അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാൻ പറഞ്ഞിട്ടും കേട്ടില്ലെങ്കിൽ എന്തുചെയ്യും? നാലു ചീത്ത പറഞ്ഞ് അവിടെയിരുത്തും. അതുതന്നെയാണിപ്പോൾ മലയാളികൾ ചെയ്തതും. കൊറോണവൈറസ് പടരുന്നതിനിടെ പരമാവധി വീട്ടിൽത്തന്നെ തുടരാൻ ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര–സംസ്ഥാന സർക്കാരുകൾ.
ഓരോരുത്തരും സുരക്ഷിത അകലം പാലിച്ച് കോവിഡിനെ പടരാതെ പരമാവധി തടയുകയാണു ലക്ഷ്യം. കേന്ദ്രസർക്കാർ ഞായറാഴ്ച ജനതാ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നു. കേരളം പൂർണ പിന്തുണയും നൽകിയിട്ടുണ്ട്. അതിനിടയിലാണ് കോവിഡ് സംശയിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടവരിൽ ചിലർ ‘ചാടിപ്പോയ’ വാർത്ത പുറത്തുവരുന്നത്.
മറ്റുള്ളവരുടെ ജീവൻവച്ചുള്ള ഈ ഞാണിന്മേൽ കളി കൈവിട്ടുപോകുമെന്ന അവസ്ഥയായതോടെയാണ് മലയാളികൾ സമൂഹമാധ്യമങ്ങളിൽ പുതിയൊരു തന്ത്രവുമായെത്തിയത്. വീട്ടിലിരിക്കാൻ ബുദ്ധിമുട്ടുള്ളവർക്കു നേരെ മലയാളി നടത്തിയ തനി നാടൻ പ്രയോഗം ട്വിറ്ററിൽ ടോപ് ട്രെൻഡാവുകയും ചെയ്തു– #വീട്ടിലിരിമൈ#$^&* എന്ന ഹാഷ്ടാഗാണ് ട്വിറ്ററിൽ ട്രെൻഡായത്. മലയാളത്തിലുള്ള ഒരു ഹാഷ്ടാഗ് ഇത്തരത്തിൽ ട്രെൻഡാകുന്നതും അപൂർവം.
ഇതെന്താണു സംഗതിയെന്നു സംശയം പ്രകടിപ്പിച്ച അയൽസംസ്ഥാനക്കാര്‍ക്കു മലയാളികൾതന്നെ അർഥം കണ്ടെത്താനുള്ള വഴി പറഞ്ഞുകൊടുത്തു– What is the word for ‘Hair’ in Tamil? എന്നു ഗൂഗിളിൽ ടൈപ് ചെയ്താല്‍ മതി. തമിഴിലും അതത്ര നല്ല വാക്കൊന്നുമല്ല, ചീത്തപറയാൻ തന്നെയാണ് പലയിടത്തും ഉപയോഗിക്കുന്നത്. എങ്കിലും സംഗതി പിടികിട്ടും.
സെലിബ്രിറ്റികൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് #വീട്ടിലിരിമൈ#&*&^% ഹാഷ്‌ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്തത്. ‘സാധാരണ ഞാനങ്ങനെ മോശം വാക്കുകളൊന്നും പറയാത്തതാണ്, പക്ഷേ ഇതൊരു നല്ല കാര്യത്തിനു വേണ്ടിയായതിനാൽ പറയുകയാണ്..’ എന്നായിരുന്നു ഒരു ട്വീറ്റ്. ട്രോളുകളും മീമുകളും വിഡിയോകളും ജിഫുകളും കോമഡി ഡയലോഗുകളുമൊക്കെ ചേർത്ത് ഹാഷ്‌ടാഗ് ട്വിറ്ററില്‍ കത്തിപ്പടരുകയാണ്. രാവിലെ തുടങ്ങി ഉച്ചയായപ്പോഴേക്കും 15,000ത്തിലേറെ ട്വീറ്റുകളാണ് ഈ ഹാഷ്‌ടാഗുകളോടെ ട്വിറ്ററിലെത്തിയത്.
കാസർകോട് നിരീക്ഷണത്തിലിരിക്കെ പുറത്തുപോയ വ്യക്തിയുടെ സമ്പർക്ക വിവരങ്ങൾ ഉച്ചയോടെ പുറത്തുവന്നതോടെ ആ വാർത്ത ചൂണ്ടിക്കാട്ടിയും ഹാഷ്‌ടാഗുകൾ നിറഞ്ഞു. #CoronaStopKarona എന്ന ഹിന്ദി ഹാഷ്‌ടാഗും ട്രെൻഡ് ലിസ്റ്റിലുണ്ട്. ട്വിറ്ററിൽ ശനിയാഴ്ച ട്രെൻഡ് ലിസ്റ്റിലെത്തിയ ഹാഷ്‌ടാഗുകളിലേറെയും കൊറോണയുമായി ബന്ധപ്പെട്ടതായിരുന്നു. #StayHomeStaySafe, #JantaCurfewMarch22, #SocialDistancing, #WarAgainstVirus, #BreakTheChain തുടങ്ങിയ ഹാഷ്‌ടാഗുകളുണ്ടെങ്കിലും കേരളത്തിൽ സൂപ്പർ ഹിറ്റായി #വീട്ടിലിരിമൈ#&*&^% തുടരുകയാണ്.
Leave a Reply