മലയാള ഗസല്‍ഗാന ശാഖയിലെ അതുല്യപ്രതിഭ ഉമ്പായി അന്തരിച്ചു. കരളിലെ കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് നാലുമാസമായി ചികില്‍സയിലായിരുന്നു. അസുഖം ഗുരുതരമായതിനെത്തുടര്‍ന്ന് ആലുവയിലെ പാലിയേറ്റീവ് കെയര്‍ സെന്ററിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ അന്ത്യം വൈകിട്ട് നാലേമുക്കാലോടെയായിരുന്നു. ഭാര്യയും മൂന്നു മക്കളുമുണ്ട്.
ഗസല്‍ഗാന ശാഖയില്‍ മൗലികതയിലൂന്നി തന്റേതായ സ്ഥാനം കണ്ടെത്തിയ ആളായിരുന്നു പി.അബു ഇബ്രാഹിം എന്ന ഉമ്പായി. നോവല്‍ എന്ന സിനിമയ്ക്ക് എം.ജയചന്ദ്രനുമായിച്ചേര്‍ന്ന് സംഗീതം നല്‍കിയിട്ടുണ്ട്. ഒഎന്‍വി കുറുപ്പ് എഴുതിയ ഗാനങ്ങള്‍ക്ക് ഉമ്പായി ശബ്ദാവിഷ്കാരം നല്‍കിയ ആല്‍ബം ‘പാടുക സൈഗാള്‍ പാടുക’ ഏറെ ശ്രദ്ധ നേടിയിരുന്നു. കവി സച്ചിദാനന്ദനുമായിച്ചേര്‍ന്ന് അദ്ദേഹം ആല്‍ബം ഒരുക്കി. എം.ജയചന്ദ്രനോടൊത്ത് ‘നോവൽ’ എന്ന സിനിമയിൽ സംഗീത സംവിധാനം നിർവഹിച്ചു. ഗസല്‍ലോകത്ത് ഒട്ടേറെ ആസ്വാദകരാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മൃതദേഹം മട്ടാഞ്ചേരിക്ക് സമീപം കൂവപ്പാടത്ത് വീട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30 ന് ഫോര്‍ട്ട്കൊച്ചി കല്‍വത്തി ജുമാ മസ്ജിദില്‍
മലയാളി പരിചയിച്ച പല പാട്ടു ശിഖരങ്ങളില്‍ ഉമ്പായിയുടേത് മറ്റെവിടെയും കിട്ടാത്ത അനുഭവലോകമായിരുന്നു. ഗസലെന്ന പാട്ടുശാഖയെ മലയാളത്തില്‍ ജനകീയമാക്കിയ പ്രതിഭാധനന്‍. അതിനപ്പുറം, പാട്ടിനെ സ്നേഹിക്കുന്ന മലയാളിക്ക് ആനന്ദവും ആശ്വാസവും പകര്‍ന്ന ശബ്ദമായിരുന്നു അത്. നടന്നുതീര്‍ന്ന കയ്പനുഭവങ്ങള്‍ ഊടും പാവും നെയ്ത പാട്ടുകളുടെ ഉടമ.
പേര് ഇബ്രാഹിം. ജീവിതത്തിന്‍റെ കയ്പുനിറഞ്ഞ വഴികളില്‍ പല വേഷങ്ങള്‍. പഴയ ബോംബെയുടെ അധോലോകങ്ങളടക്കം കയറിയിറങ്ങിയ മനുഷ്യന് ജീവിതത്തെത്തന്നെ തിരികെപ്പിടിക്കലായിരുന്നു സംഗീതം.
അനുഭവങ്ങളുടെ കടല്‍ താണ്ടി പിന്നെ പിറന്ന കൊച്ചിയില്‍. മട്ടാഞ്ചേരിയും ഫോർട്ട്‌കൊച്ചിയും മെഹ്ബൂബുമൊക്കെയാണ് തന്നെ പണിതതെന്ന് നേരം കിട്ടുമ്പോഴൊക്കെ പറയുന്ന തനി നാടന്‍. പാട്ടിലും ആ നന്‍മയും ഊഷ്മളതയും സദാ കെടാതെ നിന്നു.
ഓഎന്‍വിക്കവിതകളെ ഗസലുകളുമായി ചേര്‍ത്തുകെട്ടി അന്നോളം കേള്‍ക്കാത്ത പരീക്ഷണങ്ങളിലേക്കും ഉമ്പായി മലയാളിയെ കൂടെക്കൂട്ടി.
എണ്ണമറ്റ ആല്‍ബങ്ങളിലൂടെ മലയാളിയുടെ യാത്രകളെയും ഏകാന്തതകളെയും ആഘോഷങ്ങളെയും ഈ പാട്ടുകാരന്‍ പുഷ്കലമാക്കി. പാട്ടിന്‍റെ വൈകുന്നേരങ്ങളിലേക്ക് എളിമ മുറ്റിയ ചിരി തൂകി സവിശേഷമായ വേഷവിധാനങ്ങളോടെ ഉമ്പായിക്ക എന്ന് അടുപ്പക്കാര്‍ വിളിച്ച സ്നേഹധനനായ മനുഷ്യന്‍ നടന്നെത്തി.
ഗസലിന്‍റെ സുല്‍ത്താനെന്ന വിളിപ്പേരില്‍ ഇനിയുമൊരുപാട് കാലം ആ പാട്ടുകള്‍ മലയാളി ജീവിതത്തിന് ഒപ്പമുണ്ടാകും. അപ്പോഴും ഉമ്പായിയെ കേട്ടു മതിയായില്ലെന്ന് കേട്ട ഓരോ കാതും മൊഴിയും. അത്രമേല്‍ ഹൃദ്യമായ ശബ്ദത്തോടെ പാടാന്‍, അത്രമേല്‍ നിഷ്കളങ്കതയോടെ പാട്ടിനുമുന്‍പിലിരുന്ന് ചിരിക്കാന്‍ ഇനി ഉമ്പായിക്കയില്ല.
Leave a Reply