടമായി യു കെ മലയാളികൾ കാണുന്നത്.
Leave a Reply