മലയാളം മിഷൻ യുകെ ചാപ്റ്റർ- മലയാളം ഡ്രൈവിൽ ഇന്ന് (22 -11 -20) 5 പി എം ന് ബല്ലാത്ത പഹയൻ- വിനോദ് നാരായണന്റെ പ്രഭാഷണം ‘കടൽ കടന്നെത്തുന്ന മലയാളം’

മലയാളം മിഷൻ യുകെ ചാപ്റ്റർ- മലയാളം ഡ്രൈവിൽ ഇന്ന് (22 -11 -20) 5 പി എം ന് ബല്ലാത്ത പഹയൻ- വിനോദ് നാരായണന്റെ പ്രഭാഷണം ‘കടൽ കടന്നെത്തുന്ന മലയാളം’
November 22 13:18 2020 Print This Article

ഏബ്രഹാം കുര്യൻ

മലയാളം മിഷൻ യുകെ ചാപ്റ്റർ മലയാളഭാഷാ പ്രചാരണത്തിനായി നടത്തുന്ന മലയാളം ഡ്രൈവിന്റെ ഭാഗമായി ഇന്ന് (22 -11 -20) 5 പി എം ന് ബല്ലാത്ത പഹയൻ എന്നറിയപ്പെടുന്ന വിനോദ് നാരായണന്റെ പ്രഭാഷണമാണ് . ചിരിയും ചിന്തയും വിമർശനവുമായി സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് നാരായണൻ 2016 മുതൽ ബല്ലാത്ത പഹയൻ എന്ന പേരിൽ ആരംഭിച്ച വീഡിയോ ബ്ലോഗിലൂടെ ലക്ഷക്കണക്കിന് ആളുകളെയാണ് ആകർഷിച്ചിട്ടുള്ളത് . മലയാളഭാഷയിൽ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ വെട്ടിത്തുറന്ന പാതയിലൂടെ കോഴിക്കോടൻ ശൈലിയിലും ഉച്ചാരണത്തിലൂടെയും ശ്രോതാക്കളിൽ ഗൃഹാതുരത്വമുണർത്തുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ലക്ഷക്കണക്കിന് ആളുകളാണ് ശ്രവിക്കുന്നത്.

ചിരിയിലൂടെ ചിന്തയാണോ ചിന്തയിലൂടെ ചിരിയാണോ എന്ന് തിരിച്ചറിയാൻ പറ്റാതെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന വിനോദ് നാരായൺ കഴിഞ്ഞ 20 വർഷമായി അമേരിക്കയിലാണ് താമസിക്കുന്നത് . അമേരിക്കയിൽ കോർപ്പറേറ്റ് ലോകത്തിന്റെ ഭാഗമായി ജോലി നോക്കുമ്പോൾ തന്നെ കവി, ബ്ലോഗർ, പോഡോകാസ്റ്റർ, സ്വതന്ത്ര ഫിലിം മേക്കർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു. മലയാളികളെ നാണംകെട്ടവർ എന്നു വിളിച്ച അർണബ് ഗോസ്വാമിയോട് പ്രൊഫഷണൽ ലോകത്ത് കോട്ടും ടൈയും ഇട്ട് നിൽക്കുമ്പോൾ തന്നെ ഹൃദയത്തിൽ ഒരു മലയാളിയായി ലുങ്കിയുടുത്ത് നിൽക്കുന്നതിന് മലയാളിക്ക് മടിയും നാണവുമില്ലെന്ന് തന്റെ ബ്ലോഗിലൂടെ വിളിച്ചു പറഞ്ഞ വിനോദ് നാരായണൻ, കോട്ടും ടൈയും ഇട്ട് വന്ന് അർണബിനെ തേച്ചൊട്ടിച്ച് ലുങ്കി മടക്കിക്കുത്തിയാണ് മടങ്ങിയത് . ഈ നവംബർ മാസത്തിൽ ചെയ്ത ബ്ലോഗിലൂടെ അമേരിക്കയിലെ ഏതൊരു സാധാരണ മലയാളിയേയും പോലെ ട്രംപിന്റെ പരാജയത്തിൽ തുള്ളിച്ചാടാനാണ് തോന്നിയതെന്ന് പറഞ്ഞ് ട്രംപിനെ തുരുമ്പ് എന്ന് കളിയാക്കാനും മറന്നില്ല. വിനോദ് നാരായൺ കോഴിക്കോട് ചേവായൂർ സ്വദേശിയാണ്.

മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവി ദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി നൂറുദിന കർമ്മ പരിപാടികൾ ആണ് സംഘാടകർ വിഭാവനം ചെയ്തിരിക്കുന്നത് . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന പരിപാടികൾക്ക് വിവിധ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞ ഞായറാഴ്ച്ച പ്രശസ്ത കവയിത്രിയും ദളിത് ആക്ടിവിസ്റ്റുമായ എസ് മൃദുലാദേവി ‘പാളുവ’ ഭാഷയെക്കുറിച്ച് നടത്തിയ പ്രഭാഷണം ആയിരക്കണക്കിന് ആളുകളാണ് ശ്രവിച്ചത് .എല്ലാവർക്കും പ്രയോജനപ്രദമായ മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്.

ചിരിയും ചിന്തയും പ്രദാനം ചെയ്യുന്ന ‘കടൽ കടന്നെത്തുന്ന മലയാളം’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ബല്ലാത്ത പഹയന്റെ പ്രഭാഷണം എല്ലാ ഭാഷാസ്നേഹികളും ശ്രവിക്കണമെന്നും മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന നവ്യമായ ലൈവ് പ്രഭാഷണങ്ങളും ഭാഷാ ഉന്നമനത്തിനായി നടത്തുന്ന മുഴുവൻ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കണമെന്നും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും എല്ലാ ഭാഷാസ്നേഹികളോടും അഭ്യർത്ഥിക്കുന്നു.

മലയാളം ഡ്രൈവിന്റെ ഭാഗമായി നടത്തുന്ന പരിപാടികൾ തത്സമയം കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കുക

https://www.facebook.com/MAMIUKCHAPTER/live/

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles