യുവനിർമാതാവ് ഷഫീർ സേട്ടിന്റെ വിടവാങ്ങലിന്റെ ഞെട്ടലിലാണ് മലയാള സിനിമാലോകം. കഴിഞ്ഞ ഇരുപത് വർഷത്തോളമായി സിനിമാമേഖലയില്‍ പ്രവർത്തിച്ചുവരുന്ന ഷഫീർ സേട്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിർമാണ ചുമതല വഹിച്ചിട്ടുണ്ട്.

മമ്മൂട്ടി ചിത്രം മാമാങ്കം, നാദിർഷയുടെ ‘മേരാ നാം ഷാജി’ തുടങ്ങി എട്ടോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി പേരാണ് ഷഫീറിനെ അനുസ്മരിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടിരിക്കുന്നത്. പ്രമുഖരുടെ കുറിപ്പുകൾ വായിക്കാം:

സംവിധായകൻ ഷൈജു അന്തിക്കാട്

മാർച്ച്‌ 24ന് വൈകീട്ട് ഷഫീർ എഫ്ബിയിൽ പോസ്റ്റ്‌ ചെയ്തതാണ് ഈ ഫോട്ടോ. തന്റെ മകന്റെ പിറന്നാൾ ആഘോഷം. Chottu’s 5th birthday celebration with my dreams; എന്ന കാപ്ഷനോടെ. ആ കുടുംബത്തിന്റെ ഈ ചിരിയാണ്, സ്വപ്നങ്ങളാണ് രണ്ട് ദിവസത്തിനുള്ളിൽ മാഞ്ഞു പോയത്. വിധി മായ്ച്ചുകളഞ്ഞത്.

എപ്പോഴും ചിരിച്ചുകൊണ്ട് കാണപ്പെടാറുള്ള ഷഫീറിന്റെ ഈ ചിരി മായുന്നത് സങ്കടകരമാണ്. ആ കുടുംബത്തിന്റെ ചിരി മായുന്നതും. ഈ പിറന്നാൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ആ കുഞ്ഞുമകൻ ഒരിക്കലും കരുതിക്കാണില്ല അടുത്ത പിറന്നാളിന് ഉപ്പ ഉണ്ടാവില്ലെന്ന്‌. ഇനി ഒരു പിറന്നാളിനും സമ്മാനങ്ങളുമായി ഉപ്പ വരില്ലെന്ന്. ആ കുഞ്ഞു മക്കളോട് ഒരൽപ്പം കരുണ കാണിക്കാമായിരുന്നു കാണാമറയത്തിരിക്കുന്ന ദൈവത്തിന്.

സിനിമ ഷഫീറിന് ജീവനും ജീവിതവുമായിരുന്നു. ജോഷി സാറിന്റെ സിനിമയുടെ ഷൂട്ടിങ്ങിൽ ആയിരുന്നു ഷഫീർ. ഷൂട്ടിന് പുറപ്പെടുമ്പോൾ ചിരിയോടെ, സന്തോഷത്തോടെ പുറപ്പെട്ട വീട്ടിലേക്ക് ചേതനയറ്റ ആ ശരീരം തിരിച്ചെത്തുമ്പോൾ അത് താങ്ങാനുള്ള ശക്തി… മനക്കരുത്ത്‌ ഷഫീറിന്റെ കുടുംബത്തിന് ദൈവം നൽകട്ടെ എന്ന് പ്രാർഥിക്കുന്നു. മരണം എപ്പോഴും നമ്മുടെ തൊട്ട്പിന്നിൽ നടക്കുന്ന സുഹൃത്താണ്. ചിലപ്പോൾ ആ സുഹൃത്ത്‌ മുൻപേ കയറി നടക്കും. ഇത് പക്ഷെ വളരെ മുൻപേ ആയിപ്പോയി, വളരെ വളരെ മുൻപേ. 44 വയസ് മരിക്കാനുള്ള വയസ്സായിരുന്നില്ല.

ഒരുപാട് സ്വപ്‌നങ്ങൾ ബാക്കി വെച്ചുകൊണ്ടാണ് ഷഫീർ മടങ്ങുന്നത്. കുടുംബത്തെക്കുറിച്ചുള്ള സ്വപ്നം, കുട്ടികളെക്കുറിച്ചുള്ളസ്വപ്നം, സിനിമയെക്കുറിച്ചുള്ള സ്വപ്നം, ജീവിതത്തെക്കുറിച്ചുള്ള സ്വപ്നം. എല്ലാം പാതി വഴിയിൽ ഉപേക്ഷിച്ചുകൊണ്ടുള്ള മടക്കം. ആ നല്ല സുഹൃത്തിന്റെ ആത്മാവിനു നിത്യശാന്തി നൽകാൻ പ്രാർത്ഥിക്കുന്നു.

മാലാ പാർവതി

വിശ്വസിക്കാനാവുന്നില്ല. ഷഫീർ സേട്ട് നമ്മളെ വിട്ട് പോയി എന്ന്. ഇന്നലെ വൈകുന്നേരവും തമാശ പറഞ്ഞ് പിരിഞ്ഞതാണ്. വെളുപ്പിന് 3.30ന് മരണം വന്ന് കൂട്ടി കൊണ്ട് പോയി. കൊടുങ്ങല്ലൂർ, ജോഷി സാറിന്റെ പടം കൺട്രോളർ ആണ്. ഇന്നലെ ഷൂട്ടിങിൽ അദ്ദേഹത്തിന്റെ രണ്ട് മക്കളും അഭിനയിച്ചിരുന്നു. ദിയ മൂന്നാം ക്ലാസ്സിലും ഇളയ മകൻ എൽകെജിയിലും. താങ്ങാനാവുന്നില്ല.

വേണു കുന്നപ്പിള്ളി (മാമാങ്കം നിർമാതാവ്)

ജീവിതയാത്രയിലെ നൊമ്പരമായി ഷഫീർ….നീ , മാമാങ്കത്തിന്റെ പ്രൊഡക്‌ഷനിലും സെക്കൻഡ് ഷെഡ്യൂളില്‍ അഭിനേതാവായും തിളക്കമാർന്ന ഓർമകൾ മാത്രം തന്ന് നമ്മളെയെല്ലാം വിട്ടുപോയി. പ്രിയപ്പെട്ടവനെ, ഞങ്ങളുടെ കണ്ണീരോടെയുള്ള ആദരാഞ്ജലിയും പ്രാർഥനയും.

വിനോദ് ഷൊർണൂർ

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രഭാത സവാരി കഴിഞ്ഞുള്ള ഞങ്ങളുടെ ക്രിക്കറ്റ് കളിയിൽ ഓരോരുത്തരും ബാറ്റു ചെയ്യുമ്പോഴും നല്ല ബൗളറായ സഫീർ ഭായിയുടെ മൂളിപറന്നു പോകുന്ന പന്തുകൾ തൊടാൻ പറ്റാതെ നിസ്സഹായമായി നിൽക്കുന്ന എന്നെ കണ്ട് ചിരിക്കുന്ന ആ മുഖം മറക്കാനേ പറ്റുന്നില്ല .. ഷഫീർ സേട്ടിനു ആദരാഞ്ജലികൾ

സംവിധായകൻ‌ വി സി അഭിലാഷിന്റെ കുറിപ്പ്.

ആളൊരുക്കം എന്ന സിനിമക്ക് ഒരു തടസ്സമായി വന്ന ഷഫീർ പിന്നീട് ഹൃദയത്തിൽ ചേക്കേറിയ കഥയാണ് അഭിലാഷ് പങ്കുവെക്കുന്നത്.

ജീവിതത്തിലൊരു തടസ്സമായി വന്ന് പിന്നീട് ജേഷ്ഠതുല്യനായി മാറിയ ആ ബന്ധത്തെക്കുറിച്ച് അഭിലാഷ് കുറിച്ചത് ഇങ്ങനെ:

ഷഫീറിക്ക ഇങ്ങനെ ഒന്നും പറയാതെ പോവുമ്പോൾ ഉള്ളിൽ ഒരു മരവിപ്പാണ് തോന്നുന്നത്. എന്റെ ജീവിതത്തിൽ ഒരിക്കലൊരു ‘തടസ’മായി വന്നയാളാണ്.പിന്നെ ജേഷ്ഠ തുല്യ സൗഹൃദത്തിലേറിയ വഴിമാറിയ ഹൃദയ ബന്ധം.

ആളൊരുക്കം ഷൂട്ടിങ് തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ഷഫീറിക്ക ആദ്യമായി എന്നെ വിളിക്കുന്നത്. പ്രധാന വേഷം ചെയ്യുന്ന ഇന്ദ്രൻസേട്ടന്റെ കുറേ ദിവസത്തെ ഡേറ്റുകൾ കമ്മാരസംഭവം എന്ന ചിത്രത്തിലേക്ക് നൽകണമെന്നാവശ്യപ്പെട്ടായിരുന്നു വിളി.

ഇന്ദ്രൻസേട്ടന്റെ ഡേറ്റുകൾക്കനുസരിച്ചാണ് ഞാൻ ചിത്രീകരണ തീയതികൾ തന്നെ മുൻകൂട്ടി തീരുമാനിച്ചതും. ഇപ്പോൾ ചിത്രീകരണം നടന്നില്ലെങ്കിൽ പിന്നെ ഇപ്പോഴൊന്നും അത് നടക്കില്ല എന്ന് എനിക്ക് ബോധ്യവുമുണ്ടായിരുന്നു. എന്റെ ‘NO’യ്ക്ക് മറുപടി നൽകാതെ ഈർഷ്യയോടെ അന്നദ്ദേഹം ഫോൺ വച്ചു.

പിന്നീട്, ആളൊരുക്കം പൂർത്തിയായി, ഇന്ദ്രൻസേട്ടന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ച ദിവസം മനോരമയിലെ പ്രിയപ്പെട്ട സുഹൃത്ത് വിവേക് മുഴക്കുന്ന് Vivek Muzhakkunnu വഴിയാണ് അറിയുന്നത്, ആ ലക്കം മനോരമ ആഴ്ചപ്പതിപ്പിൽ ഷഫീറിക്കയുടെ ഒരു ക്ഷമാപണ കുറിപ്പുണ്ടെന്നറിയുന്നത്. വിവേക് തന്നെയാണ് അത് തയ്യാറാക്കിയതും.

കമ്മാരസംഭവത്തിന് ഇന്ദ്രൻസേട്ടന്റെ ഡേറ്റ് വിട്ടുകൊടുത്തില്ലെന്ന കാരണത്താൽ ആളൊരുക്കം എന്ന സിനിമയ്‌ക്കെതിരെ അന്ന് തോന്നിയ വികാരാവേശത്തിന്റെ പേരിൽ ഇന്ന് മാപ്പു പറയുന്നു എന്നാണ് അദ്ദേഹം ആ കുറിപ്പിലൂടെ വിശദീകരിച്ചത്. ഇന്ദ്രൻസേട്ടന് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ സിനിമയെ തകർക്കണമെന്നാണല്ലൊ താനന്ന് ചിന്തിച്ചതെന്നും മറ്റും അദ്ദേഹം എഴുതിയിരുന്നു.

ഈ കുറിപ്പ് വായിച്ച് വിവേകിൽ നിന്ന് നമ്പർ സംഘടിപ്പിച്ച് ഞാൻ അദ്ദേഹത്തെ വിളിച്ചു. ആ വിളി ഞങ്ങളെ സുഹൃത്തുക്കളാക്കി. സ്വന്തം ജോലിയ്ക്ക് തടസമുണ്ടാവാതിരിക്കാൻ ഒരു പ്രൊഫഷണലിസ്റ്റ് ചെയ്യുന്നതേ ഷഫീറിക്കയും ചെയ്തുള്ളൂ എന്ന് ഞാൻ പറഞ്ഞതോടെ ഒരു വലിയ മഞ്ഞ് ഉരുകി ഇല്ലാതായി. ഒരിക്കൽ നേരിൽ കാണാമെന്നും ഒരു കെട്ടിപ്പിടിത്തത്തിലൂടെ അന്നത്തെ വിഷയം എന്നന്നേക്കുമായി മറക്കാമെന്നും ഞങ്ങൾ പറഞ്ഞു. പിന്നെയും ഇടയ്ക്കിടെ വിളിച്ചു.

പക്ഷേ ഞങ്ങൾ കണ്ടില്ല. അതിന് മുമ്പേ അദ്ദേഹം സ്ഥലം വിട്ടു.

പ്രിയപ്പെട്ട ഷഫീറിക്കാ, എന്റെ ഹൃദയാലിംഗനം കൊണ്ട് ഇന്ന് ഞാൻ നിങ്ങൾക്ക് യാത്രാമൊഴി നേരുന്നു.