മലയാളം മിഷന്‍ യുകെയിലേക്ക്; നോഡല്‍ ഏജന്‍സിയുടെ റോളില്‍ യുകെ പങ്കാളിത്തം കവന്‍ട്രി കേരള സ്‌കൂളിന്; മലയാളം മിഷന്‍ ഡയറക്ടര്‍ യുകെ സന്ദര്‍ശത്തിന് എത്തുന്നു

മലയാളം മിഷന്‍ യുകെയിലേക്ക്; നോഡല്‍ ഏജന്‍സിയുടെ റോളില്‍ യുകെ പങ്കാളിത്തം കവന്‍ട്രി കേരള സ്‌കൂളിന്; മലയാളം മിഷന്‍ ഡയറക്ടര്‍ യുകെ സന്ദര്‍ശത്തിന് എത്തുന്നു
August 13 07:54 2017 Print This Article

ലാലു സ്‌കറിയ

കോട്ടയം : ഏറെ വര്‍ഷങ്ങളായുള്ള യുകെ മലയാളികളുടെ സ്വപ്നം പൂവണിയിക്കാന്‍ കേരള സര്‍ക്കാര്‍ നടപടി തുടങ്ങി. സ്വന്തം ഭാഷയും സംസ്‌കാരവും മക്കളിലേക്കു പകരണം എന്നാശിക്കുന്ന യുകെ മലയാളികളുടെ സ്വപ്നത്തിനു നിറമണിയിച്ചു മലയാളം പഠന പദ്ധതി ഉടന്‍ ആരംഭിക്കാന്‍ തയ്യാറെടുക്കയാണ് നോര്‍ക്കയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍. ഇതിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായി യുകെയില്‍ മലയാളം പഠിപ്പിക്കുന്ന അസോസിയേഷനുകളെയും സംഘടനകളെയും കോര്‍ത്തിണക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ച കവന്‍ട്രി കേരള സ്‌കൂളിനെ തെരഞ്ഞെടുത്തതായി മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേകം താല്പര്യമെടുക്കുന്ന പദ്ധതി വേഗതയില്‍ മുന്നോട്ടുകൊണ്ട് പോകുന്നതിനു മലയാളം മിഷന്‍ ഡയറക്ടര്‍ ഒക്ടോബറില്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കും. അതിനു മുന്‍പായി യുകെ മലയാളികളുടെ മലയാള പഠന കേന്ദ്രങ്ങളെ കൂട്ടിയിണക്കാനുള്ള ശ്രമം കേരള സ്‌കൂള്‍ ഏറ്റെടുക്കുകയാണെന്നു ഗവേണിങ് ബോഡി ചെയര്മാന് ബീറ്റാജ് അഗസ്റ്റിന്‍, പ്രധാന അധ്യാപകന്‍ എബ്രഹാം കുര്യന്‍ എന്നിവര്‍ അറിയിച്ചു.

ഇതിന്റെ ഭാഗമായി ഇന്നലെ കോട്ടയത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ നടന്ന പരിശീലന കളരിയില്‍ കവന്‍ട്രി കേരള സ്‌കൂള്‍ ഗവേണിങ് ബോഡി അംഗങ്ങളായ ബീറ്റജ് അഗസ്റ്റിന്‍, ലാലു സ്‌കറിയ, ജിനു കുര്യാക്കോസ്, അയര്‍ലന്‍ഡ് പ്രധിനിധി ബസ്റജ് മാത്യു, യുക്മ പ്രസിഡന്റ്‌റ് മാമ്മന്‍ ഫിലിപ് എന്നിവര്‍ പങ്കാളികളായി. മലയാളം മിഷന്‍ പ്രോജക്ട് ഓഫീസര്‍ അജിലാല്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ ക്ളാസുകള്‍ക്കു നെത്ര്വതം നല്‍കി. മുഴു ദിന പരിശീലന പരിപാടിയില്‍ മേഖല കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട കവന്‍ട്രി കേരള സ്‌കൂളിന്റെ പ്രവര്‍ത്തന ഘടനയും മറ്റും വിശദമായ ചര്‍ച്ചയ്ക്കു കാരണമായി. ഏതാനും മാസങ്ങളായി കവന്‍ട്രി കേരള സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എബ്രഹാം കുര്യന്‍ മലയാളം മിഷനുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഇന്നലെ പരിശീലന കളരി സംഘടിപ്പിക്കാന്‍ സാധിച്ചത്. കേരള സ്‌കൂളിനെ യുകെ യിലെ നോഡല്‍ ഏജന്‍സിയായി തിരഞ്ഞെടുത്ത വിവരം കഴിഞ്ഞ ആഴ്ച തന്നെ മലയാളം മിഷന്‍ രേഖാമൂലം അറിയിച്ചിരുന്നു. വെറും മൂന്നു മാസത്തെ പ്രവര്‍ത്തനം വഴി കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയുടെ ഭാഗമാകാന്‍ കഴിയുന്നത് സ്വപ്ന തുല്യ നേട്ടമായി കവന്‍ട്രി കേരള സ്‌കൂള്‍ പ്രവര്‍ത്തക സമിതി വിലയിരുത്തി.

പഠനം പൂര്‍ത്തിയാക്കിയാല്‍ കേരള സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ്

വെറുതെ മലയാളം പഠിക്കുകയല്ല, ഗൗരവത്തോടെ മലയാളം പഠിക്കുകയാണ് പ്രവര്‍ത്തനം വഴി ലക്ഷ്യമിടുന്നതെന്ന് മലയാളം മിഷന്‍ വക്തമാക്കുന്നു. ഇതിനായി വളരെ ബൃഹത്തായ പാഠ്യ പദ്ധതി തന്നെയാണ് മലയാള മിഷന്‍ രൂപം നല്‍കിയിരിക്കുന്നത്. ഈ പാഠ്യ പദ്ധതികളെ നാലായി തിരിച്ചാണ് പഠനം മുന്നോട്ടു നീങ്ങുക. കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നുന്ന പേരുകളായ കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍, നീലക്കുറിഞ്ഞി എന്നിവയാണ് നാല് പ്രധാന പാഠ്യ പദ്ധതികള്‍. ഇവ നാലും പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് കേരള സര്‍ക്കാരിന്റെ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുകള്‍ മലയാളം മിഷന്‍ സമ്മാനിക്കും.

ഓരോ പാഠ്യ പദ്ധതിയിലും പ്രത്യേക പരീക്ഷ നടത്തിയാണ് കുട്ടികളെ മലയാള പഠനത്തിന് പ്രാപ്തരാക്കി മാറ്റുന്നതെന്നു ഇന്നലെ നടന്ന പരിശീലന പരിപാടിയില്‍ വക്തമാക്കപ്പെട്ടു. മൂന്നു ദിവസത്തെ പരിശീലനം ഒറ്റ ദിവസമാക്കി ചുരുക്കിയാണ് കവന്‍ട്രി കേരള സ്‌കൂളിന് വേണ്ടി മിഷന്‍ അവതരിപ്പിച്ചത്. ഈ പരിപാടിയില്‍ പങ്കെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് കേരള സ്‌കൂള്‍ ഗവേണിങ് അംഗങ്ങളായ ബീറ്റജ് അഗസ്റ്റിന്‍, ലാലു സ്‌കറിയ, ജിനു കുര്യാക്കോസ് എന്നിവര്‍ ഇപ്പോള്‍ കേരളത്തില്‍ എത്തിയിട്ടുള്ളത്. അയര്‍ലണ്ടില്‍ നിന്നും താല്‍പ്പര്യം പ്രകടിപ്പിച്ച മേഖല കേന്ദ്രത്തിനു വേണ്ടിയാണു ബസ്റജ് മാത്യു എത്തിയത്. യുകെ യില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ യുക്മയുടെ പൂര്‍ണ സഹകരണം ഉണ്ടാകുമെന്നു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മാമ്മന്‍ ഫിലിപ് കേരളം സ്‌കൂള്‍ കവന്‍ട്രി പ്രതിനിധികളെ അറിയിച്ചു.

മലയാളത്തെ മറക്കാതിരിക്കാം, പഠനം ലളിതമാക്കാം

മലയാളം കേട്ട് വളരാത്ത കുഞ്ഞുങ്ങളില്‍ അന്യഭാഷാ പഠനം എന്ന ഭീതി സൃഷ്ടിക്കാതെ ലളിതമായ ശൈലിയില്‍ മലയാളം പഠിപ്പിക്കുന്ന രീതിയാണ് മിഷന്റെ ലക്ഷ്യമെന്ന് ഡയറക്ടര്‍ സുജ സൂസന്‍ വക്തമാക്കുന്നു. കളിയും ചിരിയും പാട്ടും കഥയും ഒക്കെയായി മുന്നേറുന്ന മലയാള പഠനം ആറു വയസു മുതല്‍ മുകളിലേക്കുള്ള കുട്ടികള്‍ക്ക് വേണ്ടിയാണു വിഭാവനം ചെയ്തിരിക്കുന്നത്. രണ്ടു വര്ഷം കൊണ്ട് സര്‍ട്ടിഫിക്കറ്റു കോഴ്‌സ്, തുടര്‍ന്ന് രണ്ടു വര്ഷം കൊണ്ട് ഡിപ്ലോമ കോഴ്‌സ്, തുടര്‍ന്ന് മൂന്നു വര്ഷം കൊണ്ട് ഹയര്‍ ഡിപ്ലോമ കോഴ്‌സ്, തുടര്‍ന്നുള്ള മൂന്നു വര്ഷം സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സ് എന്ന മുറയ്ക്കാണ് മലയാളം പഠനം മുന്നേറുക. പത്തു വര്ഷം കൊണ്ട് പഠനം പൂര്‍ത്തിയാകുന്ന തരത്തിലുള്ള സമഗ്രമായ പദ്ധതിയാണ് മലയാളം മിഷന്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

ഓരോ സര്‍ക്കാരും നോര്‍ക്കയുടെ കീഴില്‍ ആവശ്യത്തിന് ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും കൃത്യമായ വീക്ഷണ കുറവില്‍ കാര്യമായി മുന്നേറാന്‍ വിഷമിച്ച മലയാളം മിഷന്റെ നിലവിലെ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജിന്റെ ആത്മാാര്‍ത്ഥതയും പദ്ധതിയോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പ്പര്യവും മൂലം മുന്നേറാന്‍ കുതിക്കുന്ന മിഷന്റെ പ്രവര്‍ത്തനം വിദേശ രാജ്യങ്ങളില്‍ വേര് പിടിച്ചാല്‍ പിന്നീട് ഒരു സര്‍ക്കാരിനും അതില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ഥ്യം. മലയാള പഠന കേന്ദ്രങ്ങള്‍ യഥാര്‍ത്ഥ സ്‌കൂളുകളെ പോലെ തന്നെ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ നടത്തിപ്പുകാര്‍ക്കും ഉത്തരവാദിത്തമേറുകയാണ്. സ്‌കൂള്‍ പ്രവര്‍ത്തനത്തിലും മിഷന്‍ പാഠ്യ പദ്ധതിയുടെ മുന്നേറ്റത്തിലും സര്‍ക്കാരിന്റെ കണ്ണ് ഉണ്ടാകുമെന്നു വെക്തം.

മേഖല കേന്ദ്രത്തിനും നിര്‍ണായക റോള്‍

യുകെയിലെ മേഖല കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട കവന്‍ട്രി കേരള സ്‌കൂളിന് നിര്‍ണായകമായ റോള്‍ ഉണ്ടെന്നു മലയാളം മിഷന്‍ വക്തമാക്കി. യുകെയിലെ മിഷന്റെ പ്രവര്‍ത്തനം കേരള സ്‌കൂള്‍ വഴിയാകും യുകെ മലയാളികളില്‍ എത്തുക. മേഖലാകേന്ദ്രം കോ ഓര്‍ഡിനേറ്റര്‍ ആയി നിയമിതനായ അബ്രഹാം കുര്യന് യുകെയിലെ മലയാള പഠന കേന്ദ്രങ്ങളെ മിഷനുമായി ബന്ധിപ്പിക്കുന്നതിനുള്ള ചുമതലയും ലഭിച്ചിട്ടുണ്ട്. വരും നാളുകളില്‍ മലയാള പഠനം നടക്കുന്ന കേന്ദ്രങ്ങളെ കണ്ടെത്തി മിഷനുമായി കൂട്ടിയിണക്കുക എന്ന ജോലിയാണ് മേഖലാകേന്ദ്രം നിര്‍വഹിക്കുക. ഇതിനായി മേഖലാകേന്ദ്രത്തിനു സഹായമാകുന്ന വിധം വിവിധ സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി നിര്‍വാഹക സമിതി രൂപീകരിക്കുന്ന കാര്യവും കേരള സ്‌കൂള്‍ പരിഗണിക്കുകയാണ്. നിര്‍വാഹക സമിതിക്കായി സമയം മാറ്റി വയ്ക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ മേഖല കേന്ദ്രം കോ ഓഡിനേറ്റര്‍ അബ്രഹാം കുര്യനെ ബന്ധപ്പെടണം.

ആകസ്മിക തുടക്കം, അവിചാരിത നേട്ടം

ഏതാനും സാമൂഹിക പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ വിരിഞ്ഞ ആശയമാണ് കവന്‍ട്രി കേരള സ്‌കൂള്‍ എന്ന പേരില്‍ യുകെ മലയാളികള്‍ക്ക് അഭിമാനമായി മാറുന്നത്. നൂറു കണക്കിന് മലയാളി കുടുംബങ്ങള്‍ ഉള്ള കവന്‍ട്രിയില്‍ പരീക്ഷണം എന്ന നിലയില്‍ കാര്യമായി ചര്‍ച്ച പോലും ചെയ്യാതെ 30 കുട്ടികള്‍ക്ക് വേണ്ടി ആരംഭിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ പ്രവേശന സമയത്തു തന്നെ കുട്ടികളുടെ എണ്ണം എഴുപത്തായും ക്ളാസുകള്‍ മൂന്നായും ഉയര്‍ത്തേണ്ടി വന്ന അനുഭമാണ് സ്‌കൂള്‍ പ്രവര്‍ത്തക സമിതി പങ്കിടുന്നത്. ഗവേണിങ് ബോഡി അംഗങ്ങളോടൊപ്പം പൂര്‍ണ സമയവും വളന്ററിയര്‍മാരായി സമീക്ഷ യുകെ ജോയിന്റ് സെക്രട്ടറി സ്വപ്‌ന പ്രവീണ്‍, വാര്‍വിക് കൗണ്‍സില്‍ ജീവനക്കാരന്‍ ഷിന്‍സണ്‍ മാത്യു എന്നിവര്‍ കൂടി ഫാക്കല്‍റ്റി അംഗങ്ങളായി സജ്ജരായതോടെ ടോപ് ഗിയറില്‍ കുതിക്കുകയാണ് കവന്‍ട്രി കേരള സ്‌കൂള്‍.

വെറും മൂന്നു മാസം കൊണ്ട് ആദ്യഘട്ട പരീക്ഷ നടത്തിയാണ് സമ്മര്‍ അവധിക്കായി സ്‌കൂള്‍ പിരിഞ്ഞിരിക്കുന്നതു. ആദ്യ പരീക്ഷയില്‍ 20 മുതല്‍ 92 ശതമാനം വരെ മാര്‍ക്ക് വാങ്ങിയാണ് കുട്ടികള്‍ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. വിരലില്‍ എണ്ണാവുന്ന കുട്ടികള്‍ മാത്രമാണ് പഠനവുമായി പൊരുത്തപ്പെടുവാന്‍ പ്രയാസപ്പെടുന്നതും, ക്ളാസുകള്‍ മിസ്സാക്കിയതാണ് ഇതിനു കാരണമെന്നും സ്‌കൂള്‍ കൗണ്‍സില്‍ നടത്തിയ നിരീക്ഷണത്തില്‍ വക്തമായിട്ടുണ്ട്. ഇക്കാര്യം സ്‌കൂള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് ആയി തയ്യാറാക്കി ഉടന്‍ മാതാപിതാക്കള്‍ക്ക് എത്തിക്കാന്‍ ഉള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. മൂന്നു മാസം കൊണ്ട് കുട്ടികള്‍ മലയാളം എഴുതാനും ചോദ്യങ്ങള്‍ക്കു വാക്കുകളില്‍ ഉത്തരം പറയാനും ചെറു കവിതകള്‍ ചൊല്ലാനും പഠിച്ച അനുഭവം ഏറെ പ്രചോദനമായി മാറുകയാണ്. കവന്‍ട്രി സ്‌കൂള്‍ പ്രവര്‍ത്തനത്തില്‍ അമ്മമാരുടെ സേവനമാണ് ഏറെ നിരനായകമായി മാറുന്നത്. ഓരോ ക്ളാസിലും മാതാപിതാക്കളുടെ നിര്ബന്ധ പങ്കാളിത്തം സ്‌കൂള്‍ പ്രവര്‍ത്തനത്തിന് ഏറെ സഹായകമായി മാറുന്നുണ്ടെന്നു അധ്യാപകര്‍ വക്തമാക്കുന്നു.

സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഏറെ ഊര്‍ജ്ജം പങ്കു വച്ചിട്ടുള്ള ബീറ്റജ് അഗസ്റ്റിന്‍, കെ ആര്‍ ഷൈജുമോന്‍, എബ്രഹാം കുര്യന്‍, ലാലു സ്‌കറിയ, ഷൈജി ജേക്കബ്, ജിനു കുര്യാക്കോസ്, ഹരീഷ് നായര്‍ എന്നിവരാണ് സ്‌കൂള്‍ പ്രവര്‍ത്തനത്തിന് നെത്ര്വതം നല്‍കുന്നത്.
മലയാളം മിഷന്‍ മേഖല കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട കവന്‍ട്രി കേരള സ്‌കൂളുമായി ബന്ധപ്പെടുവാന്‍

keralaschoolcoventry@gmail.com / abhraham kurien 07 8 8 2791150

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles