ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ഹാംഷെയർ ഹോസ്പിറ്റലിൽ 450 പേർ മരിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. 19 പേരെയാണ് ഇതുവരെ പ്രതികളായി തിരിച്ചറിഞ്ഞിരിക്കുന്നത്. ഒപിയോയിഡുകളുടെ അമിതമായ ഉപയോഗമാണ് രോഗികൾ അകാലത്തിൽ മരണമടയുന്നതിന് കാരണമായി കണ്ടെത്തിയിരിക്കുന്നത്. 750ലധികം രോഗികളുടെ രേഖകൾ പരിശോധിച്ചു വരികയാണെന്ന് കേസ് അന്വേഷണം നിയന്ത്രിക്കുന്ന കെന്റ് ആൻഡ് എസെക്‌സ് സീരിയസ് ക്രൈം ഡയറക്ടറേറ്റ് അറിയിച്ചു.

അമിതമായ വേദന സംഹാരി മരുന്നിന്റെ ഉപയോഗം മൂലം 450 -ലധികം ആളുകളുടെ ആയുസ്സ് കുറഞ്ഞതായുള്ള റിപ്പോർട്ട് കടുത്ത നാണക്കേടാണ് രാജ്യത്തെ ആരോഗ്യ സംവിധാനത്തിന് ഉണ്ടാക്കിയത്. യുകെ പോലീസ് നടത്തിയ ഏറ്റവും സങ്കീർണമായ അന്വേഷണമെന്നാണ് പ്രതികളെ കണ്ടെത്തിയതിനെക്കുറിച്ച് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ നീൽ ജെറോം പറഞ്ഞത് . 750 രോഗികളുടെ ഏകദേശം മൂന്ന് ദശലക്ഷത്തിലധികം പേജുകളിലായുള്ള രേഖകളാണ് അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ പോലീസ് പരിശോധിച്ചത്. 1150 -ലധികം സാക്ഷികളിൽ നിന്ന് മൊഴിയെടുത്ത അന്വേഷണ സംഘത്തിൽ 150 പോലീസുകാരാണ് ഉണ്ടായിരുന്നത്.


വേദനസംഹാരിയായി ഉപയോഗിക്കുന്ന ഒരുകൂട്ടം മരുന്നുകളാണ് ഒപിയോയിഡുകൾ എന്ന് അറിയപ്പെടുന്നത്. തലച്ചോറിലെ കോശങ്ങളിൽ പ്രവർത്തിക്കാനും വേദന ശമിപ്പിക്കാനും ലഹരി പ്രദാനം ചെയ്യാനും ഇവയ്ക്ക് കഴിയും. പോപ്പി ചെടിയിൽ നിന്നോ, കറുപ്പിൽ നിന്നോ ആണ് ഈ ഗണത്തിൽ പെടുന്ന മരുന്നുകൾ നിർമ്മിക്കുന്നത് . വേദന ശമിപ്പിക്കാൻ ഈ മരുന്നുകൾ ഫലപ്രദമാണെന്നും എന്നാൽ ഇവയുടെ ഉപയോഗം ഇവയുടെ അടിമകളായി ഉപയോഗിക്കുന്നവരെ മാറ്റുകയും ചെയ്യും. ഒപ്പിയോയിഡുകൾ അമിതമായി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കും.