യു.കെയിലെ വിവിധ സംഗമങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്ന കുടുംബ സൗഹൃദ കൂട്ടായ്മയായ മാൽവേൺ സംഗമം അതിന്റെ പത്താം വാർഷികം സമുചിതമായി ആഘോഷിച്ചു. മാൽവേനിൽ നിന്നും ജോലി സംബന്ധമായി യു.കെയിലെ മറ്റു പ്രദേശങ്ങളിലേക്കു കുടിയേറിയ മലയാളി കുടുംബങ്ങളെ ഒന്നിച്ചു ചേർത്ത് സഹൃദം പുതുക്കുന്നതിനും ഓർമ്മകൾ അയവിറക്കുന്നതിനുമാണ് വർഷം തോറും മാൽവേൻ സംഗമം സംഘടിപ്പിച്ചു വരാറുള്ളത്.
മാൽവേൻ മലയുടെ താഴ്‌വരയിലുള്ള ഹെൻലി കാസിൽ സ്കൂളിൽ വച്ചു കേരള ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് ഭദ്രദീപം തെളിച്ചാണ് ഇത്തവണത്തെ മാൽവേൺ സംഗമത്തിന് തുടക്കമിട്ടത്. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷൻ ഭാരവാഹികളും കൂടാതെ യു.കെ മലയാളികളുടെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടന ആയ യുക്മയുടെ ദേശീയ നേതാക്കളും ഉത്ഘാടന ചടങ്ങിന് സാക്ഷികളായി. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപ്രകടനങ്ങൾ ചടങ്ങിന് മാറ്റേകി. മാൽവേൺ മങ്കമാരുടെ നൃത്തനൃത്യങ്ങളും, ഒപ്പം മാൽവേൺ റോയല്സിലെ ചെറുപ്പക്കാരുടെ അടിപൊളി ഡാൻസും കാണികളെ ഹരം കൊള്ളിച്ചു.
മാൽവേനിലെ കുരുന്നുകളുടെ പ്രകടനം നിറഞ്ഞ കൈയടിയോടെയാണ് കാണികൾ ഏറ്റു വാങ്ങിയത്. അതിഥികളായി എത്തിച്ചേർന്നവർ ആവേശതിമിർപ്പിൽ അതിഗംഭീര പ്രകടനമാണ് വേദിയിൽ കാഴ്ച വച്ചത്. കേരളത്തിൽ നിന്നും യുകെ സന്ദർശിക്കാനെത്തിയ മാതാപിതാക്കൾക്കും ഇത്തവണത്തെ മാൽവേൻ സംഗമം ഒരു നവ്യാനുഭവം ആയിരുന്നു.വളരെ സ്വാദിഷ്ടമായ കേരള തട്ടുകട മാതൃകയിൽ ഉള്ള “ലൈവ് ഫുഡ്” എല്ലാവരെയും ഹടാദാകാർഷിച്ചു. സംഗമത്തിന് മുന്നോടിയായി കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക നൃത്ത പരിശീന ക്‌ളാസുകൾക്ക് ഷൈജ നോബിയും ജെയ്മി റോക്കിയും നേതൃത്വം നൽകി.
Leave a Reply