ഹൂസ്റ്റണ്‍: ജീവിതത്തിലെ ഇരുള്‍ മൂടിയ ദിനങ്ങളിലാണ് ക്രിസ്തുവിനെ അറിഞ്ഞതെന്നും അന്നുമുതല്‍ ജീവിതത്തിലേക്ക് പ്രകാശം കടന്നുവന്നുവെന്നും ക്രിസ്റ്റീന മോഹിനി. ഹൂസ്റ്റണിലെ സീറോ മലബാര്‍ നാഷ്ണല്‍ കണ്‍വെന്‍ഷന്‍ വേദിയില്‍ തന്റെ ജീവിതസാക്ഷ്യം ആയിരങ്ങള്‍ക്ക് മുന്‍പില്‍ പങ്കുവെക്കുകയായിരിന്നു അവര്‍. ജീവിതക്ലേശങ്ങളിലും രോഗപീഡകളിലും മാനസിക അസ്വസ്ഥതകളിലുമെല്ലാം നമ്മെ താങ്ങിനിര്‍ത്താന്‍ സത്യദൈവമായ ക്രിസ്തുവിനല്ലാതെ മറ്റൊരു മരുന്നിനോ മന്ത്രത്തിനോ കഴിയില്ലായെന്ന് നടി തുറന്ന് പറഞ്ഞു.
ക്രിസ്തു കൂടെയുണ്ടെങ്കില്‍ ദുഷ്ടാരൂപികള്‍ക്ക് നമ്മെ കീഴടക്കാനോ നമ്മില്‍ ആവസിക്കാനോ കഴിയില്ല. ആദ്യ പ്രസവം കഴിഞ്ഞ ഇരുപത്തിനാലാം വയസു മുതല്‍ സ്‌പോണ്ടിലോസിസ് രോഗം പിടികൂടിയെന്നും തുടര്‍ന്ന് വിഷാദവും ഏകാന്തതയും ചേര്‍ന്ന് ജീവിതത്തെ വരിഞ്ഞുമുറുക്കിയെന്നും പഴയകാലത്തിന്റെ ഓര്‍മ്മകള്‍ താരം പങ്കുവച്ചു. അന്നത്തെ ദിനങ്ങളില്‍ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചിട്ടുണ്ട്. ആ ദിനങ്ങളിലാണ് ബൈബിളുമായി പരിചയത്തിലാകുന്നത്. തമിഴ് ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച മോഹിനിക്ക് ബൈബിളും ക്രിസ്തുവും പുതിയൊരു അത്ഭുതമായിരുന്നു.
ദിവ്യകാരുണ്യനാഥന്‍ വസിക്കുന്ന ദേവാലയത്തിലെ തിരുക്കര്‍മങ്ങളും പരിശുദ്ധമാതാവിന്റെ സാമീപ്യം നിറഞ്ഞുനില്‍ക്കുന്ന ജപമാല പ്രാര്‍ത്ഥനകളും സ്തുതിഗീതങ്ങളും ഹൃദയത്തിന് സമാധാനവും ശാന്തിയും നല്‍കിതുടങ്ങി. ബൈബിള്‍ വഴി ക്രിസ്തുവിലേക്കും അവിടെ നിന്ന് ദിവ്യകാരുണ്യാനുഭവത്തിലേക്കും ജീവിതം വഴി മാറി. ജപമാലയും ദൈവമാതൃസ്തുതികളും ജീവിതത്തിന്റെ ഭാഗമായി. പതുക്കെപതുക്കെ തന്നെപിടികൂടിയിരുന്ന വിഷാദത്തിന്റെയും രോഗത്തിന്റെയും ദു:ഖത്തിന്റെയും അരൂപികള്‍ വിട്ടുപോകുകയും ജീവിതം പ്രകാശമാനമാവുകയും ചെയ്തു. പരിശുദ്ധ അമ്മയിലൂടെയാണ് താന്‍ ഈശോയുടെ വഴിയിലെത്തിയതെന്നും മോഹിനി സാക്ഷ്യപ്പെടുത്തി. മുന്‍ചലച്ചിത്രതാരത്തിന്റെ ജീവിതസാക്ഷ്യം അത്ഭുതാദരവോടെയാണ് സദസ് കേട്ടിരുന്നത്. ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു ഒടുവില്‍ സത്യദൈവത്തെ തിരിച്ചറിഞ്ഞ മോഹിനി ഇന്ന് സുവിശേഷ പ്രഘോഷണ രംഗത്ത് സജീവമാണ്.
[ot-video][/ot-video]
Leave a Reply