കാരൂർ സോമൻ

കേരള സംസ്കാരത്തിന് ഏൽക്കുന്ന അപമാനമാണ് മനുഷ്യത്വരഹിതമായ കേരളത്തിലെ കൊലപാതകങ്ങൾ. ഇത് ലോകം കണ്ടുകൊണ്ടിരിക്കുന്ന ഹിംസയാണ്. കണ്ണൂരിലെ ഒരു മൽസ്യ തൊഴിലാളിയുടെ കാൽ വെട്ടിമാറ്റികൊണ്ട് ക്രൂരന്മാരായ ഭീകരർ കേരളത്തെ ഉത്കണ്ഠയുടെ മുൾമുനയിൽ നിർത്തിയ കാഴ്ചയാണ് ലോകം കണ്ടത്. മനുഷ്യമനസ്സിന്റ മാധുര്യമറിയാത്ത രാഷ്ട്രീയ വർഗ്ഗിയ നാട്ടുഭ്രാന്തന്മാർ മനുഷ്യരെ ക്രൂരമായി കൊല്ലുന്നു. മനുഷ്യർ മനുഷ്യനെ കൊന്നൊടുക്കുന്നത് വിദേശ മലയാളികൾ പേടിസ്വപ്നം പോലെ കാണുന്നു. കേരളത്തിൽ നിന്ന് യുവതി യുവാക്കൾ പാലായനം ചെയ്തുകൊണ്ടിരിക്കുന്നതിന്റ പ്രധാന കാരണം രാഷ്ട്രീയ വർഗ്ഗിയ അസമത്വവും ഒറ്റപ്പെടലുമാണ്. കഷ്ടപ്പെട്ട് പടിക്കുന്നവന് തൊഴിൽ ലഭിക്കുന്നില്ല. അത് പലരും വീതം വെക്കുന്നു. സാഹിത്യ രംഗത്തും ഈ അനീതി തുടരുന്നു. അഴിമതിയും അനീതിയും അക്രമവും കൊലപാതകങ്ങളും നിലനിൽപ്പിന്റെ അടിത്തറയാക്കുന്നു. ഈ കൂട്ടരുടെ അടിത്തറയിളക്കാൻ, ആട്ടിയോടിക്കാൻ എഴുത്തുകാരൻപോലും മുന്നോട്ട് വരുന്നില്ല. അവർക്ക് തൻകാര്യം വൻകാര്യമാണ്. മലയാളികൾ പാർക്കുന്ന ഗൾഫ്, വികസിത രാജ്യങ്ങളിൽ ആരും ഇങ്ങനെ രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്നത് കാണാറില്ല. ജാതി മത അസഹിഷ്ണത നടത്തുന്നില്ല. മറ്റൊരാളിന്റ ജീവൻ നഷ്ടപ്പെടുത്തുന്നവനെ പ്രഹരിക്കുക, ഇരുമ്പഴിക്കുള്ളിലാക്കുകയല്ല വേണ്ടത് കതിർകറ്റപോലെ ചവുട്ടിമെതിച്ചു് ജീവനെടുക്കണം. കൊല്ലുന്നവൻ കൊല്ലപ്പെടണം. അതാണ് മനുഷ്യ നീതി. അതിന് ഉദാത്തമായ ഉദാഹരങ്ങളാണ് ഗൾഫ് , വികസിത രാജ്യങ്ങൾ. അതിനാൽ അവിടെ കുറ്റവാളികളുടെ എണ്ണം കുറയുന്നു.

സമൂഹത്തെ ചുഷണം ചെയ്യുന്ന ബൂർഷ്വ ഫ്യൂഡൽ വർഗ്ഗിയ വാദികളുടെ ശിരസ്സുകൾ അരിഞ്ഞുവീഴ്ത്തുകയല്ല ഇവർ ചെയ്യുന്നത് പാവങ്ങളുടെ ശിരസ്സും കൈയ്യും കാലുകളും ആർക്ക് വേണ്ടിയോ ഈ കാട്ടു മൃഗങ്ങൾ വെട്ടി മാറ്റുന്നു. ഇരുട്ടിന്റെ പ്രവർത്തികൾക്കതിരെ പൊരുതേണ്ട മനുഷ്യർ ഇരുളിന്റെ മറവിൽ വന്യമൃഗങ്ങളെപോലെ പാവങ്ങളെ പതിയിരുന്ന് വെട്ടിക്കൊല്ലുന്നു. ഒരു ജീവനെ രക്ഷിക്കാൻ കഴിയാത്തവർ ആ ദുരന്തത്തിന് സാക്ഷികളായിട്ടല്ല വരേണ്ടത് അതിലുപരി രാഷ്ട്രീയ ജാതിക്കോമരങ്ങളെ സമൂഹത്തിൽ നിന്ന് പിഴുതെറിയാൻ രംഗത്ത് വരണം. ഏത് പ്രത്യയ ശാസ്ത്രമാണെങ്കിലും ഏത് രാഷ്ട്രീയമാണെങ്കിലും ഒരാളോട് വൈര്യമുണ്ടെങ്കിൽ ക്രൂരമായി ഒരാളെ കൊല്ലുകയാണോ വേണ്ടത്? ഇവർ പ്രാർത്ഥിക്കാൻ പോകുന്ന ദേവാലയ ദൈവങ്ങൾക്ക് ഈ കപട വിശ്വാസികളെ തിരിച്ചറിയില്ല എന്നാണോ?

ഇവർ സമൂഹത്തിലെ വിഷ വിത്തുകളാണ്. വെട്ടിനശ്ശിപ്പിക്കണം, സമൂഹത്തിൽ വെറുപ്പും ഭീതിയും അസഹിഷ്ണതയും വളർത്തുന്നവരുടെ ഉദ്ദേശം അധികാരമോഹമാണ്. ഈ കൊല്ലുന്നവനെയും ഒരമ്മ പ്രസവിച്ചതല്ലേ? കൊല്ലപ്പെട്ടവന്റെ അമ്മ, അച്ഛൻ, സഹോദര സഹോദരി, ഭാര്യ, കുഞ്ഞിന്റെ നേർക്ക് ആർക്കാണ് സ്വാന്തനം ചൊരിയാൻ കഴിയുക? കുറെ ലക്ഷങ്ങൾ കൊടുത്താൽ തീരുന്നതാണോ ആ തീരാദുഃഖം. ഈ ചീഞ്ഞളിഞ്ഞ മനസ്സുമായി ജീവിക്കുന്ന സാമൂഹ്യദ്രോഹികളെ മരവിച്ച മനസ്സോടെ മാത്രമല്ല കാട്ടുമൃഗങ്ങളായിട്ടേ മനുഷ്യർക്ക് കാണാൻ സാധിക്കു. ആധുനിക കേരളത്തിന്റ സാംസ്കാരിക സാമൂഹ്യ ബോധം പഠിപ്പിക്കുന്നത് ജനാധിപത്വ സുരക്ഷയെക്കാൾ ബൂർഷ്വ മുതലാളി വർഗ്ഗിയവാദികളുടെ രക്ഷയാണ്. നമ്മുടെ നിയമസംഹിതയുടെ അഭാവമാണ് കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുന്നത്. ഇതിന്റെ തലപ്പത്തിരിക്കുന്നവർ അറിയേണ്ടത് ഭീതിജനകമായ വിധം കേരളം മൃഗീയതയിലേക്ക് പോയ്‌കൊണ്ടിരിക്കുന്നു. കൊല്ലുന്നവനും ചാകുന്നവനും കൊടുക്കുന്ന കപട വീരപരിവേഷം എന്നാണ് അവസാനിക്കുക?

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരളത്തിലെ മത രാഷ്ട്രീയ ഗുണ്ടകൾ പാവങ്ങളെ കശാപ്പ് ചെയ്യുന്നത് കേരളത്തിന്റെ ദുഃഖ ദുരിതങ്ങൾ മാറ്റാനല്ല. അവരുടെ മടിശീല കനക്കാനും ഇവർ വഴി ബൂർഷ്വ മുതലാളിത്വ വർഗ്ഗിയ രാഷ്ട്രീയ വാഴ്ച നിലനിർത്താനുമാണ്. സത്യത്തിൽ ഇതൊക്കെ വെളിപ്പെടുത്തുന്നത് രാഷ്ട്രീയ ശൂന്യതയാണ്. ധർമമല്ല അധർമമാണ്. പാവങ്ങളെ കൊന്നൊടുക്കുന്നവർ മത തീവ്രവാദികളോ ഭീകരരോ? ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ രാഷ്ട്രീയ പാർട്ടികൾ പരസ്പരം പഴിചാരിയും പോർവിളി നടത്തി റീത്തുവെച്ചു് വിലപിച്ചിട്ട് കാര്യമില്ല. ഈ ഭീകര ഗുണ്ടകളുടെ മടിശീല കനപ്പിക്കാതെ, ജയിലിൽ സുഖ വാസ ജീവിതം കൊടുക്കാതെ കഴുമരത്തിലെത്തിക്കണം. രാഷ്ട്രീയ ലാഭമുണ്ടാക്കേണ്ടത് കൊലപാതക രാഷ്ട്രീയത്തിലൂടെയല്ല. ഇന്ത്യയിലെ പാവങ്ങൾ നിത്യവും ഭയത്തിലും ഭീഷണിയിലും കഴിയുന്നു. ദേശീയതലത്തിൽ നമ്മൾ വിദ്യയിലും, സാമ്പത്തിക സാംസ്കാരിക മേഖലകളിലും വളർന്നവരെന്ന് മേനി നടിക്കുമ്പോൾ കൊലപാതക ആയുധ പരിശീലനവും വിജയകരമായി തുടരുന്നത് മറക്കരുത്. ആരാണ് ഈ ഗുണ്ടകളെ തീറ്റിപോറ്റുന്നത്? ഈ മത രാഷ്ട്രീയ ഗുണ്ടകളെ നേരിടാൻ കരുത്തുള്ള ഒരു പാർട്ടി ഭരിക്കുമ്പോൾ എന്തുകൊണ്ട് ഇവർ അഴിഞ്ഞാടുന്നു? നിരപരാധികളെ കൊന്നൊടുക്കുന്ന മതരാഷ്ട്രീയ ഭ്രാന്തന്മാരെ ഭീകരരായി മുദ്രകുത്തുകയാണ് വേണ്ടത്. സഹജീവികളെ സമഭാവനയോടെ കാണാൻ കഴിയാത്ത കാരണം ഇവർ ഇന്നും കാളവണ്ടിയുഗത്തിൽ ജീവിക്കുന്നതാണ്. തലച്ചോറിൽ പൂപ്പലും പായലും പിടിച്ച ഇവർ വർഗ്ഗിയ ബൂർഷ്വ മുതലാളിമാർ പണിതുയർത്തിയ ഏകാന്തതയുടെ തടവറയിൽ സുഖിച്ചും പൂജാദ്രവ്യങ്ങളിൽ ഉല്ലസിച്ചും ഭ്രാന്തന്മാരെപോലെ കയ്യിൽ കത്തിയുമായി ജീവിക്കുന്നു. കാലം പുരോഗതി പ്രാപിച്ചിട്ടും കൊറോണ ദൈവം ശിക്ഷിച്ചിട്ടും അവരുടെ മനസ്സിൽ ജാതി- മത- രാഷ്ട്രീയ അന്ധതയും വക്രതയുമാണുള്ളത്. സ്‌നേഹത്തിന്റ നീലാകാശം ഇവർ കണ്ടിട്ടില്ല. ആ നിലാവെളിച്ചത്തെ സ്വന്തമാക്കണമെങ്കിൽ നല്ല പുസ്തകങ്ങൾ വായിക്കണം. കേരള ജനതയുടെ മത മൈത്രിയും മനുഷ്യത്വവും വിവേകവും നഷ്ടപ്പെടുന്നുണ്ടോ?

ഇന്ത്യയിലും കേരളത്തിലും കുറെ മനുഷ്യരിൽ കാണുന്നത് ഏതെങ്കിലും ഒരു തത്വ ശാസ്ത്രത്തിൽ അല്ലെങ്കിൽ വിശ്വാസത്തിൽ അകപ്പെട്ടാൽ സ്വയം ചിന്തിക്കുന്നത് ആദർശവാദികൾ, ഈശ്വര വിശ്വാസികൾ എന്നൊക്കെയാണ്. ഇതെല്ലം തെളിയിക്കുന്നത് അറിവിന്റെ അല്പത്വമാണ്. അറിവുള്ളവർ ആഴത്തിൽ ചിന്തിക്കുന്നവരാണ്. അവർ അന്ധ വിശ്വാസികളല്ല. ആത്മാവിനെ അറിയുന്നവർക്ക് ഒരാളെ വേദനിപ്പിക്കാനോ കൊല്ലാനോ സാധിക്കില്ല. ജാതി മത കൊലപാതകങ്ങൾ ആത്മീയ ദുരന്തമാണ്. ഈ കൂട്ടർക്ക് ഈശ്വരൻ എന്ന വാക്ക് ഉച്ചരിക്കാൻ സാധിക്കുമോ? ഈ സാമൂഹ്യ വൈകൃതമുള്ളവരാണ് ഭീകരരും കൊലയാളികളുമായി മാറുന്നത്. ഇവരെ പരിശീലിപ്പിക്കുന്നവർക്കാണ് മാനസിക ചികിത്സ ആദ്യമായി കൊടുക്കേണ്ടത്. ഇങ്ങനെ കേരളത്തിലെ മത – രാഷ്ട്രീയ പ്രവർത്തകരിൽ പലരും അധികാരഭ്രാന്തിൽ മനോരോഗികളായി മാറുന്നുണ്ട്. ഇത്തരത്തിൽ രാഷ്ട്രീയ തിമിരം പിടിച്ചവരും കപട പുണ്യവാളന്മാരും കുടി ഊതിവീർപ്പിച്ചെടുക്കുന്ന ഈ പൈശാചിക ഗുണ്ടകളെ സർവ്വശക്തിയുമെടുത്തു തോൽപ്പിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണം. ഏത് രാഷ്ട്രീയ പാർട്ടിയായാലും കൊല്ലപ്പെടുന്നവന്റെ വീട്ടിൽ കണ്ണീരും വീർപ്പുമുട്ടലുകളുമാണ്. ഈ മൃഗീയ വേട്ടയിലുടെ ഒരു കുടുംബത്തെ തകർത്തെറിയുകയാണ്. ഈ കൊടും ക്രൂരത എത്രനാൾ കേരളം കണ്ടിരിക്കും? രാഷ്ട്രീയക്കാർക്ക് പിരിവ് കൊടുത്തില്ലെങ്കിൽ അവരെ അപകീർത്തിപ്പെടുത്തുക, വീടിന് കല്ലെറിയുക, വ്യക്തിഹത്യ നടത്തുക ഇതൊന്നും രാഷ്ട്രീയ പ്രവർത്തനമല്ല. അക്രമ വർഗ്ഗിയ രാഷ്ട്രീയമാണ്. മത രാഷ്ട്രീയ വർഗ്ഗിയ വിഢിത്വങ്ങൾ കേരളത്തിലെ ഓരോ വാർഡിലും നിലനിൽക്കുന്നു. ഇവരുടെയുള്ളിലെ മൃഗപ്രക്ർതിയെ തുറന്നുകാട്ടുന്നു. കൊലക്കത്തിക്ക് ഏറ്റവും കൂടുതൽ ഇരയായിട്ടുള്ളത് കേരളത്തിലെ പാവങ്ങളാണ്. ദാരിദ്യ്രവും പട്ടിണിയും നേരിടുന്നവരെ കൊല്ലുക കാടത്വമാണ്. കാലം നിങ്ങൾക്ക് മാപ്പ് തരില്ല. ഇന്നത്തെ സാമൂഹ്യ സംവിധാനം ലജ്ജയോ സങ്കോചമോയില്ലാതെ നിഷ്ടുരരും കഠോരചിത്തരുമാകുന്നതെന്താണ്?

മക്കളെ രാഷ്ട്രീയ പ്രവർത്തിന് വിടുന്നവർ കാക്കക്കൊപ്പം കഴുകനുണ്ടെന്നും തിരിച്ചറിയുക. കാക്കയെപോലെ കൂട്ടംകൂടി അലറിവിളിച്ചു് നടക്കുമ്പോൾ ഒപ്പം നടക്കുന്ന, പറന്നുവരുന്ന കഴുകൻ കൊത്തിവലിക്കുമെന്ന് ആർക്കുമറിയില്ല. അധികാര ലഹരിയിൽ കഴിയുന്നവർക്ക് ശ്മശാന മണ്ണും, ശവകുടിരങ്ങളും, ഒരു പിടി ചാമ്പലും ആവശ്യമാണ്. അധികാരത്തിലുള്ളവർ, ക്രുരത ചെയ്യുന്നവർ കണ്ണുനീർ വാർക്കുന്നില്ല. മഞ്ഞുതുള്ളികൾ പോലെ കണ്ണുനീർ വാർക്കുന്നത് ജീവൻ പോയവരുടെ ബന്ധുക്കളാണ്. ആ കണ്ണുനീരിന്റെയും ചുടുചോരയുടേയും ശിക്ഷ അവരുടെ തലമുറകൾ ഏറ്റുവാങ്ങുമെന്ന് അധികാരമെത്തയിൽ പൂത്തുലഞ്ഞു കിടക്കുന്നവർ തിരിച്ചറിയുന്നില്ല. ഭയാനകമായ കൊലപാതകങ്ങൾ കണ്ടിട്ടും മരവിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ പ്രതികരണശേഷി പ്രതിഷേധിക്കാൻ ഉപയോഗിക്കുക. കേരളത്തിലെ രാഷ്ട്രീയ വീരന്മാരുടെ, മത പുണ്യവാളന്മാരുടെ നാട്ടിൽ ആരും ജീവൻ ബലികഴിക്കാതിരിക്കട്ടെ.