കൊറോണ വൈറസിൻ്റെ വ്യാപനം യുകെയിൽ നിയന്ത്രണാതീതമായി തുടരുന്നതിനിടയിൽ ഗവൺമെൻറിൻറെ ലോക്ക്ഡൗൺ നടപടികളോട് ശക്തമായി പ്രതികരിച്ച് പ്രമുഖ സൂപ്പർമാർക്കറ്റുകൾ രംഗത്ത് വന്നു. ഭാര്യയും ഭർത്താവും ഒന്നിച്ചുള്ള കപ്പിൾ ഷോപ്പിങ്ങും ഫാമിലി ഷോപ്പിങ്ങും പ്രമുഖ സൂപ്പർമാർക്കറ്റുകൾ ആയ സൈൻസ്ബറീസ്, ടെസ്‌കോ, വെയ്‌ട്രോസ് എന്നിവ ഇനി മുതൽ ലോക്ക്ഡൗൺ കാലഘട്ടത്തിൽ അനുവദിക്കുന്നതല്ല. ഇന്ന് അർദ്ധരാത്രി മുതലാണ് യുകെയിലെ ലോക്ക്ഡൗൺ ആരംഭിക്കുന്നത്.

കൊറോണ വൈറസിൻ്റെ രണ്ടാംവരവിൽ കഴിഞ്ഞ മാർച്ച് ഏപ്രിൽ മാസങ്ങളിലെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ കൂടുതൽ ഉണ്ടായതിനെ തുടർന്നാണ് സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളുടെ ഈ നീക്കം . സൂപ്പർ മാർക്കറ്റുകളുടെ ഈ നീക്കത്തോട് ആരോഗ്യവിദഗ്ധർ വളരെ നല്ല രീതിയിൽ ആണ് പ്രതികരിച്ചിരിക്കുന്നത് . കാരണം ലോക്ക്ഡൗൺ പോലെ ഇങ്ങനെയുള്ള ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്ന ഈ അവസരത്തിൽ കുടുംബവുമായി ഷോപ്പിങ്ങിന് പോകേണ്ട ആവശ്യകത ഇല്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കൊറോണയെ നേരിടാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മാർച്ചിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്നെ പല സൂപ്പർമാർക്കറ്റുകളും ഒരു കുടുംബത്തിലെ ഒന്നിൽ കൂടുതൽ ആളുകൾ ഷോപ്പിങ്ങിനായി വരുന്നത് വിലക്കിയിരുന്നു

ഈ ദിവസങ്ങളിൽ ലോക്ക്ഡൗണിന് മുന്നോടിയായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നു ജനങ്ങളിൽ ഭൂരിപക്ഷവും. ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും അവശ്യസാധനങ്ങളുടെ ദൗർലഭ്യം ഉണ്ടാകില്ല എന്നും മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതിനെയെല്ലാം അവഗണിച്ചു കൊണ്ടാണ് ആളുകൾ സാധനങ്ങൾ വാങ്ങി കൂട്ടാൻ തിരക്ക് കൂട്ടിയത്. കഴിഞ്ഞ മാർച്ച് മാസത്തിലും ലോക്ക്ഡൗണിന് മുന്നേയുള്ള ദിവസങ്ങളിൽ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. . സാമ്പത്തികമാന്ദ്യത്തിന് കാരണമാകുമെങ്കിലും രണ്ടാം ലോക്ക്ഡൗൺ എന്ന കടുത്ത നടപടിയിലേക്ക് രാജ്യം നീങ്ങാൻ ഉള്ള കാരണം മഞ്ഞുകാലത്ത് കൊറോണ വ്യാപനം ഉയരാനും മരണനിരക്ക് കൂടാനുള്ള ദുരന്തസാധ്യത മുന്നിൽകണ്ടാണ്.