ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- കോവിഡ് മാനദണ്ഡങ്ങളിൽ പുതിയ മാറ്റങ്ങൾ വരുത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് യുകെ ഗവൺമെന്റ്. മാതാപിതാക്കൾ രണ്ട് ഡോസ് വാക്സിൻ എടുത്തവരെങ്കിൽ, വാക്സിനേഷൻ ലഭിക്കാത്ത 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഇവരോടൊപ്പം മറ്റ് രാജ്യങ്ങളിലേക്ക് അവധിക്കാലയാത്രകളും മറ്റും ചെയ്യാനുള്ള അനുമതി ഓഗസ്റ്റ് മുതൽ ഉണ്ടാകും. ഇതോടൊപ്പം തന്നെ രണ്ട് ഡോസ് വാക്സിൻ എടുത്ത ശേഷം ആമ്പർ ( യെല്ലോ ) ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ക്വാറന്റൈൻ ഒഴിവാക്കുന്ന കാര്യവും സർക്കാരിന്റെ ആലോചനയിലുണ്ട്. ഇത്തരം പുതിയ നടപടികൾ ഒക്കെ തന്നെ ഓഗസ്റ്റ് മുതൽ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ സ്കൂൾ അവധിക്കാലം കുട്ടികൾക്ക് നഷ്ടമാകാതിരിക്കാനായി, ജൂലൈ 19 മുതൽ തന്നെ ഈ നിയമങ്ങൾ നടപ്പിലാക്കാൻ മന്ത്രിമാരുടെ മേൽ സമ്മർദ്ദം ഏറിവരികയാണ്.
പുതിയ നിയമങ്ങൾ അനുസരിച്ച് 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് രണ്ട് ഡോസ് വാക്സിൻ എടുത്ത മാതാപിതാക്കളോടൊപ്പം മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി ഉണ്ടാകും. രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്ത ശേഷം രണ്ടാഴ്ച കഴിഞ്ഞ് മാത്രമേ ഇത്തരം യാത്രകൾ ചെയ്യാൻ പാടുള്ളൂ എന്നാണ് ആരോഗ്യവിദഗ് ധർ നിഷ് കർഷിക്കുന്നത്. ഇതോടൊപ്പം തന്നെ വിവിധ ലിസ്റ്റിൽ പെട്ട രാജ്യങ്ങളുടെ കാര്യത്തിൽ ഈ ആഴ്ച അവസാനത്തോടുകൂടി മാറ്റങ്ങൾ ഉണ്ടാകും. നിലവിലെ നിയമങ്ങൾ അനുസരിച്ച്, ഗ്രീൻ ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത് തിരിച്ചെത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമില്ല. എന്നാൽ ഇത്തരത്തിലുള്ളവർ തിരിച്ചെത്തി കോവിഡ് ടെസ്റ്റ് നടത്തേണ്ടത് ആവശ്യമാണ്. അതോടൊപ്പം തന്നെ നിലവിൽ ആംബർ ലിസ്റ്റിൽ പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക്, തിരിച്ചെത്തിയ ശേഷം പത്ത് ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ഗ്രീസ് എന്നീ രാജ്യങ്ങളാണ് നിലവിൽ ആമ്പർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിലേക്ക് യാത്രചെയ്ത് തിരിച്ചെത്തുന്നവർ, ഗവൺമെന്റ് അംഗീകൃത ഹോട്ടലിൽ പത്ത് ദിവസം ക്വാറന്റൈനിൽ കഴിയണമെന്നാണ് നിലവിലെ നിയമം. എന്നാൽ ഈ നിയമങ്ങൾ എല്ലാം തന്നെ ഒരു മാറ്റം ഈയാഴ്ച അവസാനത്തോടുകൂടി ഉണ്ടാകുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
Leave a Reply