സിനിമകളുടെ ഡിജിറ്റല്‍ റിലീസില്‍ തിയറ്ററുകള്‍ക്ക് ഇനി ആശങ്കയില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. നിയന്ത്രണങ്ങളോടെ പുതിയ സിനിമകള്‍ തുടങ്ങുക പ്രായോഗികമല്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു

നിയന്ത്രണങ്ങളോടെ സിനിമാ ചിത്രീകരണവും തിയറ്ററുകള്‍ തുറക്കുന്ന കാര്യവും ചര്‍ച്ചയാകുന്നുണ്ടോ?

പുതിയ സിനിമകള്‍ തുടങ്ങുന്ന കാര്യം സമീപ മാസങ്ങളിലൊന്നും ചിന്തിക്കാനാകില്ല. പകുതി പൂര്‍ത്തിയായതും എണ്‍പത് ശതമാനത്തോളം പണികള്‍ തീര്‍ന്നതുമായ ചിത്രങ്ങളും മിനുക്കുപണികള്‍ മാത്രം നടത്തിയാല്‍ റിലീസ് ചെയ്യാനാകുന്നതുമായ സിനിമകളും ഉണ്ട്. ഈ സിനിമകള്‍ പൂര്‍ത്തിയാകുന്ന കാര്യമാണ് ഇപ്പോഴെല്ലാവരും ആലോചിക്കുന്നത്. അപ്പോഴും തിയറ്ററുകള്‍ എന്ന് തുറക്കാനാകുമെന്ന് ഉറപ്പാക്കാതെ കൂടുതല്‍ സിനിമകളും പൂര്‍ത്തിയാക്കുന്ന കാര്യം നിര്‍മ്മാതാക്കള്‍ക്ക് ആലോചിക്കാനാകില്ല. മലയാള സിനിമകള്‍ ഇപ്പോള്‍ ദുബായില്‍ റീ റീലീസ് ചെയ്തല്ലോ എന്താണ് സംഭവിച്ചത്. അഞ്ചോ പത്തോ ആളുകളാണ് ഓരോ ഷോയ്ക്കും വന്നത്. സിനിമ റിലീസ് ചെയ്യാനാകുന്ന സാഹചര്യമില്ലാതെ നിര്‍മ്മാതാക്കള്‍ സിനിമ പൂര്‍ത്തിയാക്കുന്ന കാര്യം ആലോചിക്കുമോ, വിപണിയില്ലാതെ ഇപ്പോള്‍ പണം മുടക്കാന്‍ ആരാണ് തയ്യാറാവുക. 90 ശതമാനം ആളുകളും ഫൈനാന്‍സിയേഴ്‌സില്‍ നിന്ന് പണം പലിശക്കെടുക്കുന്നവരാണ്. തിയറ്ററുകള്‍ ഓപ്പണ്‍ ആകാതെ നിര്‍മ്മാതാക്കള്‍ക്ക് പണം ആരെങ്കിലും കൊടുക്കുമോ?. മുന്‍നിര താരങ്ങള്‍ ആരെങ്കിലും ഷൂട്ടിംഗിന് തയ്യാറാകുമോ. കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെ ചിത്രീകരണത്തിന് അനുമതി കിട്ടിയാലും പ്രധാന താരങ്ങള്‍ ഉള്‍പ്പെടെ എത്തുമെന്ന് തോന്നുന്നില്ല. അത് പ്രായോഗികവുമല്ല.

ഈ ഘട്ടത്തില്‍ ആശ്വാസകരമായ ഏക മാര്‍ഗ്ഗം ഡിജിറ്റല്‍ റിലീസ് അല്ലേ, കുറച്ച് സിനിമകളെങ്കിലും ഒടിടി റിലീസ് നടത്തിയാല്‍ കെട്ടിക്കിടക്കുന്ന സിനിമകള്‍ കുറയും, കുറേ നിര്‍മ്മാതാക്കള്‍ക്കെങ്കിലും സാമ്പത്തികമായി അത് ആശ്വാസമാകും, അതിനെ തിയറ്ററുടമകള്‍ എതിര്‍ക്കേണ്ടതുണ്ടോ?

ഒ.ടി.ടി ത്രൂ റിലീസുകളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍ ഒരു തരത്തിലും പേടിയില്ല. തിയറ്ററുകളില്‍ റിലീസ് വേണ്ടെന്ന് തീരുമാനിക്കുന്നവര്‍ അത്തരം പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യട്ടേ. പക്ഷേ തിയറ്ററുകളിലും ഓണ്‍ലൈനിലും ഒരേ സമയം റിലീസിനോടാണ് ഞങ്ങളുടെ എതിര്‍പ്പ്. ഡിജിറ്റല്‍ റിലീസിന് കൊടുക്കുന്നവര്‍ കൊടുക്കട്ടേ എന്നാണ് ചിന്തിക്കുന്നത്. മലയാളത്തില്‍ നിന്ന് 2 കോടിക്ക് മുകളില്‍ ചെലവ് വരുന്ന സിനിമകളൊന്നും ആമസോണോ, നെറ്റ്ഫ്‌ളിക്‌സോ ഉള്‍പ്പെടെ വാങ്ങുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു മുന്‍നിര സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലെ ഉയര്‍ന്ന പ്രതിനിധിയുമായി സംസാരിച്ചപ്പോള്‍ പറഞ്ഞത് ‘നിങ്ങള്‍ തിയറ്ററുകള്‍ ടെന്‍ഷന്‍ അടിക്കേണ്ട വമ്പന്‍ പടങ്ങളൊന്നും ഞങ്ങള്‍ വാങ്ങാന്‍ പോകുന്നില്ല’ എന്നാണ്. ഒടിടി റിലീസ് എന്നത് കുറച്ച് പേരുടെ സമ്മര്‍ദ്ദം കൂടിയാണെന്നാണ് മനസിലാക്കുന്നത്.

ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമുകള്‍ക്ക് മലയാളം ചെറിയ മാര്‍ക്കറ്റ് ആണ്. വേള്‍ഡ് റിലീസിംഗിലൂടെയാണ് ഒടിടി പ്ലാറ്റ്‌ഫോം ലാഭമുണ്ടാക്കുന്നത്. ബോളിവുഡോ, തമിഴോ, തെലുങ്കോ പോലെ വലിയൊരു ഓഡിയന്‍സിന് കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും അവര്‍ക്ക് കിട്ടില്ല. മലയാളം പടമാകുമ്പോള്‍ കേരളം വിട്ടാല്‍ ഒരു കുട്ടി കാണാനുണ്ടാകില്ല. അതല്ലാത്ത സിനിമകള്‍ തിയറ്ററുകളുടേത് പോലെ ചില എഗ്രിമെന്റിലാണ് വാങ്ങുന്നത്. കാണുന്ന ആളുകളുടെ എണ്ണത്തിന് അനുസരിച്ച് ലാഭവിഹിതം എന്ന രീതിയിലൊക്കെ. ഞങ്ങള്‍ തിയറ്ററുകള്‍ നല്‍കുന്ന 60-40 അനുപാതത്തിലുള്ള ധാരണ പോലെ സുതാര്യമായി ഈ പ്ലാറ്റ്‌ഫോം നല്‍കുമെന്ന് കരുതുന്നുണ്ടോ. ഒരു മലയാള സിനിമ ലാഭം കണ്ടെത്തുന്നത് കേരളത്തിലെ തിയറ്റര്‍ റിലീസ്, ഗള്‍ഫ് റിലീസ്, മറ്റ് രാജ്യങ്ങളിലെ വിതരാണവകാശം, സാറ്റലൈറ്റ് അവകാശം, ഡിജിറ്റല്‍ സ്ട്രീമിംഗ് റൈറ്റ്‌സ് ഉള്‍പ്പെടെ നല്‍കിയാണ്. ബാക്കിയുള്ള എല്ലാ വിപണിയും നിര്‍ജീവമായതിനാല്‍ ഒടിടി അവകാശം നല്‍കിയാല്‍ തന്നെ ചെറിയൊരു ശതമാനം പണമല്ലേ തിരിച്ചുകിട്ടുന്നുള്ളൂ.

ചുരുക്കത്തില്‍ ഡിജിറ്റല്‍ റിലീസിനെ എതിര്‍ക്കേണ്ട എന്നാണ് തീരുമാനം

എതിര്‍പ്പുണ്ട്. അത് തിയറ്ററുകള്‍ക്ക് ഭീഷണിയാകുന്ന വിധത്തില്‍ ഒരേ സമയം റിലീസ് ചെയ്യുന്നതിലാണ്. അല്ലെങ്കില്‍ തിയറ്ററുകളില്‍ ഓടുന്ന സമയത്ത് തന്നെ ഈ പ്ലാറ്റ്‌ഫോമില്‍ വരുന്നതിനോടും എതിര്‍പ്പുണ്ട്. പക്ഷേ തിയറ്ററില്‍ റിലീസ് ചെയ്ത ശേഷം സിനിമ വാങ്ങുന്ന രീതിയിലേക്കാണ് ഒടിടി കമ്പനികളും പോവാന്‍ സാധ്യത. മലയാളം സിനിമക്ക് ഏറ്റവും കുറഞ്ഞ ബജറ്റ് ആണ് അവര്‍ മാറ്റിവച്ചിരിക്കുന്നത്. ആമസോണിനോ നെറ്റ്ഫ്‌ളിക്‌സിനോ വേണ്ടി ലോ ബജറ്റില്‍ ഒരു സിനിമ നിര്‍മ്മിച്ച് തിയറ്റര്‍ വേണ്ടെന്ന് വച്ചാല്‍ അവര്‍ എടുക്കുമായിരിക്കും, അങ്ങനെ സിനിമകള്‍ വന്നോട്ടെ. ഞങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല. മമ്മൂട്ടിയോ മോഹന്‍ലാലോ മുതല്‍ ഫഹദോ, ടൊവിനോ പോലുള്ള താരങ്ങള്‍ ഇത്തരം സിനിമകള്‍ ചെയ്യുമോ?, ഇല്ലെന്നാണ് എന്റെ വിശ്വാസം. തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന സിനിമ ഒരാഴ്ചക്കുള്ളില്‍ ഈ പ്ലാറ്റ്‌ഫോമുകളില്‍ വന്നാല്‍ ഞങ്ങള്‍ക്ക് ഭീഷണിയാണ്. നേരത്തെ ചാനലുകളില്‍ സിനിമ കാണിക്കുന്ന കാര്യത്തില്‍ ഇത്ര ദിവസത്തിന് ശേഷമെന്ന ധാരണ വേണമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അതേ നിലപാടാണ് ഡിജിറ്റല്‍ റിലീസിന്റെ കാര്യത്തിലും.

വിഷുവിന് തിയറ്ററുകള്‍ തുറക്കാമെന്ന് പ്രതീക്ഷിച്ചിടത്ത് നിന്ന് പെരുന്നാളും കടന്നു പോയി, ഓണം റിലീസും ഈ ഘട്ടത്തില്‍ പ്രയാസകരമല്ലേ്?

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇപ്പോള്‍ അങ്ങനെ ഒരു ഉറപ്പുമില്ല. വേഗത്തില്‍ തിയറ്ററുകള്‍ തുറക്കണമെന്ന് നമ്മളും ഈ അവസരത്തില്‍ ചിന്തിക്കരുതല്ലോ. കൊവിഡ് ഭീതി നമ്മളെ വിട്ടൊഴിയാതെ അതൊന്നും ഇനി എളുപ്പമല്ല. ് തിയറ്ററുകള്‍ തുറക്കാന്‍ ഗവണ്‍മെന്റ് അനുമതി നല്‍കിയാലും പ്രേക്ഷകര്‍ വന്ന് തുടങ്ങണമല്ലോ.

മള്‍ട്ടിപ്ലെക്‌സ് കമ്പനികള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ച പ്രപ്പോസലുകളെ കുറിച്ച് കേട്ടിരുന്നു, നിയന്ത്രണങ്ങളോടെ നാല്‍പ്പത് ശതമാനം പ്രേക്ഷകരെ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള റിലീസ് തുടങ്ങി ഗൈഡ്‌ലൈനുകള്‍?

അതൊന്നും കേരളത്തിലെ തിയറ്ററുകളില്‍ വര്‍ക്ക് ഔട്ട് ആകില്ല. ഏത് പ്രൊഡ്യൂസര്‍ ഇത് പോലൊരു വ്യവസ്ഥയില്‍ റിലീസിന് പടം കൊടുക്കും. തരക്കേടില്ലാത്ത ഒരു സിനിമ റിലീസ് ചെയ്താല്‍ മാത്രമേ തിയറ്ററുകളിലേക്ക് ആളുകള്‍ തിരിച്ചെത്തൂ.

ഇനി സിനിമ പുനരാരംഭിക്കുമ്പോള്‍ മലയാളത്തിലെ സിനിമകളുടെ ബജറ്റിലും പ്രതിഫലത്തിലും ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഉണ്ടാകുമോ?

ഏഴ് കോടിക്ക് താഴെയുള്ള സിനിമകള്‍ മാത്രമേ കുറച്ച് കാലത്തേക്ക് നമ്മുക്ക് ആലോചിക്കാനാകൂ എന്നാണ് തോന്നുന്നത്. താരങ്ങളുടെ പ്രതിഫലം കുറക്കുന്ന കാര്യമൊന്നും പ്രായോഗികമല്ല. ഫെഫ്കയ്ക്ക് കീഴിലുള്ള സാങ്കേതിക പ്രവര്‍ത്തകരുടെ പ്രതിഫലത്തില്‍ കുറവ് വരുത്തുന്ന കാര്യം ചിലപ്പോള്‍ നടക്കുമായിരിക്കും. ടെക്‌നീഷ്യന്‍സ് ചിലപ്പോള്‍ അതിന് തയ്യാറാകുമായിരിക്കും. പക്ഷേ താരങ്ങള്‍ എത്രത്തോളം തയ്യാറാകുമെന്ന് സംശയമുണ്ട്. താരങ്ങള്‍ ആവശ്യപ്പെടുന്ന പ്രതിഫലം തരാം ഡേറ്റ് കിട്ടിയാല്‍ മതിയെന്ന് ചിന്തിക്കുന്നവരാണ് നിര്‍മ്മാതാക്കള്‍. സിനിമാ വിപണി താരങ്ങളെ കേന്ദ്രീകരിച്ചല്ലേ. ഒരു സൂപ്പര്‍താരത്തിന്റെ ഡേറ്റ് കിട്ടാന്‍ മറ്റുള്ളവരുടെ പ്രതിഫലങ്ങള്‍ കുറക്കാനാണ് നിര്‍മ്മാതാവും നോക്കുക. ഞാനൊരു നിര്‍മ്മാതാവ് കൂടിയാണ്, മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയാല്‍ അദ്ദേഹം ചോദിക്കുന്ന പ്രതിഫലം നല്‍കാന്‍ ഞാന്‍ തയ്യാറാകും. മമ്മൂട്ടിയാണെങ്കിലും അങ്ങനെ.

താരങ്ങള്‍ കുറക്കാമെന്ന് തീരുമാനിച്ചാല്‍ തന്നെ നിര്‍മ്മാതാക്കള്‍ കൂടുതല്‍ തരാം ഡേറ്റ് വേണം എന്ന മത്സരത്തില്‍ നിന്ന് മാറി നില്‍ക്കുമോ. കേരളത്തില്‍ തന്നെയല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ പ്രതിഫലം വെട്ടിക്കുറക്കല്‍ പ്രായോഗികമാകുമെന്ന് തോന്നുന്നില്ല. കൊവിഡ് കാലത്തല്ല പല കാലങ്ങളിലും പ്രതിഫലം കുറക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടുണ്ട്. പക്ഷേ ആരെങ്കിലും ഒരാള്‍ ചോദിക്കുന്ന പ്രതിഫലം കൊടുത്ത് ആ ചര്‍ച്ച തന്നെ അട്ടിമറിക്കും. മൂന്ന് മാസം ഇടവേളയായതിനാല്‍ പ്രതിഫലം കൂട്ടുന്ന കാര്യത്തിലായിരിക്കും ചിലപ്പോള്‍ താരങ്ങളും ആലോചിക്കുന്നുണ്ടാവുക.

വലിയ റിസ്‌ക് നിര്‍മ്മാതാക്കളുടേതായിരിക്കുമല്ലോ, അനിശ്ചിതാവസ്ഥ തുടരുന്ന വിപണിയിലേക്കാണ് പൂര്‍ത്തിയായ സിനിമയുമായും, തുടങ്ങാനിരിക്കുന്ന സിനിമയുമായും വരേണ്ടത്?

മലയാളത്തിലെ പ്രധാനപ്പെട്ട എല്ലാ താരങ്ങള്‍ക്കും സ്വന്തം നിര്‍മ്മാണ കമ്പനിയോ വിതരണ കമ്പനിയോ ഉണ്ട്. അവര്‍ക്ക് ഞങ്ങളെ പോലുള്ള നിര്‍മ്മാതാക്കള്‍ വേണമെന്ന് നിര്‍ബന്ധമില്ല. താരങ്ങളുടെ നിര്‍മ്മാണ പങ്കാളിത്തമുള്ളതോ, അവര്‍ തന്നെ നിര്‍മ്മിക്കുന്നതോ ആയ സിനിമകളാവും ഇനി കൂടുതലും വരാനിരിക്കുന്നത്. ചെലവ് നിയന്ത്രിക്കുന്നിടത്തും പ്രതിഫലത്തില്‍ കുറവ് വരുത്തുന്നിടത്തുമാണ് മലയാള സിനിമക്ക് ഭാവിയുള്ളത്. ആറോ ഏഴോ മാസം കൊണ്ട് പഴയ പ്രതിഫലത്തിലേക്കും പഴയ ബജറ്റിലേക്കും വരാന്‍ സാധിക്കുമായിരിക്കും. സര്‍ക്കാര്‍ ചെയ്ത് തരേണ്ട കാര്യങ്ങളുണ്ട്. ജിഎസ്ടിയും അല്ലാത്ത ടാക്‌സും താല്‍ക്കാലികമായി നിര്‍ത്തിവെക്കണം. പക്ഷേ അതൊന്നും സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് തോന്നുന്നു. ചാനലുകളൊന്നും പഴയ പോലെ സിനിമ എടുക്കുന്നില്ല. അവര്‍ക്ക് പരസ്യവരുമാനം കുത്തനെ കുറഞ്ഞു. ലോക്ക് ഡൗണിന് ശേഷം ചാനലുകള്‍ നല്‍കിയ അഡ്വാന്‍സ് കാന്‍സല്‍ ചെയ്ത സംഭവം വരെയുണ്ട്. പിന്നെ കൊവിഡ് ഭീതിയൊഴിഞ്ഞാല്‍ തന്നെ ആളുകള്‍ വലിയ തോതില്‍ വരണമെങ്കില്‍ മരക്കാര്‍ പോലൊരു പടം റിലീസ് ചെയ്യണം. പക്ഷേ അവര്‍ക്ക് ആ പടം റിലീസ് ചെയ്യണമെങ്കില്‍ വേള്‍ഡ് മാര്‍ക്ക് സാധാരണ നിലയിലാകണം.