ജേക്കബ് പ്ലാക്കൻ

ഒരതിരിൽ തിര തഴുകും തീരവും നൂപുരവും
എതിരതിരിൽ താരകൾ തഴുകും ശൃംഗഭംഗിയും
തെക്കൊരു തനി തങ്കതിരുത്തമിഴഴകും വടക്ക് സാഗര സംഗീത തീര്‍ഥവും മൊത്തുവസിപ്പൂ …

സര്‍വാംഗസുന്ദരി സസ്യശ്യാമളകോമളമാം കേരളം..
സുരശാഖികൾ തൊഴുതുനിൽക്കും ദേവഭൂമിയിതിൽ
അറബിക്കടലേറ്ററ്റുരുവിടും ഭൃഗുരാമമന്ത്രങ്ങൾ
ചിറകെട്ടി മഴയായി പൊഴിക്കുന്നുസഹ്യസാനുക്കളും

നിര നിന്നാടുന്നു നെല്ലോലവയലുകൾ… വയൽ
വരമ്പത്താർക്കുന്നു കറുകനാമ്പുകൾ തൊടികളിൽ ശൃംഗാരലീലയോലും തരുക്കളും കേരകന്യകൾ
ശീതളനീർകുടമേന്തിയലസംമിളകും ഗ്രാമ്യ ഭംഗീയും

ഹരിതംമഴക്‌ വിടർത്തും കാനന ചോലയും
ചാരു താരിൽ തേൻതുള്ളി പൂക്കും ലതമംഗള ഛായയും കണികണ്ടുണരാൻ കർണീകാരപൂക്കളും
ചിത്രശലഭങ്ങളാർക്കും വനികകളും പുഴകളും

ചിത്രകൂടങ്ങൾ വിഭ്രമിപ്പിക്കും കാവുകളും
കാവുണർത്തും തോറ്റങ്ങളും കരളിൽ കനവുണർത്തും വെണ്ണിലാവിൻ
ചിമിഴ്നുള്ളിലെ പവിഴ മൊഴി മലയാളവും …!

ഭവ്യഭക്താത്മാവാം തുഞ്ചന്റെ പഞ്ചവർണ്ണക്കിളി
ഭക്തിയാലോതൂം ഹരിനാമ കീർത്തനങ്ങളും …
ചിന്തയിൽ ചിരിച്ചേർത്തുതുള്ളും കുഞ്ചന്റെ
ചന്ദ്രികാമന്ത്രങ്ങളും …സ്ഫടികസമമല്ലോ തേൻ മൊഴിയാംമെൻ മലയാളവും …!

ശുദ്ധശീലർ കർഷകർ പാടും നാടൻ പാട്ടിൻ
ശീലുകളാലിളവേൾക്കും പാടങ്ങളും കളങ്ങളും
തൂലികതുമ്പുകൾ ചുരത്തും തുമ്പപ്പൂവക്ഷരങ്ങൾ തീർപ്പൂ തൂമ തൂകും തൂ മാനസഭാവ മലയാള ഭൂമി…!

ഭാരതപ്പുഴതൻ രണാങ്കണഗീതികളിരമ്പും
ഭാർഗവക്ഷേത്രമാം മണിഭൂഷണമീ നാട് ….!
ഭവം വെടിഞ്ഞാല്മാവ് അദ്വൈതം തേടും
ഭരതഭൂമിതൻ കാല്‍ത്താമരപ്പൂവെൻ കേരളം ..!

മഴവില്ലഴകിലെ നിറമേഴും വിടർത്തും ഭാവനയും
ഏഴുസ്വര രാഗതാള ലയങ്ങൾ തീർക്കും നാദവും ..
പവിത്രാക്ഷര ജ്യോതിസാംമെൻ മലയാളമെ …
നീ നിത്യം വാഴ്‌വിൻ മുടിചൂടി വാഴുക ഭൂഗോളംമാകെ ..!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814